| Sunday, 21st November 2021, 6:26 pm

രാഷ്ട്രീയ നേട്ടത്തിന് വേണ്ടി കര്‍ഷകനേതാക്കളെ അപഹസിക്കരുത്

ദിപിന്‍ മാനന്തവാടി

ആളുകളുടെ ഓര്‍മകളെയും ചരിത്രബോധത്തെയും പരിഹസിക്കുന്ന വിധത്തിലുള്ള കഴമ്പില്ലാത്ത വാചാടോപങ്ങള്‍ (Rhetoric) ലക്ഷണമൊത്ത വലതുപക്ഷ യുക്തിയാണ്.

ചാനല്‍ മുറികളില്‍ പരുവപ്പെട്ട യുവനേതാക്കള്‍ തുടര്‍ച്ചയായി കഴമ്പില്ലാത്ത വാചാടോപങ്ങളുടെ ഉപാസകരാകുന്നത് വലതുപക്ഷത്തിന്റെ രാഷ്ട്രീയ അപചയത്തിന്റെ സൂചനയാണ്.

കേന്ദ്രസര്‍ക്കാരിന്റെ വിവാദമായ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകരെ അണിനിരത്തി സമരം സംഘടിപ്പിച്ചതും സമരം നയിച്ചതും വിവിധഘട്ടങ്ങളില്‍ കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ചകള്‍ നടത്തിയതും കര്‍ഷകസംഘടനകള്‍ ചേരുന്ന സമരസംഘാടകരുടെ കൂട്ടായ്മയാണ് എന്ന യാഥാര്‍ത്ഥ്യത്തെ ആര്‍ക്കും ഹൈജാക്ക് ചെയ്യാന്‍ കഴിയില്ല.

കേന്ദ്രസര്‍ക്കാരിനെ മുട്ടുകുത്തിച്ച കര്‍ഷകസമരം ആസൂത്രണം ചെയ്തതും അതിന്റെ വിവിധഘട്ടങ്ങളിലെ സമരരൂപം എന്തായിരിക്കണം എന്ന് തീരുമാനിച്ചതും അത് വിജയകരമായി നടപ്പിലാക്കയതുമെല്ലാം ഈ കര്‍ഷകസംഘടനകളുടെ നേതൃത്വത്തിലുള്ള സമരസമിതി മാത്രമായിരുന്നു.

വ്യത്യസ്തമായ ജാതി-മത സ്വത്വങ്ങളുള്ള കര്‍ഷകര്‍ കഴിഞ്ഞ കാലങ്ങളില്‍ ഐക്യപ്പെട്ട് അവരുടെ ജീവിതദുരന്തങ്ങളുടെ പേരില്‍ സംഘടിക്കാതെ പോയത് അവര്‍ക്കിടയില്‍ നിലനില്‍ക്കുന്ന സാമ്പത്തിക-സാമൂഹ്യ വൈരുദ്ധ്യങ്ങളുടെ കൂടി അടിസ്ഥാനത്തിലായിരുന്നു.

ചെറുതും വലുതുമായ വൈരുദ്ധ്യങ്ങളുടെ പേരില്‍ കംപാര്‍ട്ട്‌മെന്റലൈസ് ചെയ്യപ്പെട്ട രാജ്യത്തെ കര്‍ഷകരുടെയും തൊഴിലാളികളുടെയും ചെറുത്തു നില്‍പുകള്‍ ദുര്‍ബലമാണെന്നതിനാലാണ് ഭരണകൂടങ്ങള്‍ക്ക് കര്‍ഷക-തൊഴിലാളി വിരുദ്ധനയങ്ങള്‍ കാലാകാലങ്ങളായി തീവ്രമായി നടപ്പിലാക്കാന്‍ സാധിച്ചത്.

അതിനാല്‍ തന്നെ രാജ്യത്തെ കര്‍ഷക ജനസാമാന്യത്തിനിടയിലെ സ്വത്വപരമായ വൈരുദ്ധ്യങ്ങളെ മറികടന്ന് കര്‍ഷകര്‍ എന്ന വര്‍ഗപരമായ സമീപനവും ഐക്യവും ഉണ്ടാക്കിയെടുക്കുക എന്നത് കര്‍ഷക സംഘടനകളുടെ സമരനേതൃത്വത്തെ സംബന്ധിച്ച് നിര്‍ണായകവും വിലപ്പെട്ടതുമായ ഒരു ചുമതലയായിരുന്നു.

ഈ ചുമതല നിര്‍വഹിച്ച് കര്‍ഷകരെ വര്‍ഗ അടിസ്ഥാനത്തില്‍ ഐക്യത്തോടെ ഒരുമിപ്പിച്ച് നിര്‍ത്തുന്ന ഒരു നേതൃത്വവും സമരകൂട്ടായ്മയുമാണ് ആശയപരമായും തന്ത്രപരമായുമുള്ള തീരുമാനങ്ങള്‍ എടുത്ത് കര്‍ഷകസമരത്തെ കേന്ദ്രസര്‍ക്കാരിനെ മുട്ടുകുത്തിക്കുന്ന ഒരു ഐതിഹാസിക സമരമാക്കി മാറ്റിയത്.

ഈ സമരത്തിന്റെ ബുദ്ധികേന്ദ്രങ്ങളും സമരനായകരും ഈ സമരകൂട്ടായ്മയുടെ നേതാക്കള്‍ മാത്രമാണ്. ഈ സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് നടന്ന ഏതെങ്കിലും രാഷ്ട്രീയ ഇടപെടലുകളോ സമരരീതികളോ ഏതെങ്കിലും പ്രത്യേക രാഷ്ട്രീയ ബിംബങ്ങളെ ഫോക്കസ് ചെയ്ത സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത്, വാചാടോപം ചരിത്രമാണ് എന്ന നിലയില്‍ അവതരിപ്പിക്കുന്നത് സമരം സംഘടിപ്പിച്ച കര്‍ഷക നേതാക്കളെ അപഹസിക്കുന്നതിന് തുല്യമാണ്.

കര്‍ഷകര്‍ക്കിടയില്‍ വര്‍ഗപരമായ ഐക്യമുണ്ടാക്കാന്‍ കാലങ്ങളായി അഹോരാത്രം രാജ്യത്തെ ഗ്രാമഗ്രാമാന്തരങ്ങളില്‍ ഓടിനടന്ന് പണിയെടുക്കുന്ന കര്‍ഷക നേതാക്കളുടെ ത്യാഗോജ്ജ്വലമായ സമരസംഘാടനത്തെ ഇകഴ്ത്തിക്കാണിക്കുന്നതിന് തുല്യമാണ്.

ഒരു സമരപാരമ്പര്യവുമില്ലാതെ ചാനല്‍മുറികളിലെ വാചകകസര്‍ത്തിന്റെ പ്രിവിലേജില്‍ വലതുപക്ഷബുദ്ധി ജീവിയായി ആഘോഷിക്കപ്പെടുന്നവര്‍ക്ക് രാജ്യത്തെ കര്‍ഷകരുടെ ഐക്യം രൂപപ്പെട്ടതിന്റെയോ അതിനെ വര്‍ഗസ്വഭാവത്തില്‍ സംഘടിപ്പിച്ചതിന്റെയോ ചരിത്രവും വര്‍ത്തമാനവും അതേ നിലയില്‍ മനസിലായി കൊള്ളണമെന്നില്ല.

അത് വ്യക്തിപരമായി അവരുടെ കുഴപ്പമല്ല, അവരുടെ രാഷ്ട്രീയ ബോധ്യങ്ങളുടെയും അവര്‍ ശീലിച്ചിരിക്കുന്ന, പിന്തുടരുന്ന സമരസംഘാട സംസ്്കാരങ്ങളുടെയും കുഴപ്പമാണ്.

കാര്‍ഷിക നിയമങ്ങളുടെ പേരില്‍ കേന്ദ്രസര്‍ക്കാരിനെ മുട്ടുകുത്തിച്ച കര്‍ഷക സമരം ഒരൊറ്റ ദിവസം കൊണ്ട് ഒരൊറ്റ വിഷയത്തിന്റെ പേരില്‍ സ്വയംഭൂ ആയതാണോ? അങ്ങനെയാണെന്ന് മനസിലാക്കുന്ന അല്ലെങ്കില്‍ ഇപ്പോള്‍ വിജയിച്ച കര്‍ഷക സമരം രാജ്യത്തെ ഏതെങ്കിലും രാഷ്ട്രീയ നേതൃത്വത്തിന്റെ രക്ഷകര്‍തൃത്വത്തില്‍ രൂപപ്പെട്ടതാണ് എന്ന് ധ്വനിപ്പിക്കുന്നത് ചരിത്രവിരുദ്ധവും വസ്തുതാവിരുദ്ധവുമാണ്.

എന്താണ് വര്‍ഗപരമായി സംഘടിപ്പിക്കപ്പെട്ട രാജ്യത്തെ കര്‍ഷകരുടെ കഴിഞ്ഞ കുറച്ചു കാലത്തെ സമരചരിത്രം എന്നത് നിര്‍ണായകമാണ്.

രാജ്യത്തെ കര്‍ഷകസംഘടനകള്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി രാജ്യവ്യാപകമായി നടത്തി വരുന്ന ചെറുതും വലുതുമായ നിരവധി കര്‍ഷക പ്രക്ഷോഭങ്ങളുടെ വളരെ നിര്‍ണായകമായൊരു ഘട്ടത്തിലാണ് കേന്ദ്രസര്‍ക്കാര്‍ വിവാദമായ കാര്‍ഷിക നിയമങ്ങള്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച് പാസാക്കുന്നത്.

രാജ്യം സാക്ഷ്യം വഹിച്ച ഐതിഹാസിക സമരവിജയത്തിന് കര്‍ഷക സംഘടനകള്‍ക്ക് കരുത്തായത് ഈ സമരപശ്ചാത്തലമാണ്. കര്‍ഷകര്‍ വര്‍ഗപരമായി സംഘടിപ്പിച്ച് വിജയിപ്പിച്ച ഒരു സമരം ഇതിന് മുന്‍പ് ഉണ്ടായത് ഭൂമി അധികാര്‍ അന്തോളന്‍ നടത്തിയ ഭൂമി ഏറ്റെടുക്കല്‍ നിയമത്തിനെതിരായ സമരമാണ്.

അന്ന് കര്‍ഷകരുടെ പ്രതിഷേധത്തിന് മുന്നില്‍ സംഘപരിവാര്‍ സര്‍ക്കാരിന് മുട്ടുമടക്കേണ്ടി വന്നിരുന്നു. കര്‍ഷകര്‍ ഐക്യപ്പെട്ട് നടത്തിയ സമരത്തിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാരിന് ഭൂമി ഏറ്റെടുക്കല്‍ നിയമം പിന്‍വലിക്കേണ്ടി വന്നു.

മധ്യപ്രദേശിലെ മണ്‍സോറില്‍ കര്‍ഷകര്‍ക്ക് നേരെയുണ്ടായ വെടിവയ്പ്പിന് ശേഷമാണ് കര്‍ഷക സംഘടനകളുടെ കൂട്ടായ്മയും വര്‍ഗപരമായ സംഘാടനവും ശക്തമാകാന്‍ തുടങ്ങിയത്.

അഖിലേന്ത്യാ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റി എന്ന കര്‍ഷക സംഘടനകളുടെ കൂട്ടായ്മ രൂപപ്പെടുകയും പ്രധാനപ്പെട്ട രണ്ട് അടിസ്ഥാന വിഷയങ്ങള്‍ ഏറ്റെടുത്ത് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയതും ഇക്കാലത്താണ്.

ഭൂമി-വനാവകാശ വിഷയത്തിലും കോര്‍പറേറ്റുകള്‍ക്ക് കൃഷിഭൂമി പതിച്ചു കൊടുക്കുന്ന വിഷയത്തിലും ഭൂമി അധികാര്‍ ആന്തോളനും ന്യായമായ വില കര്‍ഷകരുടെ ഉത്പന്നങ്ങള്‍ക്ക് വേണമെന്നതിലും കടത്തില്‍ നിന്നുള്ള സ്വാതന്ത്ര്യം എന്നതിലും കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റിയും സമരരംഗത്തുണ്ടായിരുന്നു.

ഈ വിഷയങ്ങളിലെല്ലാം വര്‍ഗാടിസ്ഥാനത്തില്‍ രൂപപ്പെട്ട ഐക്യത്തോടെയാണ് സംഘടനകളെല്ലാം സമരരംഗത്ത് ഉറച്ച് നിന്നത്. ഇത്തരം വിഷയങ്ങള്‍ ഉയര്‍ത്തി കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കര്‍ഷകസംഘടനകള്‍ സമരരംഗത്താണ്.

തുടര്‍ച്ചയായി ഒരുമിച്ച് വര്‍ഗാടിസ്ഥാനത്തില്‍ ചെയ്ത സമരങ്ങള്‍ രൂപപ്പെടുത്തിയ ഐക്യത്തിന്റെ കൂടി പിന്‍ബലത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ വിവാദമായ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ ഐതിഹാസിക സമരത്തിന്റെ സംഘാടനവും ഗ്രൗണ്ട് ലെവല്‍ പ്രവര്‍ത്തനങ്ങളും സമരരൂപങ്ങളുടെ വിവിധഘട്ടങ്ങളും തീരുമാനിക്കപ്പെട്ടത്.

അതില്‍ രാജ്യത്തെ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പങ്കാളിത്തമില്ല, കര്‍ഷക സംഘടനകളുടെ കൂട്ടായ നേതൃത്വം മാത്രമാണ് അതിന്റെ അവകാശികള്‍.

രാജ്യത്തെ കാര്‍ഷിക സമരം സംഘടിപ്പിക്കുകയും നയിക്കുകയും ചെയ്ത കര്‍ഷരുടെ നേതൃകൂട്ടായ്മയില്‍ ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയുടെ ദേശീയനേതാക്കള്‍ എന്ന നിലയില്‍ ചൂണ്ടിക്കാണിക്കാവുന്ന മൂന്നു നേതാക്കളെ ഉണ്ടായിരുന്നുള്ളു.

അഖിലേന്ത്യാ കിസാന്‍ സഭയുടെ ജനറല്‍ സെക്രട്ടറിയും സി.പി.ഐ.എമ്മിന്റെ പോളിറ്റ് ബ്യൂറോ അംഗവുമായ ഹന്നന്‍ മൊള്ളയും അഖിലേന്ത്യാ കിസാന്‍ സഭയുടെ പ്രസിഡന്റും സി.പി.ഐ.എമ്മിന്റെ കേന്ദ്ര കമ്മിറ്റി അംഗവുമായ അശോക് ധാവ്‌ളയും അഖിലേന്ത്യാ കിസാന്‍ സഭയുടെ ജോയിന്റ് സെക്രട്ടറിയും സി.പി.ഐ.എമ്മിന്റെ കേന്ദ്ര കമ്മിറ്റി അംഗവുമായ വിജു കൃഷ്ണനുമാണ് കര്‍ഷക നേതാക്കള്‍ക്കിയടിയില്‍ രാഷ്ട്രീയ പശ്ചാത്തലമുള്ളത്.

സംയുക്ത കിസാന്‍ മോര്‍ച്ചയിലെ സ്ഥാപക അംഗവും അഖിലേന്ത്യാ കിസാന്‍ സഭയുടെ ദേശീയ ട്രഷററായ പി. കൃഷ്ണപ്രസാദ് സി.പി.ഐ.എമ്മിന്റെ വയനാട് ജില്ലാ കമ്മിറ്റി അംഗവുമാണ്.

ഇത്തരത്തില്‍ കര്‍ഷകര്‍ വര്‍ഗാടിസ്ഥാനത്തില്‍ ഐക്യപ്പെട്ട് അവരുടെ സംഘടനാ കൂട്ടായ്മകളുടെ ഐക്യമുന്നണി സംഘടിപ്പിച്ച് നയിച്ച കര്‍ഷക സമരത്തെ പിന്തുണച്ച് നിരവധി പ്രതിപക്ഷ രാഷ്ട്രീയ കക്ഷികള്‍ രംഗത്ത് വന്നിരുന്നു.

സമരത്തിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് വ്യത്യസ്ത സമരരീതികളും ഇവര്‍ ആസൂത്രണം ചെയ്തിരുന്നു. ഇത് ഏറിയും കുറഞ്ഞും രാജ്യത്തെ വിവിധ ഭാഗങ്ങളില്‍ സമരരൂപത്തില്‍ പ്രതിഫലിച്ചിരുന്നു.

രാഷ്ട്രീയ നേതൃത്വങ്ങള്‍ പ്രതീകാത്മകമായി നടത്തിയ ട്രാക്ടര്‍ റാലികള്‍ക്ക് മാധ്യമങ്ങള്‍ പ്രാധാന്യം നല്‍കിയത് സമരത്തെ ബഹുജന ശ്രദ്ധയില്‍ എത്തിക്കാന്‍ സഹായിച്ചിട്ടുമുണ്ട്.

എന്നാല്‍, സുരക്ഷാഭടന്മാരുടെ സംരക്ഷണ വലയത്തില്‍ രാഷ്ട്രീയ നേതാക്കള്‍ ട്രാക്ടര്‍ ഓടിച്ചതും പൊലീസും സുരക്ഷാ സന്നാഹങ്ങളും വിന്യസിച്ച തടസങ്ങളും മറികടന്ന് സമര മുന്നണിയുടെ നേതൃത്വത്തില്‍ കര്‍ഷര്‍ ദല്‍ഹിയിലേയ്ക്ക് ട്രാക്ടര്‍ ഓടിച്ചതും ഒരു ത്രാസിന്റെ തട്ടില്‍ തൂക്കി തൂക്കമൊപ്പിക്കാന്‍ കഴിയുന്നതല്ല.

കര്‍ഷക സംഘടനകളുടെ കൂട്ടായ്മയുടെ നേതൃത്വത്തില്‍ നടക്കുന്ന സമരങ്ങളെ സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുത്താല്‍ പ്രതിപക്ഷത്തെ പ്രമുഖ നേതാക്കളായ രാഹുല്‍ ഗാന്ധിയും സീതാറാം യെച്ചൂരിയും ശരത് പവാറും ഡി. രാജയുമെല്ലാം സജീവമായ ഇടപെടല്‍ നടത്തിയിട്ടുണ്ട്.

ഇത്തരത്തില്‍ പ്രതിപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ അഭിസംബോധന ചെയ്ത ഏതെങ്കിലും ഒരു വിഷയത്തെ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് കഴിഞ്ഞ കുറേ വര്‍ഷങ്ങളായി കര്‍ഷക സംഘടനകള്‍ വര്‍ഗാടിസ്ഥാനത്തില്‍ സംഘടിച്ച് നടത്തുന്ന സമരത്തിന്റെ മുഴുവന്‍ പ്രതീകവും നേതൃത്വവുമാണ് എന്ന നിലയില്‍ അവതരിപ്പിക്കുന്ന വലതുപക്ഷ യുക്തിയും വാചാടോപവും പരിഹാസ്യമാണ്.

ഇക്കാര്യം ചാനല്‍ മുറികളില്‍ പരുവപ്പെടുന്ന വലതുപക്ഷ യുവനേതൃത്വം തിരിച്ചറിയേണ്ടതായുമുണ്ട്. അത്തരം വാചാടോപങ്ങളിലെ ഏകപക്ഷീയ സമീപനങ്ങളും മനസ്സിലാക്കി പോകേണ്ടതുണ്ട്.

http://loksabhadocs.nic.in/…/17/IV/Supp+Syn-17-09-2020.pdf
ലോക്‌സഭയില്‍ ബില്‍ അവതരിപ്പിച്ച ദിവസം നടന്ന ചര്‍ച്ചകള്‍.

https://indianexpress.com/…/farm-bills-parliament…/
രാജ്യസഭയില്‍ നടന്ന ചര്‍ച്ചകളുടെ പത്രവാര്‍ത്ത.

https://www.indiatoday.in/…/opposition-leaders-jo-in.
14 പ്രതിപക്ഷ കക്ഷികളിലെ എം.പിമാര്‍ സമരം ചെയ്യുന്ന കര്‍ഷകരെ കാണാന്‍ ജന്തര്‍മന്ദിറില്‍ പോയിരുന്നു. കര്‍ഷകര്‍ സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തില്‍ സമരത്തിലാണ് എന്നത് മറക്കരുത് അവിടേയ്ക്കാണ് പ്രതിപക്ഷ എം.പിമാര്‍ പോയത്. അല്ലാതെ പ്രതിപക്ഷ എം.പിമാര്‍ നയിച്ച കര്‍ഷക സമരത്തിലേയ്ക്ക് കര്‍ഷകര്‍ ഐക്യദാര്‍ഢ്യവുമായി വരികയായിരുന്നില്ല.


കര്‍ഷക സമരവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാക്കള്‍ രാഷ്ട്രപതിയെ കാണാന്‍ പോയതിന്റെ ചരിത്രം ഈ ദൃശ്യങ്ങള്‍ സംസാരിക്കുന്നുണ്ട്.
കര്‍ഷകരെ ദുരിതത്തിലാക്കുന്ന കാര്‍ഷിക നയങ്ങള്‍ക്ക് ബീജവാപം ചെയ്തത് നവലിബറല്‍ സാമ്പത്തിക നയങ്ങളാണ് അതിന്റെ ചുവട് പിടിച്ചുള്ള കോര്‍പ്പറേറ്റ് വത്കരണമാണ്.

അത്തരം നയങ്ങളെ തള്ളിപറഞ്ഞ് നെഹ്‌റുവിന്റെ സാമ്പത്തിക നയങ്ങളെ പുന:രാവിഷ്‌കരിക്കുമോ എന്ന ക്ലീഷേ ചോദ്യം നമുക്ക് തത്ക്കാലം മാറ്റി വയ്ക്കാം.

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി കര്‍ഷകര്‍ വര്‍ഗപരമായി സംഘടിച്ച് നടത്തുന്ന സമരങ്ങളുടെ സംഘാടന ചരിത്രത്തെക്കുറിച്ച് ധാരണയില്ലാത്തവര്‍ക്ക് നരസിംഹ റാവു-മന്‍മോഹന്‍ സിങ്ങ് ദ്വയങ്ങള്‍ നടപ്പിലാക്കിയ ഉദാരവത്കരണ സാമ്പത്തിക നയങ്ങളെക്കുറിച്ചും അതിന്റെ ചുവട് പിടിച്ച നടപ്പിലാക്കിയ കര്‍ഷക വിരുദ്ധമായ രാജ്യാന്തര കരാറുകളെക്കുറിച്ചും എന്ത് ധാരണയുണ്ടാകാനാണ്. അതിനാല്‍ അത് വിടാം.

11. Congress will repeal the Agriculture Produce Market Committees Act and made trade in Agriculture Produce-lnclude export and Inter State trade- Free from all restrictions.

12. We will establish farmer’s Market with adequate infrastructure and support in large villages and small towns to enable the farmer to bring his/her produce and freely market the same.

ഇത് 2019ല്‍ കോണ്‍ഗ്രസ് പുറത്തിറക്കിയ തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ കൃഷിയുമായി ബന്ധപ്പെട്ട സബ്‌ടൈറ്റിലിന് ചുവടെ ചേര്‍ത്തിരുന്നതാണ്. കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ കാര്‍ഷിക നിയമവും ഇതും വായിക്കുന്ന ആര്‍ക്കെങ്കിലും ‘ചേട്ടന്റെ ശബ്ദവും എന്റെ ശബ്ദവും ഒരു പോലെ ഇരിക്കുന്നല്ലോ’ എന്ന് തോന്നിയാല്‍ അവരെ കുറ്റം പറയാന്‍ കഴിയില്ല.

എന്തായാലും ഐതിഹാസിക കര്‍ഷകസമരം വര്‍ഗാടിസ്ഥാനത്തില്‍ സംഘടിപ്പിച്ച കര്‍ഷക സംഘടനകളുടെ സമര നേതൃത്വം വ്യത്യസ്ത സമരങ്ങള്‍ സംഘടിപ്പിക്കുകയും നയിക്കുകയും ചെയ്ത് എത്രയോ കാലം കഴിഞ്ഞാണ് മുകളില്‍ സൂചിപ്പിച്ച പരാമര്‍ശങ്ങള്‍ ഉള്ള മാനിഫെസ്റ്റോയും വിവാദ കര്‍ഷക നിയമങ്ങളും പൊതുജനങ്ങളുടെ ശ്രദ്ധയിലേയ്ക്ക് വന്നത്.

മാനിഫെസ്റ്റോയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ അബദ്ധത്തില്‍ പറഞ്ഞു പോയതാണ് എന്ന് തിരുത്താനുള്ള മിനിമം ധാര്‍മികത പ്രകടിപ്പിച്ചതിന് ശേഷമായിരുന്നു സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തിയെടുത്ത കഴമ്പില്ലാത്ത വാചാടോപങ്ങള്‍ പ്രചരിക്കുന്നതെങ്കില്‍, അത്തരക്കാര്‍ പറയുന്നതില്‍ ചെറിയ ശതമാനം ആത്മാര്‍ത്ഥതയെല്ലാം തോന്നുമായിരുന്നു.

(ലേഖകന്റെ ഫേസ്ബുക്ക് പോസ്റ്റ്)

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Dipin Manathavady about Farmer Protest

ദിപിന്‍ മാനന്തവാടി

മാധ്യമപ്രവർത്തകന്‍

We use cookies to give you the best possible experience. Learn more