കുമാരനാശാനോട് ചെയ്തത് റഫീഖ് അഹമ്മദിനോട് ആവര്‍ത്തിക്കാതിരിക്കട്ടെ
Opinion
കുമാരനാശാനോട് ചെയ്തത് റഫീഖ് അഹമ്മദിനോട് ആവര്‍ത്തിക്കാതിരിക്കട്ടെ
ദിപിന്‍ മാനന്തവാടി
Tuesday, 25th January 2022, 6:33 pm
വര്‍ത്തമാനകാല വിഷയങ്ങള്‍ സാഹിത്യസൃഷ്ടിയില്‍ വസ്തുതാപരമായി പതിഞ്ഞില്ലെങ്കില്‍ അത് യഥാര്‍ത്ഥ ചരിത്രമായി തല്‍പരകക്ഷികള്‍ ഭാവിയില്‍ ഉപയോഗിച്ചേക്കാം എന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമാകുന്നുണ്ട് കുമാരനാശാന്‍റെ ദുരവസ്ഥയെ ചരിത്രപാഠമാക്കി വ്യാഖ്യാനിക്കുന്ന സംഘപരിവാര്‍ വേര്‍ഷന്‍. സാഹിത്യസൃഷ്ടി വര്‍ത്തമാന കാലത്തിന്റെ ചരിത്രപുസ്തകമായിരുന്നു എന്ന നിലയില്‍ നാളെകളില്‍ വ്യാഖ്യാനിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് പുതിയ ചരിത്ര നിര്‍മാതാക്കള്‍ നമ്മെ ഓര്‍മപ്പെടുത്തുന്നുണ്ട്. സാഹിത്യ സൃഷ്ടിയെയും ഉള്ളടക്കത്തെയും മാറ്റിനിര്‍ത്തി എഴുത്തുകാരനെ വ്യക്തിപരമായി മുനയില്‍ നിര്‍ത്തിക്കൊണ്ടുള്ള വിമര്‍ശനങ്ങളോട് യോജിപ്പില്ല. അതുകൊണ്ട് റഫീഖ് അഹമ്മദിന്റെ കവിത വിമര്‍ശിക്കപ്പെടട്ടെ. മാനവിക ബോധമുള്ള മതേതര കവിയെന്ന നിലയില്‍ റഫീഖ് അഹമ്മദ് ബഹുമാനിക്കപ്പെടട്ടെ...

‘ക്രൂര മുഹമ്മദര്‍ ചിന്തുന്ന ഹൈന്ദവ-
ച്ചോരയാല്‍ ചൊല്ലെഴും ‘ഏറനാട്ടില്‍…’

മഹാകവി കുമാരനാശന്റെ ദുരവസ്ഥയിലെ ഈ വരികള്‍ ഒരു നൂറ്റാണ്ടിനിപ്പുറം നാടിന്റെ ഒരു സാംസ്‌കാരിക ലെഗസിയും അവകാശപ്പെടാനില്ലാത്ത സംഘപരിവാര്‍ ബുദ്ധിജീവികള്‍ ദുര്‍വ്യാഖ്യാനിച്ചത് നമ്മള്‍ നേരനുഭവത്തില്‍ മനസിലാക്കിയതാണ്.

മലബാര്‍ ലഹള വര്‍ഗീയകലാപമായിരുന്നു എന്ന സംഘപരിവാറിന്റെ ചരിത്രവിരുദ്ധമായ നുണപ്രചരണത്തെ സാധൂകരിക്കാനാണ് ദുരവസ്ഥയിലെ ഈ വരികളെയും കുമാരനാശാന്‍ എന്ന കവിയുടെ സാമൂഹികമായ സ്വീകാര്യതയെയും സംഘപരിവാര്‍ അടര്‍ത്തിയെടുത്ത് ഉപയോഗിക്കാന്‍ ശ്രമിച്ചത്. ഈ വിവരണം കേട്ടപാടെ ചരിത്രബോധമില്ലാത്ത മുസ്‌ലിം മതമൗലിക വാദികള്‍ മതനിരപേക്ഷ കവിയും ശ്രീനാരായണ ആശയങ്ങളുടെ പ്രചാരകനുമായ കുമാരനാശാനെ മുസ്‌ലിം വിരുദ്ധനാക്കാനുള്ള പരിശ്രമവുമായി രംഗത്തിറങ്ങി.

ദുരവസ്ഥ എഴുതുന്ന സമയത്ത് മലബാര്‍ ലഹളയെക്കുറിച്ച് ഏകപക്ഷീയമായി മനസിലാക്കിയ റഫറന്‍സുകളും പത്രവാര്‍ത്തകളുമാണ് ആശാന്റെ കാവ്യഭാവനയെ വൈകാരികമായി സ്വാധീനിച്ചതെന്ന് ആശാനെക്കുറിച്ച് അക്കാദമിക്കലായി പഠിച്ച പ്രൊഫസര്‍ എം.എം. ബഷീര്‍ കലാകൗമുദി വാരികയില്‍ എഴുതിയിരുന്നു.

എം.എം. ബഷീര്‍ വ്യക്തമാക്കിയത് ഇങ്ങനെയാണ്; ‘…1921ല്‍ മലബാര്‍ കലാപം നടക്കുന്ന കാലത്ത് മദ്രാസില്‍ നിന്നും അച്ചടിച്ച് തിരുവനന്തപുരത്ത് എത്തിയിരുന്ന ഇംഗ്ലീഷ് പത്രങ്ങളിലാണ് മലബാര്‍ വാര്‍ത്തകള്‍ വന്നിരുന്നത്. അന്ന് മലബാര്‍ മദ്രാസ് പ്രവിശ്യയുടെ ഭാഗമായിരുന്നു.

തിരുവനന്തപുരത്ത് ധാരാളം ഇംഗ്ലീഷുകാര്‍ ഉണ്ടായിരുന്നിതിനാല്‍ മദ്രാസില്‍ നിന്നും പത്രങ്ങള്‍ ഇവിടേക്ക് എത്തിയിരുന്നു. അതത് ദിവസത്തെ ഇംഗ്ലീഷ് പത്രങ്ങള്‍ രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കുള്ളില്‍ മാത്രമാണ് തിരുവനന്തപുരത്ത് എത്തിയിരുന്നത്. കുമാരനാശാന്‍ ഇംഗ്ലീഷ് ദിനപത്രങ്ങള്‍ മുടങ്ങാതെ വായിച്ചിരുന്നു.

മലബാറില്‍ വര്‍ഗീയകലാപമാണ് നടക്കുന്നതെന്ന വിധത്തിലാണ് 1921ലെ കലാപത്തെ സംബന്ധിച്ച് മദ്രാസില്‍ നിന്നുള്ള ഇംഗ്ലീഷ് പത്രങ്ങള്‍ വാര്‍ത്തകള്‍ നല്‍കിയിരുന്നത്. ആശാന്‍ ദുരവസ്ഥ രചിച്ചുകൊണ്ടിരുന്ന കാലമായിരുന്നിത്.

‘ക്രൂരമുഹമ്മദര്‍ ചിന്തുന്ന ഹൈന്ദവച്ചോര…’ എന്ന വരികളെ സ്വാധീനിച്ചത് തുടര്‍ച്ചയായി ഈ ഇംഗ്ലീഷ്
പത്രത്തിലൂടെ മനസ്സിലാക്കിയ മലബാറിലെ കലാപസാഹചര്യമായിരുന്നു. ബോധപൂര്‍വ്വം മുഹമ്മദീയരെ ഹിന്ദുവിരുദ്ധരായി ചിത്രീകരിക്കാന്‍ ആശാന്‍ ശ്രമിച്ചിട്ടില്ല. ആശാന് മുസ്‌ലിം വിരുദ്ധതയും ഉണ്ടായിരുന്നില്ല..’

മദ്രാസ് പ്രൊവിന്‍സിന്റെ ഭാഗമായിരുന്ന മലബാറില്‍ നടക്കുന്ന വിഷയങ്ങള്‍ മറ്റൊരു നാട്ടുരാജ്യമായിരുന്ന തിരുവിതാംകൂറിലിരുന്ന് വസ്തുനിഷ്ഠമായി മനസിലാക്കാന്‍ അന്നത്തെ കാലത്ത് കുമാരനാശാന് പരിമിതികള്‍ ഉണ്ടായിരുന്നു. കേട്ടുകേള്‍വിയെയും ഏകപക്ഷീയമായ പത്രവാര്‍ത്തകളെയും ആശാന്‍ വസ്തുതകളായി മനസ്സിലാക്കി.

മാനവിക ബോധമുള്ള കവിയെ ഇത്തരത്തില്‍ മനസിലാക്കിയ കാര്യങ്ങള്‍ വൈകാരികമായി സ്വാധീനിച്ചു. വര്‍ത്തമാനകാല വിഷയങ്ങളെ സാഹിത്യസൃഷ്ടിയില്‍ പ്രതിഫലിപ്പിക്കുമ്പോള്‍ കേവലമായ വൈകാരിക പ്രതികരണങ്ങളെക്കാള്‍ വസ്തുകള്‍ക്കാണ് പ്രധാന്യം നല്‍കേണ്ടതെന്ന് ഒരുപക്ഷെ ആശാന്‍ നിരൂപിച്ചിരിക്കില്ല.

ചരിത്രവിരുദ്ധമായ ഒരു കള്ളപ്രചരണത്തിന് വേണ്ടി വസ്തുതകള്‍ മനസിലാക്കാന്‍ ശ്രമിക്കാതെ വൈകാരികമായി പ്രതികരിച്ച ഒരു സാഹിത്യസൃഷ്ടി, ചരിത്രപുസ്തകം പോലെ ഒരു നൂറ്റാണ്ടിനിപ്പുറം അവതരിപ്പിക്കപ്പെടുമെന്ന് ആശാന്‍ സ്വപ്നത്തില്‍ പ്രതീക്ഷിച്ചിരിക്കില്ല.

വര്‍ത്തമാനകാല വിഷയങ്ങള്‍ സാഹിത്യസൃഷ്ടിയില്‍ വസ്തുതാപരമായി പതിഞ്ഞില്ലെങ്കില്‍ അത് യഥാര്‍ത്ഥ ചരിത്രമായി തല്‍പരകക്ഷികള്‍ ഭാവിയില്‍ ഉപയോഗിച്ചേക്കാം എന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമാകുന്നുണ്ട് ദുരവസ്ഥയെ ചരിത്രപാഠമാക്കി വ്യാഖ്യാനിക്കുന്ന സംഘപരിവാര്‍ വേര്‍ഷന്‍.

ദുരവസ്ഥ പുറത്തിറങ്ങിയതിന് ശേഷം കുമാരനാശാന് സംഭവിച്ച വസ്തുതാപരമായ പിശകും ഉള്ളടക്കത്തിലെ ദുര്‍വ്യാഖ്യാന സാധ്യതയും വിമര്‍ശന വിധേയമായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നു. ശ്രീനാരായണീയ ആശയങ്ങളുടെ ഉപാസകനായിരുന്ന ആശാന്‍ അത്തരം വിമര്‍ശനങ്ങളെ ഗുണപരമായി ഉള്‍ക്കൊണ്ടിരുന്നതായും കലാകൗമുദിയിലെ മേല്‍സൂചിപ്പിച്ച കുറിപ്പില്‍ എം.എം. ബഷീര്‍ ചൂണ്ടിക്കാണിച്ചിരുന്നു.

                                 എം.എം. ബഷീര്‍

അതിങ്ങനെയാണ്; ‘ദുരവസ്ഥ പ്രസിദ്ധീകരിച്ചതിന് ശേഷം ആലപ്പുഴയിലെ ഒരുകൂട്ടം മുസ്‌ലിം ചെറുപ്പക്കാര്‍ അതിന്റെ കുറേ കോപ്പികള്‍ വാരിയിട്ട് തീയിടുകയും കുമാരനാശാന് ഇത് സംബന്ധിച്ച് കത്തെഴുതുകയും ചെയ്തിരുന്നു. ആശാന്‍ ഈ കത്തിന് മറുപടിയും എഴുതിയിട്ടുണ്ട്.

തെറ്റിദ്ധരിക്കപ്പെട്ട് ഇത്തരത്തില്‍ എഴുതാനിടയായ പശ്ചാത്തലം മറുപടി കത്തില്‍ ആശാന്‍ വിശദമായി എഴുതിയിരുന്നു. ഈ വിഷയത്തിന്റെ പേരില്‍ നിങ്ങള്‍ തെറ്റിദ്ധരിക്കുകയോ, പ്രക്ഷുബ്ദരാവുകയോ ചെയ്യരുതെന്ന് ആശാന്‍ മറുപടി കത്തില്‍ അഭ്യര്‍ത്ഥിച്ചിരുന്നു.

കേരള കൗമുദിയുടെ സ്ഥാപക പത്രാധിപരായ സി.വി. കുഞ്ഞിരാമന്‍ ആ കത്തിടപാട് സംബന്ധിച്ച വിവരങ്ങള്‍ പത്രത്തില്‍ എഴുതിയിരുന്നു. പിന്നീട് ഒരു പരിപാടിയില്‍ പങ്കെടുക്കാനായി ആലപ്പുഴയില്‍ എത്തിയ ആശാന്‍ ഈ വിഷയത്തില്‍ കത്തിടപാട് നടത്തിയ ആലപ്പുഴയിലെ ചെറുപ്പക്കാരുടെ സംഘത്തെ നേരില്‍ കണ്ട് സംസാരിച്ചിരുന്നു.

ആ ചെറുപ്പക്കാര്‍ക്ക് ഈ വിഷയം സംബന്ധിച്ച എല്ലാ തെറ്റിദ്ധാരണകളും മാറിയിരുന്നു. വരാനിരിക്കുന്ന
പതിപ്പില്‍ തെറ്റിദ്ധരിക്കപ്പെട്ട് എഴുതിയ വരികള്‍ തിരുത്താമെന്നും ആശാന്‍ അവര്‍ക്ക് വാക്കുനല്‍കിയിരുന്നു. എന്നാല്‍ അടുത്ത പതിപ്പ് പുറത്തിറങ്ങുന്നതിന് മുമ്പായി തന്നെ വാക്കുപാലിക്കാന്‍ കഴിയാതെ ആശാന്‍
ഈ ലോകം വിട്ടുപോയി…’

വര്‍ത്തമാനകാല വിഷയങ്ങളില്‍ കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തിലുള്ള വൈകാരിക പ്രതികരണങ്ങള്‍ സാഹിത്യസൃഷ്ടിയായി രൂപപ്പെടുന്നത് ആശാന്റെ കാലത്തും വിമര്‍ശിക്കപ്പെട്ടിരുന്നു. വിമര്‍ശന വിധേയമാകുന്ന കൃതി കാട്ടുതീ പോലെ പ്രചരിക്കപ്പെടാന്‍ ആധുനിക സാങ്കേതിക സഹായമുള്ള പ്രചരണോപാധികള്‍ അന്നില്ലായിരുന്നു.

വിമര്‍ശനം ഉന്നയിക്കപ്പെടാനുള്ള മീഡിയത്തിന്റെ വിസിബിളിറ്റിയും താരതമ്യേന വിരളമായിരുന്നു. അതിനാല്‍ തന്നെ ആശാന് എതിരെ അന്നുയര്‍ന്ന വിമര്‍ശനങ്ങളും അത് തിരുത്താനുള്ള ആശാന്റെ മനസും വളരെ ചെറിയ വിഭാഗത്തിന് മാത്രം അറിവുള്ള വിഷയമായി ചുരുങ്ങിയിരുന്നു.

അതുകൊണ്ടാണ് ഒരു നൂറ്റാണ്ടിനിപ്പുറം ആശാന്റെ സാഹിത്യസൃഷ്ടിയെ, മലബാര്‍ ലഹള വര്‍ഗീയ ലഹളയായിരുന്നു എന്ന് സാക്ഷ്യപ്പെടുത്താനുള്ള ചരിത്രപുസ്തകമായി അവതരിപ്പിക്കാന്‍ സംഘപരിവാറിന് അവസരം ലഭിച്ചത്. ആശാന്‍ മുസ്‌ലിംവിരുദ്ധനാണ് എന്ന് പ്രചരിക്കാന്‍ മുസ്‌ലിം മതമൗലികവാദികള്‍ക്ക് സാധിച്ചതും അതുകൊണ്ടാണ്.

വര്‍ത്തമാന വിഷയങ്ങള്‍ സാഹിത്യ സൃഷ്ടികളാകുമ്പോള്‍ അവ വൈകാരികമായ മാനവികബോധത്താല്‍ വളച്ചൊടിക്കപ്പെടുന്നു എങ്കില്‍ അത് കൃത്യമായി തുറന്നുകാണിച്ച് വിമര്‍ശിക്കപ്പെടണം. അത്തരം സാഹിത്യസൃഷ്ടി വര്‍ത്തമാന കാലത്തിന്റെ ചരിത്രപുസ്തകമായിരുന്നു എന്ന നിലയില്‍ നാളെകളില്‍ വ്യാഖ്യാനിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് പുതിയ ചരിത്ര നിര്‍മാതാക്കള്‍ നമ്മെ ഓര്‍മപ്പെടുത്തുന്നുണ്ട്.

അതിനാല്‍ മാനവികബോധത്താല്‍ വളച്ചൊടിക്കപ്പെടുന്ന വൈകാരികതകളും അതേ അര്‍ത്ഥത്തില്‍ ഡോക്യുമെന്റ് ചെയ്യപ്പെടേണ്ടതുണ്ട്. മണ്ഡന വിമര്‍ശനത്തിന്റെ തൂവല്‍സ്പര്‍ശം മാത്രമല്ല ഖണ്ഡന വിമര്‍ശനത്തിന്റെ മുള്‍ഇതളുകള്‍ക്കിടയില്‍ കൂടിയും സാഹിത്യസൃഷ്ടികള്‍ക്ക് സഞ്ചരിക്കേണ്ടിവരും.

പുതിയ കാലത്ത് സോഷ്യല്‍ മീഡിയ എല്ലാവര്‍ക്കും കവികളും വിമര്‍ശകരുമൊക്കെയായി മാറാനുള്ള ജനാധിപത്യപരമായ സര്‍ഗാത്മക ഇടം തുറന്നിടുന്നുമുണ്ട്. അതിനാല്‍ തൂവല്‍സ്പര്‍ശവും മുള്ളിതളിന്റെ സാന്നിധ്യവും 1000ന് എത്ര എന്ന നിലയിലാണ് ഇന്ന് അനുഭവത്തില്‍ പ്രതിഫലിക്കുക.

വിമര്‍ശനം മണ്ഡനമായാലും ഖണ്ഡനമായാലും അത് കാട്ടുകടന്നലിനെ പോലെ വന്നാലും ഈയാമ്പാറ്റയെ പോലെ വന്നാലും ഉള്ളടക്കത്തെ മാത്രമാകണം പരിഗണിക്കേണ്ടത്. സാഹിത്യ സൃഷ്ടിയെയും ഉള്ളടക്കത്തെയും മാറ്റിനിര്‍ത്തി എഴുത്തുകാരനെ വ്യക്തിപരമായി മുനയില്‍ നിര്‍ത്തിക്കൊണ്ടുള്ള വിമര്‍ശനങ്ങളോട് യോജിപ്പില്ല.

ഉള്ളടക്കം മാത്രം ചോദ്യം ചെയ്യപ്പെടട്ടെ, വസ്തുതയാണ് എന്ന നിലയില്‍ മനസിലാക്കി അവതരിപ്പിക്കപ്പെട്ടിരിക്കുന്ന യാഥാര്‍ത്ഥ്യ ബോധ്യമില്ലാത്ത ഭാവനകള്‍ ചോദ്യം ചെയ്യപ്പെടട്ടെ. അത് ചോദ്യം ചെയ്യപ്പെടുക തന്നെ വേണം.

റഫീഖ് അഹമ്മദിന്റെ കവിത വിമര്‍ശിക്കപ്പെടട്ടെ. മാനവിക ബോധമുള്ള മതേതര കവിയെന്ന നിലയില്‍ റഫീഖ് അഹമ്മദ് ബഹുമാനിക്കപ്പെടട്ടെ

Content Highlight: Dipin Mananthavadi writes about the controversy regarding Rafeeq Ahammed’s poetry on K Rail

ദിപിന്‍ മാനന്തവാടി
മാധ്യമപ്രവർത്തകന്‍