പുതിയ കനയ്യയിസമോ പഴയ ഡാങ്കേയിസമോ; എന്താണ് ബിനോയ് വിശ്വത്തെ നയിക്കുന്നത്
National Politics
പുതിയ കനയ്യയിസമോ പഴയ ഡാങ്കേയിസമോ; എന്താണ് ബിനോയ് വിശ്വത്തെ നയിക്കുന്നത്
ദിപിന്‍ മാനന്തവാടി
Tuesday, 4th January 2022, 6:35 pm
ഏറ്റവും അടിസ്ഥാനപരമായ ചില നിലപാടുകളില്‍ പരിപാടിയുടെ ഭാഗമായി ഇപ്പോഴും സി.പി.ഐ മാറ്റം വരുത്തിയിട്ടില്ല എന്ന് ആവര്‍ത്തിച്ച് ഉറപ്പിക്കുന്നുണ്ട്, ചരിത്രപരമായി കോണ്‍ഗ്രസിനെ വിലയിരുത്താതെ സ്വീകരിക്കുന്ന ഇത്തരം നിലപാടുകള്‍. ഇന്ത്യന്‍ ബൂര്‍ഷ്വാസി വര്‍ഗത്തിലെ ഭൂരിഭാഗം ആളുകളും പുരോഗമന സ്വഭാവമുള്ള ആളുകളാണെന്നും അവര്‍ തൊഴിലാളി വര്‍ഗത്തിന്റെ മിത്രങ്ങളാണ് എന്നുമുള്ള ഡാങ്കേയിസ്റ്റ് നിലപാടിനെ ചരിത്രപരമായി വിലയിരുത്താനും പ്രത്യയശാസ്ത്രപരമായി നവീകരിക്കാനുമുള്ള ശേഷിയില്ലായ്മ കൂടി ബിനോയ് വിശ്വത്തിന്റെ സമീപനത്തില്‍ അന്തര്‍ലീനമാണെന്ന് ആരെങ്കിലും വായിച്ചാല്‍ അവരെ തെറ്റുപറയാന്‍ കഴിയില്ല.

കോണ്‍ഗ്രസ് തകര്‍ന്നാല്‍ ആ ശൂന്യത നികത്താനുള്ള കെല്‍പ്പ് ഇന്ത്യയില്‍ ഇടതുപക്ഷത്തിനില്ല, എന്ന ബിനോയ് വിശ്വത്തിന്റെ നിലപാട് ഇടതുപക്ഷ ഇടങ്ങളില്‍ സമ്മിശ്ര പ്രതികരണം ഉണ്ടാക്കിയിട്ടുണ്ട്. പഴയ ഡാങ്കേയിസ്റ്റ് നിലപാടിന്റെ പുളിച്ചുതികട്ടലിന്റെ അടിസ്ഥാനത്തിലുള്ള ആശയ പ്രകാശനമാണ് ബിനോയ് വിശ്വം നടത്തിയതെങ്കില്‍ കനയ്യ കുമാര്‍ ചിന്തിച്ച സോഷ്യല്‍ ഡെമോക്രാറ്റിന്റെ നിലപാട് പരിസരത്ത് നിന്ന് ബിനോയ് വിശ്വവും നിലപാട് പറഞ്ഞു എന്നേ കരുതാന്‍ കഴിയൂ. എന്തുകൊണ്ട് കനയ്യ കുമാര്‍ സി.പി.ഐ ഉന്നതഘടകത്തില്‍ നിന്നും കോണ്‍ഗ്രസ് പോരാളിയായി മാറി എന്ന ചോദ്യവും ഈ ഘട്ടത്തില്‍ പുനര്‍വായനക്കെടുക്കാവുന്നതാണ്.

രണ്ടു തരത്തില്‍ ബിനോയ് വിശ്വത്തിന്റെ നിലപാട് വിശകലനം ചെയ്യപ്പെടേണ്ടതുണ്ട്. കോണ്‍ഗ്രസിനെ സംബന്ധിച്ച സി.പി.ഐയുടെ വര്‍ഗവീക്ഷണമാണ് ബിനോയ് വിശ്വത്തിന്റെ നിലപാടിന്റെ അടിസ്ഥാനമെങ്കില്‍ കടുത്ത വിമര്‍ശനത്തോടെ, മാര്‍ക്‌സിസ്റ്റ്-ലെനിനിസ്റ്റ് കാഴ്ചപ്പാടില്‍ ആ നിലപാടിനെ എതിര്‍ക്കേണ്ടതുണ്ട്. മറിച്ച് മാര്‍ക്‌സിസം-ലെനിനിസത്തിന്റെ അടിസ്ഥാനത്തിലുള്ള വര്‍ഗപരമായ വിലയിരുത്തല്‍ എന്ന നിലയിലാണ് ആ നിരീക്ഷണമെങ്കില്‍ ബിനോയ് വിശ്വത്തിന്റെ ഉദ്ദേശശുദ്ധി അംഗീകരിക്കപ്പെടേണ്ടതുണ്ട്.

ഉത്തരേന്ത്യന്‍ സാഹചര്യത്തില്‍ വര്‍ഗപരമായി ഇടതുപക്ഷത്തിനൊപ്പം നില്‍ക്കേണ്ട വലിയൊരു വിഭാഗം ജനങ്ങള്‍ ഇപ്പോഴും കോണ്‍ഗ്രസിനൊപ്പമാണ് നിലയുറപ്പിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് ദുര്‍ബലപ്പെടുന്ന സാഹചര്യത്തില്‍ ഇവരില്‍ ഭൂരിപക്ഷവും നിലവിലെ സാഹചര്യത്തില്‍ അവരുടെ വര്‍ഗപരമായ അസ്ഥിത്വം പരിഗണിക്കാതെ ഹിന്ദുത്വ ശക്തികളുടെ ചേരിയില്‍ എത്തപ്പെട്ടേക്കാം. ഈ സാഹചര്യം മുന്‍കൂട്ടിക്കണ്ട് നിലവിലെ കര്‍ഷക ഐക്യമുന്നണിയുടെയും തൊഴിലാളി ഐക്യമുന്നണിയുടെയും വര്‍ഗപരമായ സംഘാടനം, ചെറുതും വലുതുമായ ഇടതുപക്ഷ ജനാധിപത്യ ശക്തികളുടെ നേതൃത്വത്തില്‍ ശക്തിപ്പെടേണ്ടതുണ്ട്.

ഇത്തരത്തിലുള്ള മുന്നേറ്റത്തിലൂടെ ഇടതുപക്ഷത്തിന്റെ ഭാഗമാകേണ്ട വര്‍ഗവിഭാഗങ്ങളെ കോണ്‍ഗ്രസില്‍ നിന്നടക്കം ഇടതുപക്ഷത്തേക്ക് എത്തിക്കാന്‍ സാധിക്കുമെന്ന് രാജസ്ഥാനിലെയും മധ്യപ്രദേശിലെയും ഹിമാചല്‍പ്രദേശിലെയും ബീഹാറിലെയുമെല്ലാം ചില പ്രദേശങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഇത്തരം രാഷ്ട്രീയ സാഹചര്യങ്ങള്‍ വിശകലനം ചെയ്തുകൊണ്ട് പ്രത്യയശാസ്ത്രപരമായ പൊസിഷനില്‍ ഊന്നി നിന്നുകൊണ്ട് വേണമായിരുന്നു ബിനോയ് വിശ്വം കോണ്‍ഗ്രസിന്റെ തകര്‍ച്ചയുടെ ഇടം ബി.ജെ.പി മുതലെടുക്കാനുളള സാധ്യതയെ അവതരിപ്പിക്കേണ്ടിയിരുന്നത്.

അനുദിനം ഹിന്ദുത്വവല്‍ക്കരിക്കപ്പെടുന്ന കോണ്‍ഗ്രസിനെയും ബി.ജെ.പിയുടെ ഹിന്ദുത്വ ആശയത്തോട് താദാത്മ്യം പ്രാപിക്കാന്‍ മത്സരിക്കുന്ന വര്‍ത്തമാനകാല രാഷ്ട്രീയ സാഹചര്യത്തെയും ബിനോയ് വിശ്വം അഭിസംബോധന ചെയ്യേണ്ടിയിരുന്നു. ഹിന്ദുത്വവല്‍ക്കരിക്കപ്പെടുന്ന കോണ്‍ഗ്രസ്, രാജ്യത്തെ രണ്ട് ഹിന്ദു പാര്‍ട്ടിയെന്ന ഹിന്ദുത്വ പ്രത്യയശാസ്ത്ര വ്യാഖ്യാതാക്കളുടെ വഴിയേ പോകുന്ന ഘട്ടത്തിലാണ് ബിനോയ് വിശ്വം കോണ്‍ഗ്രസിന്റെ ദുര്‍ബലപ്പെടുന്ന ഇടത്തെക്കുറിച്ച് ആശങ്കപ്പെട്ടിരിക്കുന്നത്. തീവ്രഹിന്ദുത്വയുടെ ഇടം കളം നിറയാതിരിക്കാന്‍ മൃദുഹിന്ദുത്വയുടെ തുരുത്തുകളെങ്കിലും ബാക്കിയാകണം എന്ന കേവലയുക്തിയെ ബിനോയ് വിശ്വം പിന്തുണക്കുന്നു എന്ന വായനക്കും ഇവിടെ സാധ്യതയുണ്ട്.

അല്ലെങ്കില്‍ ഇതെല്ലാം സൂചിപ്പിച്ച്, കര്‍ഷക ഐക്യമുന്നണിയുടെയും തൊഴിലാളി ഐക്യമുന്നണിയുടെയും വര്‍ഗപരമായ സംഘാടനം ചെറുതും വലുതുമായ ഇടതുപക്ഷ ജനാധിപത്യ ശക്തികളുടെ നേതൃത്വത്തില്‍ ശക്തിപ്പെടേണ്ടതുണ്ട്, കോണ്‍ഗ്രസ് മൃദുഹിന്ദുത്വ സമീപനം വെടിഞ്ഞ് അത്തരം ചേരിയോട് സഹകരിക്കണം എന്ന് പഴയ ഡാങ്കേലൈനിനെ കുറച്ചുകൂടി വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് ബിനോയ് വിശ്വത്തിന് അവതരിപ്പിക്കാമായിരുന്നു.

രാജ്യത്തെ ഏറ്റവും കമ്യൂണിസ്റ്റ് വിരുദ്ധരായ കോണ്‍ഗ്രസ് ഘടകമാണ് കേരളത്തിലേത്. ആ ഘടകത്തിന്റെ വേദിയില്‍ നിന്ന് രാഷ്ട്രീയം പറയുമ്പോള്‍ ചരിത്രപരമായ ഒരു ഉള്‍ക്കാഴ്ച ബിനോയ് വിശ്വത്തിന് വേണ്ടിയിരുന്നു. സ്വാതന്ത്ര്യ പ്രാപ്തിക്ക് മുമ്പും ശേഷവും നടന്ന ജന്മിത്വ-ഫ്യൂഡല്‍ വിരുദ്ധ സമരങ്ങള്‍ വര്‍ഗപരമായ ഒരു വിഭജനം കേരളത്തില്‍ ഉണ്ടാക്കിയിരുന്നു. ഒന്നാം ഇ.എം.എസ് സര്‍ക്കാര്‍ വര്‍ഗപരമായ സമീപനങ്ങളുടെ അടിസ്ഥാനത്തില്‍ രൂപപ്പെടുത്തിയ ഭൂപരിഷ്‌കരണനിയമം അടക്കമുള്ള കാര്‍ഷിക വിപ്ലവ പരിപാടികളും തൊഴില്‍-വിദ്യാഭ്യാസ മേഖലകളില്‍ അടിസ്ഥാന വര്‍ഗങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് ഉണ്ടാക്കിയ നിയമ നിര്‍മാണങ്ങളും കേരളത്തില്‍ ജന്മിത്വത്തെയും ഫ്യൂഡലിസത്തെയും തകര്‍ത്തിരുന്നു.

ഇത്തരം വര്‍ഗസമീപനങ്ങളുടെ ഗുണഭോക്താക്കളായ വലിയൊരു വിഭാഗം വര്‍ഗപരമായി തന്നെ ഇടതുപക്ഷത്തിന് പിന്നില്‍ അണിനിരന്നിരുന്നു. വര്‍ഗപരമായി ശത്രുപക്ഷത്ത് നിന്നിരുന്നവരുടെ കമ്യൂണിസ്റ്റ് വിരോധം കേരളത്തെ സംബന്ധിച്ച് ചരിത്രപരമാണ്. ഈ കമ്യൂണിസ്റ്റ് വിരോധത്തെ ആളിക്കത്തിച്ചാണ് കേരളത്തില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന വലതുപക്ഷം സംഘടിക്കപ്പെട്ടിരിക്കുന്നത്. വിമോചന സമരത്തിന്റെ കാലത്ത് തീവ്രമായിരുന്ന കമ്യൂണിസ്റ്റ് വിരോധത്തിന്റെ അതേ ചേരുവകളാണ് ഇന്നും കേരളത്തിലെ കോണ്‍ഗ്രസ് പരീക്ഷിക്കുന്നത്. അത് പണ്ടത്തേത് പോലെ ഫലപ്രദമാകുന്നുണ്ടോ എന്നത് വേറൊരു വിഷയമായി ചര്‍ച്ച ചെയ്യേണ്ടതുണ്ട്. എന്തായാലും കേരളത്തിലെ കോണ്‍ഗ്രസിന്റെ കമ്യൂണിസ്റ്റ് വിരുദ്ധത ഇന്നും പഴയ ചേരുവകളില്‍ നിന്നും മുക്തമല്ല.

ഫ്യൂഡലിസത്തിനും ജന്മിത്വത്തിനുമെതിരെ വര്‍ഗപരമായ വെല്ലുവിളി ഉയര്‍ന്ന ബംഗാളിലും ത്രിപുരയിലും കോണ്‍ഗ്രസിന്റെ മുഖമുദ്ര കമ്യൂണിസ്റ്റ് വിരോധമായിരുന്നു. സിദ്ധാര്‍ത്ഥ് ശങ്കര്‍ റേയുടെ കാലത്ത് ബംഗാളില്‍ നടന്ന കമ്യൂണിസ്റ്റ് വേട്ടയുടെ അടിസ്ഥാനം കമ്യൂണിസ്റ്റ് വിരോധമായിരുന്നു. ഇതിനെ ചെറുത്തുതോല്‍പ്പിച്ച് ബംഗാളില്‍ ഇടതുപക്ഷം അധികാരത്തില്‍ എത്തിയത് ഇടതുപക്ഷ ഐക്യം എന്ന ആശയത്തിന് പ്രചോദനമായതും ചരിത്രമാണ്.

സിദ്ധാര്‍ത്ഥ് ശങ്കര്‍ റേ ബംഗാളിലെ കോണ്‍ഗ്രസിന്റെ അവസാന മുഖ്യമന്ത്രിയായി മാറിയെന്നതും ചരിത്രം അടയാളപ്പെടുത്തിയിട്ടുണ്ട്. ബംഗാളില്‍ കടുത്ത കമ്യൂണിസ്റ്റ് വിരോധം സൂക്ഷിച്ച കോണ്‍ഗ്രസുകാരാണ് പിന്നീട് തൃണമൂല്‍ കോണ്‍ഗ്രസ് ആയി മാറിയതും ബംഗാളില്‍ കമ്യൂണിസ്റ്റ് വേട്ടക്ക് നേതൃത്വം കൊടുത്തതും. ത്രിപുരയിലും കമ്യൂണിസ്റ്റ് വിരോധമാണ് കോണ്‍ഗ്രസുകാരെ ബി.ജെ.പി പാളയത്തില്‍ എത്തിച്ചത്. കമ്യൂണിസ്റ്റുകളെ തകര്‍ക്കാന്‍ ഏതു ചെകുത്താനെയും കൂട്ടുപിടിക്കുന്ന അന്ധമായ കമ്യൂണിസ്റ്റ് വിരുദ്ധ നിലപാടുകളുടെ അപ്പോസ്തലന്മാരാണ് കേരളത്തിലെയും ബംഗാളിലെയും ത്രിപുരയിലെയും കോണ്‍ഗ്രസുകാര്‍.

കേരളത്തിലെ കോണ്‍ഗ്രസിന്റെ കമ്യൂണിസ്റ്റ് വിരുദ്ധതയെയും, ദേശീയ തലത്തില്‍ മൃദുഹിന്ദുത്വയെ പുല്‍കി രാജ്യത്തെ മറ്റൊരു ഹിന്ദുത്വ പാര്‍ട്ടിയാകാന്‍ ശ്രമിക്കുന്ന കോണ്‍ഗ്രസിന്റെ ആശയപരമായ അഴുകലിനെയും, അന്താരാഷ്ട്ര ഫിനാന്‍സ് മൂലധനത്തിനും അവരാല്‍ നിയന്ത്രിക്കപ്പെടുന്ന ഇന്ത്യന്‍ കുത്തകകള്‍ക്കും രാജ്യത്തിന്റെ സമ്പദ്ഘടനയെ അടിയറവെച്ച കോണ്‍ഗ്രസിന്റെ സാമ്പത്തിക നയങ്ങളെയും അഭിസംബോധന ചെയ്യാതെ കോണ്‍ഗ്രസിന്റെ നഷ്ടപ്പെടുന്ന ഇടത്തെക്കുറിച്ച് ബിനോയ് വിശ്വം ആശങ്കപ്പെട്ടതില്‍ അഭിപ്രായവ്യത്യാസമുണ്ട്. മുകളില്‍ പറഞ്ഞ വിയോജിപ്പുകള്‍ പരിഗണിക്കുമ്പോള്‍ പഴയ ഡാങ്കേയിസ്റ്റ് നിലപാടിന്റെ പുളിച്ചുതികട്ടല്‍ തന്നെയാണ് അതെന്ന് സംശയിക്കേണ്ടി വരും.

1978ല്‍ ഭട്ടിന്‍ഡയില്‍ നടന്ന 11-ാം പാര്‍ട്ടി കോണ്‍ഗ്രസ് സി.പി.ഐയിലെ ഡാങ്കേയിസ്റ്റുകളുടെ നിലപാടുകളെ നിരാകരിക്കുകയും ഇടതുചേരിക്ക് മേല്‍ക്കൈ ലഭിക്കുകയും ചെയ്ത സമ്മേളനം എന്ന നിലയിലാണ് വിലയിരുത്തപ്പെടുന്നത്. സി.പി.ഐയിലെ ഡാങ്കേലൈന്‍ തള്ളപ്പെട്ട സമ്മേളനം എന്ന നിലയില്‍ വിലയിരുത്തലുകള്‍ ഉണ്ടെങ്കിലും, ദേശീയ ബൂര്‍ഷ്വാസിയും തൊഴിലാളികളും സാമ്രാജ്യത്വത്തിനെതിരെ സഖ്യത്തിലാവണം എന്ന സി.പി.ഐ ലൈന്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്യപ്പെടുകയോ നയവ്യതിയാനങ്ങളെ പ്രത്യയശാസ്ത്രപരമായി തിരുത്തുകയോ ഉണ്ടായിട്ടില്ല. അടിയന്തരാവസ്ഥയെ പിന്തുണച്ചത് തെറ്റായി എന്ന നിലപാട് സൂചിപ്പിക്കപ്പെട്ട കരട് രാഷ്ട്രീയ അവലോകന റിപ്പോര്‍ട്ട് തള്ളണമെന്നും പകരം സി.പി.ഐയുടെ മുന്‍കാല പരാജയങ്ങളുടെ പൂര്‍ണമായ അംഗീകാരം വേണമെന്ന ആവശ്യവും ഭട്ടിന്‍ഡ കോണ്‍ഗ്രസില്‍ ഉയര്‍ന്നിരുന്നു.

എന്നാല്‍ ഇത്തരം തര്‍ക്കങ്ങളൊന്നും പരിഗണിക്കപ്പെടാതെ ഭാവി പരിപാടിയെ മാത്രം മുന്‍ നിര്‍ത്തി ‘ഇടതുപക്ഷ ജനാധിപത്യ ശക്തികളുടെ ഐക്യമുന്നണി’ എന്ന നിലയിലുള്ള സമീപനമാണ് ഭട്ടിന്‍ഡ കോണ്‍ഗ്രസ് മുന്നോട്ടുവെച്ചത്. അടിയന്തരാവസ്ഥയെ പിന്തുണച്ച ഡാങ്കേലൈന്‍ തള്ളപ്പെട്ടു, ഇടതുപക്ഷത്തിന്റെ ഐക്യം എന്ന സമീപനം സ്വീകരിക്കപ്പെട്ടു-എന്ന നിലയില്‍ ഭട്ടിന്‍ഡ കോണ്‍ഗ്രസ് അടയാളപ്പെടുത്തുമ്പോഴും സി.പി.ഐയിലെ കൃത്യമായ ഇടതുപക്ഷ പൊസിഷന്‍ സ്വീകരിക്കുന്നവരുടെ എണ്ണം അപ്പോഴും ന്യൂനപക്ഷമായിരുന്നു എന്നത് ശ്രദ്ധേയമാണ്. മധ്യവര്‍ത്തി നിലപാട് സ്വീകരിച്ചിരുന്ന ഭൂരിപക്ഷത്തിന്റെ കൂടി പിന്തുണയിലാണ് ഡാങ്കേലൈന്‍ തള്ളാനും ഇടതുപക്ഷ ഐക്യം ഉയര്‍ത്തിപ്പിടിക്കാനും ഭട്ടിന്‍ഡ കോണ്‍ഗ്രസിന് സാധിച്ചതെന്നും നിരീക്ഷണങ്ങളുണ്ട്. ഭട്ടിന്‍ഡ കോണ്‍ഗ്രസിലും ഡാങ്കേ അനുകൂല വലതുപക്ഷത്തിന് ഇടതുപക്ഷത്തെക്കാന്‍ സ്വാധീനമുണ്ടായിരുന്നു എന്നത് പരിഗണിച്ച് ഡാങ്കേലൈനിലേക്ക് സി.പി.ഐ തിരിച്ചു പോകാനുള്ള സാധ്യതകളും അന്ന് നിരീക്ഷിക്കപ്പെട്ടിരുന്നു.

പ്രോ-ഡാങ്കേ നിലപാടുകാരനായ യുവനേതാവ് എന്ന നിലയില്‍ ഭട്ടിന്‍ഡ കോണ്‍ഗ്രസ് കാലത്ത് അറിയപ്പെട്ടിരുന്ന ബിനോയ് വിശ്വത്തിന്റെ കോണ്‍ഗ്രസിനെ സംബന്ധിച്ച ഇന്നത്തെ നിലപാടില്‍ പുതുമയൊന്നും കാണേണ്ടതില്ല. തീര്‍ച്ചയായും രാജ്യത്തെ വലതുപക്ഷത്തിനും സി.പി.ഐയിലെ വലതുപക്ഷത്തിനും സ്വീകാര്യമായ സമീപനം തന്നെയാണ് ബിനോയ് വിശ്വം സ്വീകരിച്ചിരിക്കുന്നത്. ഡാങ്കേലൈനിലേക്ക് സി.പി.ഐ തിരിച്ച് പോകാനുള്ള സാധ്യത ഭട്ടിന്‍ഡ കോണ്‍ഗ്രസ് കഴിഞ്ഞപ്പോള്‍ തന്നെ നിരീക്ഷിക്കപ്പെട്ടിരുന്നതാണ്. ആ നിരീക്ഷണം പ്രസക്തമാണ് എന്ന തോന്നല്‍ ബിനോയ് വിശ്വത്തിന്റെ നിലപാട് ഉണ്ടാക്കുന്നുണ്ട്.

തൊഴിലാളി വര്‍ഗത്തിന്റെ അടിത്തറ വിപുലപ്പെടുത്തിക്കൊണ്ട്, ജനകീയ ജനാധിപത്യ സഖ്യം രൂപപ്പെടുത്തേണ്ടുന്ന ലെനിനിസ്റ്റ് സമീപനം ഉയര്‍ത്തിപ്പിടിച്ച്, തൊഴിലാളി വര്‍ഗരാഷ്ട്രീയത്തെ ശക്തിപ്പെടുത്താന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ശ്രമിക്കേണ്ടുന്ന ഏറ്റവും അനുകൂലമായ ഒരു അന്തരീക്ഷമാണ് രാജ്യത്തുള്ളത്. ഈ ഘട്ടത്തില്‍ വീണ്ടും ഇന്ത്യന്‍ ബൂര്‍ഷ്വാസിയെ വായിക്കുന്നതില്‍ സംഭവിച്ച ഡാങ്കേയിസ്റ്റ് നിലപാടിന്റെ ആശയ വൈകല്യത്തിന്റെ ചരിത്രം സി.പി.ഐ ആവര്‍ത്തിക്കുമോ എന്നാണ് കാത്തിരുന്ന് കാണേണ്ടത്. അങ്ങനെ സംഭവിച്ചാല്‍ ചരിത്രം ആദ്യം ദുരന്തമായും പിന്നീട് പ്രഹസനമായും ആവര്‍ത്തിക്കപ്പെടുമെന്ന മാര്‍ക്‌സിന്റെ നിരീക്ഷണം ശരിവയ്ക്കപ്പെടും!

കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ പരിപാടിയുടെ ഏറ്റവും പ്രധാനപ്പെട്ട മര്‍മ്മം ശത്രു വര്‍ഗമാരാണ്, മിത്രമാരാണ് എന്ന് തിരിച്ചറിയാനുള്ള ശേഷിയാണ്. ശത്രു വര്‍ഗമാര് മിത്രമാര് എന്നത് സംബന്ധിച്ച ശാസ്ത്രീയ വീക്ഷണത്തിലെ പേരായ്മയും വിരുദ്ധ നിലപാടുമാണ് അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ റിവിഷനിസ്റ്റ് സമീപനമായി സി.പി.ഐ.എം നിരീക്ഷിച്ചത്. വളരെ കാതലായ ഈ ചരിത്ര സന്ധിയെ ലാഘവബുദ്ധിയോടെ സമീപിക്കുന്നതിനാലാവാം പലപ്പോഴും പിളര്‍പ്പിന് കാരണമായ ആശയപരമായ വൈരുദ്ധ്യങ്ങളെക്കുറിച്ച് ഗൗരവമുള്ള ഒരു ചര്‍ച്ച പോലും ബന്ധപ്പെട്ട അവസരങ്ങളില്‍ സൂചിപ്പിക്കപ്പെട്ട് പോകാത്തത്.

സി.പി.ഐ.എം തങ്ങളുടെ ശത്രുവര്‍ഗമായി കാണുന്നത് വന്‍കിട ബൂര്‍ഷ്വാസി, വന്‍കിട ഭൂഉടമ വിഭാഗത്തെയാണ്. ഇന്ത്യന്‍ ഭരണകൂടത്തിന്റെ വര്‍ഗസ്വഭാവത്തെ സി.പി.ഐ.എം വിലയിരുത്തുന്നത് വന്‍കിട ബൂര്‍ഷ്വാസികളുടെയും ഭൂവുടമകളുടെയും കൂട്ടായ്മ എന്ന നിലയിലാണ്. ഇതില്‍ വന്‍കിട ബൂര്‍ഷ്വാസികളുടെ അന്തര്‍ദ്ദേശീയ ഫിനാന്‍സ് മൂലധനവുമായുള്ള ഉള്‍ചേരലിനെക്കുറിച്ചും സി.പി.ഐ.എം വിലയിരുത്തുന്നുണ്ട്. വന്‍കിട ഇന്ത്യന്‍ ബൂര്‍ഷ്വാസിയെ നയിക്കുന്നതും നിയന്ത്രിക്കുന്നതും ആഗോള ഫിനാന്‍സ് മൂലധനമാണ് എന്നതും സി.പി.ഐ.എം നിലപാടാണ്. ഇത്തരത്തിലുള്ള വര്‍ഗതാല്‍പര്യങ്ങളെ പ്രതിനിധീകരിക്കുന്ന ഭരണകൂടത്തെ/ശത്രുവര്‍ഗത്തെ പരാജയപ്പെടുത്തേണ്ടത് തൊഴിലാളി-കര്‍ഷക സഖ്യത്തിലൂടെയായിരിക്കണം എന്നതാണ് സി.പി.ഐ.എം നിലപാട്.

വ്യാവസായിക തൊഴിലാളികളും, കര്‍ഷകത്തൊഴിലാളികളും, കര്‍ഷകരുമടങ്ങുന്ന ജനകീയ ജനാധിപത്യ മുന്നണിയാണ് ഇന്ത്യയില്‍ ഫ്യൂഡലിസവും ജന്മിത്വവുമെല്ലാം തകര്‍ത്ത് ജനകീയ ജനാധിപത്യ വിപ്ലവത്തിന്റെ പതാക വാഹകരാകേണ്ടത് എന്നതാണ് സി.പി.ഐ.എം സമീപനം. 1957ല്‍ ഇ.എം.എസിന്റെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ് മന്ത്രിസഭ ഭൂപരിഷ്‌കരണ നിയമം തയ്യാറാക്കിയതിന്റെയെല്ലാം ഉള്‍ക്കാഴ്ച മറ്റൊന്നുമായിരുന്നില്ല.

ഫ്യൂഡലിസവും ജന്മിത്വവുമെല്ലാം തകര്‍ക്കാന്‍ കഴിഞ്ഞെങ്കിലും, കാര്‍ഷികവിപ്ലവത്തെ അടുത്തഘട്ടത്തിലേക്ക് നയിക്കേണ്ടിയിരുന്ന മുന്നേറ്റത്തെ പിന്നോട്ടടിക്കുന്ന വിധത്തില്‍ വെള്ളം ചേര്‍ക്കപ്പെട്ടാണ് ഒരു വ്യാഴവട്ടത്തിനിപ്പുറം ഭൂപരിഷ്‌കരണ നിയമം നിലവില്‍ വന്നത്. ദേശീയ ബൂര്‍ഷ്വാസി ജനകീയ ജനാധിപത്യ വിപ്ലവത്തിന്റെ പതാകവാഹകരാകും എന്ന നിലയിലുള്ള പ്രത്യയശാസ്ത്ര വ്യാഖ്യാനം നടത്തുന്നവരുടെയെല്ലാം ആശയപരമായ ഉള്‍ക്കാഴ്ചയുടെ വൈകല്യം തിരിച്ചറിയാന്‍, ചരിത്രം പഠിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് മറ്റെവിടെയും പോകേണ്ടതില്ല.

സി.പി.ഐ ഇന്ത്യന്‍ ബൂര്‍ഷ്വാസിയെ ശത്രുവര്‍ഗമായി കാണുന്നില്ല. ഇന്ത്യന്‍ ബൂര്‍ഷ്വാസിയെ ദേശീയ ബൂര്‍ഷ്വാസിയെന്നാണ് സി.പി.ഐ വിലയിരുത്തുന്നത്. ദേശീയ ബൂര്‍ഷ്വാസിയും തൊഴിലാളികളും സാമ്രാജ്യത്വത്തിനെതിരെ സഖ്യത്തിലാവണം എന്നതാണ് സി.പി.ഐ ലൈന്‍. ദേശീയ ബൂര്‍ഷ്വാസിക്ക് അന്തര്‍ദേശീയ ഫിനാന്‍സ് മൂലധനവുമായി ബന്ധമുണ്ടെന്നോ ഇന്ത്യന്‍ ബൂര്‍ഷ്വാസി സാമ്രാജ്യത്വവുമായി ആഴത്തില്‍ ബന്ധപ്പെട്ട് കിടക്കുന്നുവെന്നോ സി.പി.ഐ വിലയിരുത്തിയിട്ടില്ല.

ദേശീയ ബൂര്‍ഷ്വാസിയുടെ നേതൃത്വത്തില്‍ ജനാധിപത്യ വിപ്ലവഘട്ടം പൂര്‍ത്തീകരിക്കുമെന്നതാണ് സി.പി.ഐ സമീപനം. അതുകൊണ്ടാണ് സി.പി.ഐ ദേശീയ ജനാധിപത്യവിപ്ലവം അതിനായി ദേശീയ ജനാധിപത്യസഖ്യം എന്ന നിലപാടെല്ലാം സ്വീകരിക്കുന്നത്. ഇന്ത്യന്‍ വിപ്ലവത്തെക്കുറിച്ച് സി.പി.ഐക്ക് പരിണാമപരമായ (evolutionary) കാഴ്ചപ്പാടാണ് ഉള്ളത് എന്ന് നിരീക്ഷിക്കേണ്ടി വരും. ഇന്ത്യന്‍ വിപ്ലവത്തെ സംബന്ധിച്ച് ലെനിനിസ്റ്റ് സമീപനമാണ് സി.പി.ഐ.എമ്മിനുള്ളത്.

ദേശീയ സ്വഭാവമുള്ള, പുരോഗമന സ്വഭാവമുള്ള ബൂര്‍ഷ്വാസിയുടെ നേതൃത്വത്തില്‍ തൊഴിലാളിവര്‍ഗം സഹകരിച്ചാണ് ഇന്ത്യയിലെ ജനാധിപത്യ വിപ്ലവം നടത്തേണ്ടത് എന്നാണ് സി.പി.ഐ നിലപാട്. ഇന്ത്യയിലെ തൊഴിലാളി വര്‍ഗരാഷ്ട്രീയം അതിന്റെ വര്‍ഗപരമായ ശേഷിയെ വിപുലപ്പെടുത്തിക്കൊണ്ട് മുന്നേറുന്നതില്‍ ഇത്തരം പ്രത്യയശാസ്ത്രപരമായ വൈകല്യങ്ങള്‍ എത്രമാത്രം വിഘാതമായിരുന്നു എന്നത് ഈ ഘട്ടത്തില്‍ ചരിത്രപരമായി പരിശോധിക്കപ്പെടേണ്ടതുണ്ട്.

സ്വാതന്ത്ര്യപ്രാപ്തിക്ക് ശേഷമുള്ള ഒന്നര ദശകത്തോളം രാജ്യത്തെ പൊതു-സ്വകാര്യ മേഖലകളില്‍ വര്‍ഗപരമായി സംഘടിപ്പിക്കപ്പെട്ട ശക്തമായ തൊഴിലാളി സമരങ്ങളാണ് നടന്നിരുന്നത്. അത്തരത്തില്‍ സമരം ചെയ്തിരുന്ന തൊഴിലാളികള്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ടിരുന്ന സമയത്താണ് അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ സി.പി.ഐ നിലപാട് പറയുന്ന വിഭാഗം, ഇന്ത്യന്‍ ബൂര്‍ഷ്വാസി വര്‍ഗത്തിലെ ഭൂരിഭാഗം ആളുകളും പുരോഗമനസ്വഭാവമുള്ളവരാണെന്നും അവര്‍ തൊഴിലാളിവര്‍ഗത്തിന്റെ മിത്രങ്ങളാണെന്നും വാദിച്ചുകൊണ്ടിരുന്നത്.

തൊഴിലാളിവര്‍ഗത്തിന്റെ അടിത്തറ വിപുലപ്പെടുത്തിക്കൊണ്ട്, ജനകീയ ജനാധിപത്യസഖ്യം രൂപപ്പെടുത്തേണ്ടുന്ന ലെനിനിസ്റ്റ് സമീപനം ഉയര്‍ത്തിപ്പിടിച്ച്, തൊഴിലാളി വര്‍ഗരാഷ്ട്രീയത്തെ ശക്തിപ്പെടുത്താന്‍ കഴിയുമായിരുന്ന ഒരു കാലഘട്ടത്തിലാണ് അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഇത്തരം റിവിഷനിസ്റ്റ് സമീപനങ്ങള്‍ക്ക് മേല്‍ക്കൈ കിട്ടിയിരുന്നത്. സ്വാതന്ത്ര്യപ്രാപ്തിക്ക് ശേഷമുള്ള നിര്‍ണായകമായ ഒന്നര ദശകങ്ങളാണ് ഇത്തരത്തില്‍ പ്രത്യയശാസ്ത്ര വൈകല്യം കൊണ്ട് അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് തൊഴിലാളി വര്‍ഗരാഷ്ട്രീയ സംഘാടനത്തില്‍ നഷ്ടമായത്.

ഇപ്പോഴും ഏറ്റവും അടിസ്ഥാനപരമായ ഈ നിലപാടില്‍ പരിപാടിയുടെ ഭാഗമായി സി.പി.ഐ മാറ്റം വരുത്തിയിട്ടില്ല എന്ന് ആവര്‍ത്തിച്ച് ഉറപ്പിക്കുന്നുണ്ട്, ചരിത്രപരമായി കോണ്‍ഗ്രസിനെ വിലയിരുത്താതെ സ്വീകരിക്കുന്ന നിലപാടുകള്‍. ഇന്ത്യന്‍ ബൂര്‍ഷ്വാസി വര്‍ഗത്തിലെ ഭൂരിഭാഗം ആളുകളും പുരോഗമന സ്വഭാവമുള്ള ആളുകളാണെന്നും അവര്‍ തൊഴിലാളി വര്‍ഗത്തിന്റെ മിത്രങ്ങളാണ് എന്നുമുള്ള ഡാങ്കേയിസ്റ്റ് നിലപാടിനെ ചരിത്രപരമായി വിലയിരുത്താനും പ്രത്യയശാസ്ത്രപരമായി നവീകരിക്കാനുമുള്ള ശേഷിയില്ലായ്മ കൂടി ബിനോയ് വിശ്വത്തിന്റെ സമീപനത്തില്‍ അന്തര്‍ലീനമാണെന്ന് ആരെങ്കിലും വായിച്ചാല്‍ അവരെ തെറ്റുപറയാന്‍ കഴിയില്ല.

ഈ ഘട്ടത്തില്‍ ബി.ടി. രണദിവെയുടെ ‘രണ്ടു പ്രോഗ്രാമുകള്‍ മാര്‍ക്‌സിസ്റ്റ് ആന്‍ഡ് റിവിഷനിസ്റ്റ്’
എന്ന പഠനം വീണ്ടും വീണ്ടും വായിക്കപ്പെടേണ്ടതുണ്ട്. പ്രത്യയശാസ്ത്ര മൂര്‍ച്ചയുള്ള മാര്‍ക്‌സിസ്റ്റുകളാകാനുള്ള ശേഷി റിവിഷനിസ്റ്റുകളായ ഡാങ്കേയിസ്റ്റുകള്‍ക്കില്ലെന്ന് ചരിത്രം വീണ്ടും ഓര്‍മപ്പെടുത്തുകയാണ്.

സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടെ മാര്‍ക്‌സിസ്റ്റ്-ലെനിനിസ്റ്റ് പ്രത്യയശാസ്ത്ര പ്രതിസന്ധി ലോകത്തെ വിവിധരാജ്യങ്ങളിലെ കമ്യൂണിസ്റ്റ് പാര്‍ട്ടികളെ ബാധിച്ചിരുന്നു. എന്നാല്‍ മാര്‍ക്‌സിസം, ലെനിനിസത്തിന്റെ അടിസ്ഥാനതത്വങ്ങളായ വര്‍ഗസമരം, ജനാധിപത്യ പ്രസ്ഥാനത്തില്‍ തൊഴിലാളിവര്‍ഗത്തിന്റെ നേതൃത്വം, അതിന്റെ രാഷ്ട്രീയരൂപമായ തൊഴിലാളിവര്‍ഗ സര്‍വാധിപത്യം, കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃപരമായ പങ്ക്, തൊഴിലാളിവര്‍ഗത്തിന്റെ സാര്‍വദേശീയത, ജനാധിപത്യപരമായ കേന്ദ്രീകരണ സംഘടനാതത്വം മുതലായവയിലെല്ലാം ഞങ്ങള്‍ ഉറച്ചുനില്‍ക്കുന്നു, അവ പ്രയോഗത്തില്‍ വരുത്തിയപ്പോള്‍ പറ്റിയ പാകപ്പിഴകള്‍ തീര്‍ത്ത് അവയെ അടിസ്ഥാനപരമായി ഞങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നു എന്ന നിലപാടാണ് സി.പി.ഐ.എം സ്വീകരിച്ചത്.

എന്നാല്‍ മാര്‍ക്‌സിസം-ലെനിനിസം ഒറ്റക്ക് ഇനി നിലനില്‍ക്കുമോ എന്ന ആശങ്ക പിടികൂടിയ വലത് റിവിഷനിസ്റ്റുകള്‍, വിവിധ തുറകളില്‍ നിന്നും ഏറ്റവും നല്ല ആശയങ്ങളും രീതികളും സ്വീകരിക്കുന്ന നിലയില്‍ സമൂഹത്തില്‍ ഇടപെടേണ്ടതുണ്ടെന്ന ചിന്തയെ (eclectic thought) സംഘടനക്കുള്ളില്‍ ചര്‍ച്ചയായി ഉയര്‍ത്തിരുന്നു. സോവിയറ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ 28, 29 പാര്‍ട്ടി കോണ്‍ഗ്രസുകളില്‍, മാര്‍ക്‌സിസം-ലെനിനിസത്തിന്റെയും വര്‍ഗസമരത്തിന്റെ തന്നെയും അടിസ്ഥാന ആശയങ്ങളെ നിരാകരിക്കുന്ന സോഷ്യല്‍ ഡെമോക്രാറ്റിക് സമീപനം രൂപപ്പെട്ടിരുന്നു. ഇതിന്റെ സ്വാധീനം സോവിയറ്റ് തകര്‍ച്ചക്ക് ശേഷം സി.പി.ഐയിലെ ചില നേതാക്കളിലും ഉണ്ടായിരുന്നു.

എന്നാല്‍ ആശയപരമായി പ്രതിരോധം ഉയര്‍ത്താന്‍ ശേഷിയുള്ള, സത്യപാല്‍ ഡാങ്ങിനെപ്പോലെ ഇടതുസമീപനമുള്ള നേതാക്കള്‍ ബാക്കി ഉണ്ടായതിനാല്‍ മാത്രമാണ് സോവിയറ്റ് തകര്‍ച്ചക്ക് ശേഷം റിവിഷനിസത്തിന്റെ പടുകുഴിയിലേയ്ക്ക് സി.പി.ഐ വീണു പോകാതിരുന്നത് എന്ന നിരീക്ഷണങ്ങളുണ്ട്. മാര്‍ക്‌സിസം-ലെനിനിസത്തില്‍ ഉറച്ചുനിന്നുകൊണ്ട്, സോവിയറ്റ് തകര്‍ച്ചക്ക് ശേഷം ഏറ്റവും ശാസ്ത്രീയമായി പ്രത്യയശാസ്ത്ര വിശകലനം നടത്താന്‍ സി.പി.ഐക്ക് കഴിയാതെപോയത് സി.പി.ഐയുടെ പാര്‍ട്ടി പരിപാടിയില്‍ ഡാങ്കേയിസ്റ്റ് വൈകല്യങ്ങള്‍ ബാക്കിയായതിനാലാണ്.

ബി.ജെ.പി നേതൃത്വം നല്‍കുന്ന തീവ്രഹിന്ദുത്വത്തെ പ്രതിനിധീകരിക്കുന്ന നരേന്ദ്ര മോദി, സര്‍ക്കാര്‍ തീവ്ര വലതുപക്ഷ സാമ്പത്തികനയങ്ങള്‍ അന്തര്‍ദേശീയ ഫിനാന്‍സ് മൂലധനത്തിന്റെ താല്‍പര്യത്തിനും നിയന്ത്രണത്തിനും വഴിപ്പെട്ട് വിവേചന ബോധമില്ലാതെ നടപ്പിലാക്കുകയാണ്. കോണ്‍ഗ്രസാണ് ഈ നയങ്ങളുടെ ബീജപാപം ചെയ്തതെന്ന യാഥാര്‍ത്ഥ്യവും മറക്കരുത്. രാജ്യത്ത് ഉയര്‍ന്നുവന്ന കര്‍ഷകസമരത്തെയും തൊഴിലാളി സമരത്തെയുമെല്ലാം ജനകീയ ജനാധിപത്യ വിപ്ലവത്തിന്റെ അടിത്തറയായ തൊഴിലാളി-കര്‍ഷക ഐക്യമുന്നണിയായി രൂപപ്പെടുത്തേണ്ട രാഷ്ട്രീയ ഉത്തരവാദിത്തം തൊഴിലാളി വര്‍ഗരാഷ്ട്രീയ നേതൃത്വത്തിനുണ്ട്.

ഈ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാവും, സി.പി.ഐ.എം പരിപാടിയുടെ ഭാഗമായി വിശദമായ കാര്‍ഷികപരിപാടി കൂടി രൂപപ്പെടുത്തുന്ന ഗൗരവകരമായ ചര്‍ച്ചകള്‍ സി.പി.ഐ.എം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി ഉയര്‍ന്നുവരുമെന്ന സൂചന ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നല്‍കിയത്. ഇത്തരം പ്രത്യയശാസ്ത്ര നിലപാടുകള്‍ ചര്‍ച്ചയാകേണ്ട ഘട്ടത്തില്‍ ഉയര്‍ന്നുവരേണ്ട ചര്‍ച്ചകള്‍ക്കാണോ ഇപ്പോള്‍ തിരി കൊളുത്തിയിരിക്കുന്നതെന്ന് ബന്ധപ്പെട്ടവരാണ് വിലയിരുത്തേണ്ടത്.

ഇന്ത്യന്‍ ബൂര്‍ഷ്വാസി, അന്താരാഷ്ട്ര ഫിനാന്‍സ് മൂലധനത്തിന്റെ കൈയാളുകളും ഇന്ത്യന്‍ ഭരണവര്‍ഗത്തെ നിയന്ത്രിക്കുന്നവരുമാന്നെന്ന് മനസിലാക്കാന്‍ കഴിയാത്തവര്‍ ആശയപരമായി ഇന്നും റിവിഷനിസ്റ്റുകള്‍ തന്നെയാണ്. വലതുപക്ഷ വ്യതിയാനത്തിന് കിട്ടുന്ന കയ്യടികളില്‍ മാര്‍ക്‌സിസ്റ്റുകള്‍ ആശങ്കപ്പെടേണ്ടതില്ല, ചരിത്രം പ്രഹസനമായി വീണ്ടും ആവര്‍ത്തിക്കപ്പെടുന്നതില്‍ ആശങ്കപ്പെടേണ്ടതും തിരുത്തേണ്ടതും റിവിഷനിസ്റ്റുകളാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Dipin Mananthavadi writes about the new controversial statement of Binoy Viswam

ദിപിന്‍ മാനന്തവാടി
മാധ്യമപ്രവർത്തകന്‍