രാജ്യത്തെ കാര്‍ഷിക മേഖലയെ അന്താരാഷ്ട്ര ഫിനാന്‍സ് മൂലധനത്തിന്റെ കളിപ്പാവകളായ കുത്തകള്‍ക്ക് അടിയറ വെക്കുന്നതിനായി രൂപപ്പെടുത്തിയ കാര്‍ഷിക നിയമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചിരിക്കുന്നു. അതിനാടകീയമായും അതിവൈകാരികമായും കര്‍ഷകരോട് മാപ്പിരന്നായിരുന്നു കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതായുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.
ഇതുകൊണ്ടൊന്നും ഒരു വര്‍ഷമായി സമരത്തിനെതിരെ സര്‍ക്കാര്‍ കൈകൊണ്ട അതിക്രൂരമായ ഫാസിസ്റ്റ് സമീപനങ്ങള്‍ വെള്ളപൂശപ്പെടുന്നില്ല. സമരത്തിന്റെ ഭാഗമായി രക്തസാക്ഷികളായ കര്‍ഷകരുടെ ചോരക്കറ ഭരണകൂടത്തിന്റെ കൈയ്യില്‍ നിന്നും മാഞ്ഞു പോകുന്നുമില്ല.
ഇന്നലെ വരെ ഇന്ത്യയിലെ ഫാസിസ്റ്റ് ഭരണകൂടത്തിന് എതിരായി ഉയര്‍ന്നുവന്ന എല്ലാത്തരം എതിര്‍പ്പുകളെയും മതത്തിന്റെയും ജാതിയുടെയും വിഭാഗീയ ധ്രുവീകരണങ്ങള്‍ കൊണ്ട് മറികടക്കാന്‍ സംഘപരിവാര്‍ നിയന്ത്രിക്കുന്ന ഇന്ത്യന്‍ ഭരണകൂടത്തിന് സാധിച്ചിരുന്നു.
എന്നാല്‍, കര്‍ഷക സമരത്തെ ഇത്തരം ഭിന്നിപ്പിന്റെ, വെറുപ്പിന്റെ രാഷ്ട്രീയം കൊണ്ട് ദുര്‍ബലപ്പെടുത്താന്‍ കഴിയില്ലെന്ന് സംഘപരിവാര്‍ നേതൃത്വം തിരിച്ചറിഞ്ഞു എന്നുവേണം മനസ്സിലാക്കാന്‍.
കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ കോര്‍പറേറ്റ് അനുകൂല നിലപാടുകള്‍ക്കെതിരായി രാജ്യത്ത് ഉയര്‍ന്നുവരുന്ന മുഴുവന്‍ സമരങ്ങളുടെയും മാതാവാകാനുളള കരുത്ത് കര്‍ഷക സമരം ആര്‍ജിച്ച് കഴിഞ്ഞതായി സംഘപരിവാര്‍ ബുദ്ധികേന്ദ്രങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ട്.
കര്‍ഷകരും തൊഴിലാളികളും ജാതി മത വിഭാഗീയതകള്‍ക്ക് അതീതമായ വര്‍ഗബോധത്തോടെ സംഘടിക്കുന്നതും ഐക്യപ്പെടുന്നതും ജനകീയ സമരങ്ങള്‍ ശക്തിപ്പെടുത്തുന്നതും അതിന് ബഹുജന സ്വീകാര്യത വരുന്നതും തങ്ങളുടെ വിഭജന-വര്‍ഗീയ രാഷ്ട്രീയത്തിനും അതിന്റെ പിന്‍ബലത്തില്‍ കരഗതമായ ഭരണാധികാരത്തിനും വെല്ലുവിളിയാകുമെന്ന് സംഘപരിവാര്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു.
ഈ തിരിച്ചറിവിന്റെ അടിസ്ഥാനത്തില്‍, നിവര്‍ത്തികേടുകൊണ്ട് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ മോദി സര്‍ക്കാര്‍ തയ്യാറായതാണ്. അല്ലാതെ അന്താരാഷ്ട്ര ഫിനാന്‍സ് മൂലധനത്തിന്റെ കളിപ്പാവകളായ കുത്തകള്‍ക്ക് വേണ്ടി ഭരിക്കുന്ന മോദി ഭരണകൂടത്തിന്റെ തീവ്രവലതുപക്ഷ രാഷ്ട്രീയ നിലപാടിന് എന്തെങ്കിലും മാറ്റം സംഭവിച്ചു എന്ന നിലയില്‍ കേന്ദ്രസര്‍ക്കാരിന്റെ താല്‍ക്കാലിക പിന്നോട്ടു പോക്കിനെ കാണേണ്ടതില്ല.
കര്‍ഷക സമരത്തെ ജാതീയമായും മതപരമായും ഭിന്നിപ്പിച്ച് ദുര്‍ബലപ്പെടുത്താനുള്ള കൊണ്ടുപിടിച്ച പരിശ്രമം സംഘപരിവാര്‍ അനുകൂല സംഘടനകളും സംഘപരിവാര്‍ നിയന്ത്രിത കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും നടത്തിയിരുന്നു.
ദേശസ്‌നേഹത്തിന്റെ പുളിച്ചു തികട്ടിയ വൈകാരികതകളും പ്രയോഗിച്ച് നോക്കിയിരുന്നു. സമരം ചെയ്യുന്നവര്‍ ചൈനീസ് ചാരന്മാരാണ് എന്ന പ്രചരണം വരെ ഉയര്‍ന്നു വന്നിരുന്നു. അതെല്ലാം ഏറ്റവും ദയനീയമായി പരാജയപ്പെട്ടതിന്റെ ജാള്യത സംഘപരിവാര്‍ രാഷ്ട്രീയത്തിനും അതിന്റെ പരമോന്നത നേതൃത്വത്തിനുമുണ്ട്.
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ച് കൊണ്ട് നടത്തിയ പ്രഖ്യാപനത്തിലും സ്വതസിദ്ധമായ വിഭാഗീയ മുതലെടുപ്പിന്റെ നാടകീയത പ്രധാനമന്ത്രി ബുദ്ധിപൂര്‍വം ഉപയോഗിച്ചിരുന്നു.
ഗുരുനാനാക് ജയന്തി ദിനത്തിന്റെ വൈകാരിക പശ്ചാത്തലത്തെ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള തീരുമാനം പ്രഖ്യാപിക്കാനുള്ള അവസരമാക്കിയതും ആത് വളരെ നാടകീയമായി അവതരിപ്പിച്ചതും കേവല യാദൃശ്ചികതയായി കാണാന്‍ കഴിയില്ല.
അധികാരമില്ലാതെ വലതുപക്ഷത്തിന് പിടിച്ച് നില്‍ക്കാന്‍ കഴിയില്ല. അധികാരം പിടിച്ചു നിര്‍ത്താനായി ഏതു മുഖംമൂടി അണിയാനും വലതുപക്ഷത്തിന് മടിയില്ല.
വരാനിരിക്കുന്ന പഞ്ചാബ്, ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പുകള്‍ ഇന്ത്യയിലെ തീവ്രവലതുപക്ഷ ഹിന്ദുത്വ ഭരണകൂടത്തെ സംബന്ധിച്ച് അത്രമേല്‍ നിര്‍ണായകമാണ്. അതിനാല്‍ തന്നെ സംഭവിച്ചിരിക്കുന്നത് ഏതെങ്കിലും ഗുണപരമായ രാഷ്ട്രീയ നിലപാട് മാറ്റമോ രാജ്യത്തെ സാധാരണ ജനങ്ങള്‍ക്ക് അനുകൂലമായ നയപരമായ മാറ്റമോ ആണെന്ന് ആരും തെറ്റായി മനസ്സിലാക്കേണ്ടതില്ല.
ഇനി കര്‍ഷക സമരത്തിന്റെ ഭാവി എന്താണ് എന്ന ചോദ്യമാണ് പൊതുവായി ഉയരുന്നത്.
രാജ്യത്ത് നവഉദാരീകരണ സാമ്പത്തിക നയങ്ങള്‍ കോര്‍പറേറ്റുകള്‍ക്ക് ലാഭം ഉണ്ടാക്കുന്ന വിധത്തില്‍ നടപ്പിലാക്കാന്‍ തുടങ്ങിയിട്ട് മൂന്ന് ദശകത്തിലേറെയായി.
അതിന്റെ ഭാഗമായി ഉണ്ടായ രാജ്യാന്തര കരാറുകള്‍ ഉള്‍പ്പെടെയുള്ള സാമ്പത്തിക നയസമീപനങ്ങളാണ് രാജ്യത്തെ കര്‍ഷകരെയും തൊഴിലാളികളെയും സാധാരണ ജനങ്ങളെയും ദുരിതക്കയത്തില്‍ ആക്കിയത്.
കഴിഞ്ഞ ഏഴുവര്‍ഷമായി രാജ്യത്തെ ഹിന്ദുത്വ സര്‍ക്കാര്‍ ഇത്തരം നയസമീപനങ്ങളെ ഏറ്റവും തീവ്രമായ വലതുപക്ഷ നിലപാടോടെ നടപ്പിലാക്കി വരികയാണ്. ഹിന്ദുത്വയുടെ വിഭാഗീയ ആശയതാല്‍പര്യങ്ങള്‍ കൂടി ഇത്തരം നയങ്ങളില്‍ ചേര്‍ത്തുവച്ച്, കോര്‍പറേറ്റുകളുടെ കളിത്തോഴന്മാരായി കഴിഞ്ഞ ഏഴ് വര്‍ഷം കൊണ്ട് രാജ്യത്തെ ഹിന്ദുത്വ ഭരണകൂടം മാറി.
കര്‍ഷകരുടെയോ തൊഴിലാളികളുടെയോ ദുരിത ജീവിതത്തിന് കാരണമായ നയസമീപനങ്ങളില്‍ എന്തെങ്കിലും മാറ്റം വരുത്താന്‍ ഹിന്ദുത്വ ഭരണകൂടം തയ്യാറായിട്ടില്ല. അതിനാല്‍ തന്നെ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കപ്പെട്ടു എന്നത് ചൂണ്ടിക്കാണിച്ച് രാജ്യത്ത് ഉയര്‍ന്നു വന്ന വര്‍ഗപരമായി സംഘടിപ്പിക്കപ്പെട്ട സമരങ്ങളുടെ ഭാവി എന്താണ് എന്ന ചോദ്യം ഉയര്‍ത്തുന്നത് തീര്‍ത്തും അപ്രസക്തമാണ്.
കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചതോടെ രാജ്യത്തെ കര്‍ഷകരുടെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെട്ടു എന്ന പ്രചരണം വലതുപക്ഷവും രാജ്യത്തെ തീവ്രവലതുപക്ഷ നിലപാടുള്ള ഭരണകൂടവും നടത്തുമെന്ന് തീര്‍ച്ചയാണ്.
കാര്‍ഷിക മേഖലയെ പ്രത്യക്ഷമായി ആഗോള ഫിനാന്‍സ് മൂലധനത്തിനും അവരുടെ വാലാട്ടികളായ ഇന്ത്യന്‍ കോര്‍പറേറ്റുകള്‍ക്കും തീറെഴുതി കൊടുക്കാന്‍ നിയമപരമായി നടന്ന നീക്കം താല്‍ക്കാലികമായി പ്രതിരോധിക്കപ്പെട്ടു എന്ന നിലയില്‍ മാത്രമേ നിലവിലെ തീരുമാനത്തെ കാണേണ്ടതുള്ളു.
തീവ്രവലതുപക്ഷ സാമ്പത്തിക നയങ്ങള്‍ തകര്‍ത്തെറിഞ്ഞ രാജ്യത്തെ കര്‍ഷകരുടെയും തൊഴിലാളികളുടെയും അടിസ്ഥാന പ്രശ്‌നങ്ങള്‍ ഇപ്പോഴും പരിഹാരമാകാതെ ബാക്കിയാണ്.
വര്‍ഗപരമായി സംഘടിക്കുകയും ഐക്യപ്പെടുകയും ചെയ്ത കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും അവര്‍ നിലവില്‍ ഏറ്റെടുത്തിരിക്കുന്ന ബഹുജന പ്രക്ഷോഭങ്ങള്‍ ശക്തിപ്പെടുത്തി മുന്നോട്ടു പോകാനുള്ള ശക്തമായ പിന്‍ബലമാണ് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള തീരുമാനം പകര്‍ന്നു നല്‍കിയിരിക്കുന്നത്.
രാജ്യത്തെ സമരങ്ങളുടെ ഭാവി എന്താണ് എന്ന് ആശങ്കപ്പെടുന്നവരോട് വര്‍ഗപരമായി ഉണ്ടായിരിക്കുന്ന കര്‍ഷക-തൊഴിലാളി സംഘാടനവും ബഹുജനാടിസ്ഥാനത്തിലുള്ള അതിന്റെ ഐക്യപ്പെടലും ശക്തിപ്പെടുത്തുകയാണ് വേണ്ടതെന്ന അസന്നിഗ്ധമായ മറുപടി നല്‍കാന്‍ രാജ്യത്തെ കര്‍ഷക-തൊഴിലാളി നേതൃത്വത്തിലുള്ള ബഹുജന ഐക്യമുന്നണിക്ക് കഴിയേണ്ടതുണ്ട്.
കഴിഞ്ഞ ഒരു വര്‍ഷമായി നടന്നുവരുന്ന കര്‍ഷക സമരത്തില്‍ നിന്നും തൊഴിലാളി-കര്‍ഷക ഐക്യമുന്നണിയുടെ നേതൃത്വത്തില്‍ നടന്ന ബഹുജന സമരങ്ങളില്‍ നിന്നും രാജ്യത്തെ ഭരണവര്‍ഗം കൃത്യമായ പാഠം പഠിച്ചിട്ടുണ്ട് എന്ന് വേണം മനസ്സിലാക്കാന്‍.
രാകേഷ് ടികായത്
അധികാരം നിലനിര്‍ത്താന്‍ ഇന്ത്യയിലെ ബൂര്‍ഷ്വാ ഭരണവര്‍ഗം എല്ലാക്കാലത്തും കാണിച്ചിട്ടുള്ള കണ്‍കെട്ട് വിദ്യയാണ് ഇപ്പോഴും സംഭവിച്ചിരിക്കുന്നത്. രാജ്യത്തെ കര്‍ഷകരും തൊഴിലാളികളും വര്‍ഗപരമായി സംഘടിക്കുകയും ബഹുജന വിഷയങ്ങളില്‍ ഐക്യപ്പെടുന്നുവെന്നും ഇന്ത്യന്‍ ഭരണവര്‍ഗ്ഗം തിരിച്ചറിഞ്ഞു കഴിഞ്ഞു.
വര്‍ഗപരമായി ഇന്ത്യയിലെ കര്‍ഷകരും തൊഴിലാളികളും സംഘടിച്ചാല്‍ ഇന്ത്യയിലെ ഭരണവര്‍ഗത്തിന്റെ രാഷ്ട്രീയ അധികാരം ചോദ്യം ചെയ്യപ്പെടുമെന്ന തിരിച്ചറിവില്‍ നിന്നാണ് രാജ്യത്ത് ഉയര്‍ന്നു വരുന്ന വര്‍ഗ അടിസ്ഥാനത്തിലുള്ള ബഹുജന സമരങ്ങള്‍ നേര്‍പ്പിക്കേണ്ടതുണ്ടെന്ന രാഷ്ട്രീയ തീരുമാനം ഹിന്ദുത്വ ഭരണകര്‍ത്താക്കള്‍ സ്വീകരിച്ചത്.
നോട്ടു നിരോധനം ജി.എസ്.ടി തുടങ്ങിയ തലതിരിഞ്ഞ സാമ്പത്തിക നയങ്ങളും കൊവിഡ് പ്രതിസന്ധിയും രാജ്യത്തെ വര്‍ഗവൈരുദ്ധ്യങ്ങളെ കൂടുതല്‍ തീവ്രമാക്കിയിട്ടുണ്ട്. കര്‍ഷകരും തൊഴിലാളികളും ഉള്‍പ്പെടുന്ന വര്‍ഗ ഐക്യത്തിന്റെ കണ്ണിയുടെ സ്വഭാവം കൂടുതല്‍ വിപുലപ്പെടുകയാണ്.
നിലവില്‍ അന്തര്‍ദേശീയ ഫിനാന്‍സ് മൂലധനവുമായി പരസ്പരം ഉള്‍ചേര്‍ന്ന ഇന്ത്യന്‍ വന്‍കിട ബൂര്‍ഷ്വാസിക്കെതിരായ ചെറുത്തു നില്‍പ്പെന്ന നിലയിലാണ് കര്‍ഷക സമരത്തെ വിലയിരുത്തേണ്ടത്.
കര്‍ഷകര്‍ക്കിടയിലെ വൈരുദ്ധ്യങ്ങള്‍ പോലും മാറ്റിവെച്ചാണ് ധനിക കര്‍ഷകര്‍ അന്തര്‍ദേശീയ ഫിനാന്‍സ് മൂലധനവുമായി പരസ്പരം ഉള്‍ചേര്‍ന്ന ഇന്ത്യന്‍ കുത്തകകളുമായി സംഘര്‍ഷത്തില്‍ ഏര്‍പ്പെടുന്നത്.
തങ്ങള്‍ സബ്ജൂനിയര്‍ പങ്കാളികളായി പിന്തള്ളപ്പെട്ടപ്പോള്‍ ഭരണവര്‍ഗമായ ഭൂപ്രഭുക്കളിലെ ഒരു വിഭാഗം പോലും അന്തര്‍ദേശീയ ഫിനാന്‍സ് മൂലധനവുമായി പരസ്പരം ഉള്‍ചേര്‍ന്ന ഇന്ത്യന്‍ വന്‍കിട ബൂര്‍ഷ്വാസിക്കെതിരായി ഒരു തരത്തിലുള്ള ഒളിഞ്ഞുള്ള സംഘര്‍ഷം നടത്തുന്നതും അവഗണിക്കാന്‍ കഴിയില്ല.
നിലവിലെ സാമ്പത്തിക നയപരിപാടികളുടെ ഭാഗമായി കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ഫെഡറല്‍ ബന്ധങ്ങളിലെ വൈരുദ്ധ്യങ്ങള്‍ മൂര്‍ച്ഛിച്ചിരിക്കുകയാണ്. ജി.എസ്.ടി നോട്ടുനിരോധനം എന്നിവ മൂലം കേന്ദ്രവും സംസ്ഥാനങ്ങളും തമ്മിലുള്ള ഫെഡറല്‍ ബന്ധങ്ങളിലെ വൈരുദ്ധ്യങ്ങള്‍ രൂക്ഷമാണ്.
ഇത് രാജ്യത്തെ വര്‍ഗ വൈരുദ്ധ്യങ്ങളെ തീവ്രമാക്കുന്നുണ്ട്. അന്തര്‍ദേശീയ ഫിനാന്‍സ് മൂലധനം നിയന്ത്രിക്കുന്ന വന്‍കിട ബൂര്‍ഷ്വാസിക്കും ഇടത്തരം ചെറുകിട വ്യവസായ സംരഭകര്‍ക്കുമിടയില്‍ പ്രകടമായ വൈരുദ്ധ്യം രൂപപ്പെട്ടിട്ടുണ്ട്.
ഇത്തരത്തില്‍ വര്‍ഗ വൈരുദ്ധ്യങ്ങളുടെ തോത് ഇന്ത്യയില്‍ അനുദിനം മൂര്‍ച്ഛിക്കുകയാണ്. ഈ സാഹചര്യത്തില്‍ രാജ്യത്തെ ഭരണവര്‍ഗത്തിനെതിരായി കര്‍ഷകരുടെയും തൊഴിലാളികളുടെയും വര്‍ഗപരമായ ഐക്യത്തിലും സംഘാടനത്തിലുമുള്ള ബഹുജന സമരങ്ങള്‍ ശക്തിപ്പെട്ടാല്‍ എന്ത് സംഭവിക്കുമെന്ന് തിരിച്ചറിയാനും ശത്രുവര്‍ഗത്തെ നിരായുധരാക്കാനുമുള്ള തന്ത്രങ്ങള്‍ രാജ്യത്തെ ബൂര്‍ഷ്വാ ഭരണവര്‍ഗം സ്വീകരിക്കുമെന്നതില്‍ സംശയിക്കേണ്ടതില്ല.
അതിനുള്ള ഒരു ടെസ്റ്റ് ഡോസ് എന്ന നിലയില്‍ മാത്രമേ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കും എന്ന പ്രഖ്യാപനത്തെ കാണേണ്ടതുള്ളു.
രാജ്യത്ത് ശക്തിപ്പെടാന്‍ ഇടയുള്ള വര്‍ഗരാഷ്ട്രീയത്തിന്റെ സാധ്യതകളെ സംബന്ധിച്ച് ഇന്ത്യന്‍ ഭരണവര്‍ഗം ബോധവാന്മാരാണ്. കര്‍ഷക സമരം കൊടുമ്പിരി കൊണ്ടിരിക്കുമ്പോള്‍ പുതിയതായി ഒരു സഹകരണ മന്ത്രാലയം ഉണ്ടാക്കിയതും അതുകൊണ്ടുതന്നെയാണ്.
ഹിന്ദുത്വ ആശയങ്ങളുടെ കര്‍ക്കശ നിലപാടുകാരനായ അമിത് ഷായെ ആ മന്ത്രാലയത്തിന്റെ തലപ്പത്ത് പ്രതിഷ്ഠിക്കാനും സംഘപരിവാര്‍ തയ്യാറായത് ‘ആക്രമമാണ് ഏറ്റവും നല്ല പ്രതിരോധം’ എന്ന് തിരിച്ചറിഞ്ഞ് തന്നെയാണ്.
അമിത് ഷാ
കോര്‍പറേറ്റുകള്‍ വേണ്ട കോ-ഓപ്പറേറ്റീവുകള്‍ മതി എന്ന നിലയില്‍ ശക്തിപ്പെടുന്ന കര്‍ഷക സമരത്തിന്റെ നേതൃത്വത്തിലുള്ളവര്‍, ആ മുദ്രാവാക്യം പ്രയോഗത്തില്‍ വരുത്താന്‍ ശ്രമിച്ചാല്‍ എന്ത് സംഭവിക്കുമെന്ന ദീര്‍ഘവീക്ഷണത്തിന്റെ പിന്‍ബലത്തില്‍ തന്നെയാവണം അമിത് ഷായുടെ നേതൃത്വത്തില്‍ കേന്ദ്രം പുതിയതായി ഒരു സഹകരണ മന്ത്രാലയം രൂപീകരിച്ചിരിക്കുക.
ഇന്ത്യന്‍ കര്‍ഷകര്‍ക്ക് കൃഷിയെ കുത്തകവത്കരിക്കാനുള്ള മൂലധന ശക്തികളുടെ നീക്കങ്ങളെ പ്രതിരോധിക്കാന്‍ ഏറ്റവും ഫലപ്രദമായ ബദലാണ് അഗ്രിക്കള്‍ച്ചറല്‍ പ്രൊഡ്യൂസേഴ്‌സ്/പ്രൊഡ്യൂസിങ്ങ് കോ-ഓപ്പറേറ്റീവുകള്‍.
കൂടുതല്‍ ഉയര്‍ന്ന സാമൂഹ്യ അദ്ധ്വാന രൂപത്തിലേക്കാണ് കോ-ഓപ്പറേറ്റീവ് ഉത്പാദന പ്രക്രിയ വഴിതെളിക്കുക. കര്‍ഷകര്‍ (തൊഴിലാളികളോടൊപ്പം) ചേര്‍ന്ന് തന്നെ രൂപീകരിക്കുന്ന ഉത്പാദക/ഉത്പാദന സഹകരണ സംഘങ്ങള്‍ക്ക് ഓരോ കര്‍ഷകനും ഭൂമി പാട്ടത്തിനു നല്‍കുന്നത് വഴി അതേ ഭൂമിയില്‍ അദ്ധ്വാനിക്കുന്നതിനുള്ള കൂലിയും കര്‍ഷകന് ലഭ്യമാകും.
വിള/വിളയുടെ ഗുണമേന്മ ഉറപ്പു വരുത്തിയ ഉത്പ്പന്നം എന്നിവ വിറ്റഴിക്കുമ്പോള്‍ കാര്‍ഷിക വ്യാവസായിക ലാഭ വിഹിതവും ഒരേ സമയം ലഭിക്കുന്ന ഒരേ ഒരു ഉത്പാദന സംവിധാനം എന്നതും അഗ്രിക്കള്‍ച്ചറല്‍ പ്രൊഡ്യൂസേഴ്‌സ്/പ്രൊഡ്യൂസിങ്ങ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികളുടെ മാത്രം പ്രത്യേകതയാണ്.
കൂടാതെ, കൃഷിയില്‍ യന്ത്രങ്ങള്‍ ഉപയോഗിക്കുമ്പോള്‍ തൊഴില്‍ കാഠിന്യം ലഘൂകരിക്കുകയും തൊഴില്‍ ദിനങ്ങള്‍ കുറയാതിരിക്കുകയും ചെയ്യുന്നതിനായി കാര്‍ഷിക ഭൂവിസ്തൃതിയും വിളകളും ഫലപ്രദമായി വര്‍ദ്ധിപ്പിക്കുക, വിളകള്‍ ഗുണമേന്മവത്ക്കരിക്കുന്ന കാര്‍ഷികാനുബന്ധ വ്യാവസായിക യൂണിറ്റുകളില്‍ സൃഷ്ടിക്കുക എന്നീ രീതികള്‍ ശരിയായി സ്വീകരിച്ച് നടപ്പില്‍ വരുത്തുവാനും അഗ്രിക്കള്‍ച്ചറല്‍ പ്രൊഡ്യൂസേഴ്‌സ് /പ്രൊഡ്യൂസിങ്ങ് കോ-ഓപ്പറേറ്റീവുകളുടെ ഒരു കണ്‍സോര്‍ഷ്യത്തിന് സാധിക്കും.
ഇത്തരത്തില്‍ സഹകരണ മേഖലയെ ഉപയോഗപ്പെടുത്തി കോര്‍പറേറ്റുകളെ വെല്ലുവിളിക്കാന്‍ വര്‍ഗപരമായി സംഘടിക്കപ്പെടുന്ന കര്‍ഷകര്‍ തയ്യാറായാല്‍ ഇന്ത്യന്‍ ഭരണവര്‍ഗവും അവരുടെ കോര്‍പറേറ്റ് നിയന്ത്രിത അധികാരവും ദുര്‍ബലപ്പെടുമെന്ന് മനസ്സിലാക്കാന്‍ സംഘപരിവാര്‍ ബുദ്ധികേന്ദ്രങ്ങള്‍ക്ക് പാഴൂര്‍പടിപ്പുര വരെയൊന്നും പോകേണ്ടതില്ല.
കര്‍ഷനെ പ്രോലിട്ടേറിയന്‍ ബോധ്യത്തിലേയ്ക്ക് മാറ്റിയെടുക്കുന്ന ലെനിനിസ്റ്റ് ആശയത്തിന്റെ പ്രായോഗിക രൂപമാണ് അഗ്രിക്കള്‍ച്ചറല്‍ പ്രൊഡ്യൂസ് കോ-ഓപ്പറേറ്റീവുകളെന്ന് ആശയപരമായി തിരിച്ചറിയാനും സംഘപരിവാര്‍ ബുദ്ധികേന്ദ്രങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ടാവും.
കോ-ഓപ്പറേറ്റീവ് മേഖലയില്‍ കേന്ദ്രഭരണകൂടത്തിന് നിയന്ത്രണം വേണമെന്നും ഹിന്ദുത്വ ആശയങ്ങളുടെ കര്‍ക്കശക്കാരനായ വക്താവ് തന്നെ അത്തരമൊരു മന്ത്രാലയത്തിന്റെ നിയന്ത്രണത്തില്‍ കൊണ്ടുവരണമെന്നുമുള്ള സംഘപരിവാര്‍ തീരുമാനത്തിന്റെ പിന്നില്‍ കര്‍ഷക സമരത്തിനുള്ള പ്രാധാന്യം അവഗണിച്ച് പോകാന്‍ കഴിയില്ല.
ഇന്ത്യന്‍ ഭരണവര്‍ഗത്തെ കടന്നു ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുന്ന ആശയപരമായ ഉള്‍ക്കാഴ്ചകള്‍ മുന്നോട്ടുവച്ചാണ് കഴിഞ്ഞ ഒരു വര്‍ഷമായി കര്‍ഷക സമരം ശക്തിപ്പെട്ടിരുന്നത്. അത് രാജ്യത്തെ ബൂര്‍ഷ്വാ ഭരണവര്‍ഗത്തെ ആകുലപ്പെടുത്തുക മാത്രമല്ല ചെയ്തിരിക്കുന്നത് മറിച്ച് ആശയപരമായി കൂടി തീപിടിപ്പിച്ചിട്ടുണ്ട്.
1930കള്‍ക്ക് ശേഷം രാജ്യത്തിന്റെ സ്വാതന്ത്രസമര പോരാട്ടത്തില്‍ ആശയപരമായി വേറിട്ട് നിന്നിരുന്നൊരു ധാരയെക്കൂടി ഈ ഘട്ടത്തില്‍ ചരിത്രപരമായി മനസ്സിലാക്കേണ്ടതുണ്ട്.
രാജ്യത്ത് വിവിധ ഇടങ്ങളില്‍ സ്വാതന്ത്രസമര പോരാട്ടങ്ങളുടെയും സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങളുടെയും ഭാഗമായി വര്‍ഗപരമായി സംഘടിക്കപ്പെട്ട് നടന്ന കര്‍ഷക-തൊഴിലാളി സമരങ്ങളെക്കുറിച്ചാണ് സൂചിപ്പിച്ചത്.
1940കള്‍ക്ക് ശേഷം കൂടുതല്‍ ശക്തവും വ്യാപകവുമായ ഈ വര്‍ഗസമര പോരാട്ടങ്ങള്‍ പക്ഷെ അര്‍ഹമായ രീതിയില്‍ ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെട്ടിട്ടില്ല.
ഫ്യൂഡല്‍ വിരുദ്ധ/ജന്മിത്വ വിരുദ്ധ കര്‍ഷക സമരങ്ങളും മുതലാളിത്ത വിരുദ്ധ തൊഴില്‍ സമരങ്ങളുമെന്ന നിലയില്‍ ഒറ്റപ്പെട്ട പോരാട്ടങ്ങളായി ഇന്ത്യന്‍ സ്വാതന്ത്രസമരത്തില്‍ അരികുവത്കരിക്കപ്പെട്ടു പോയ, വര്‍ഗപരമായി സംഘടിക്കപ്പെട്ട സമരങ്ങള്‍ ബ്രിട്ടീഷ് സാമ്രാജ്യത്തെ എത്രമാത്രം അസ്വസ്ഥതപ്പെടുത്തുകയും അസ്ഥിരപ്പെടുത്തുകയും ചെയ്തിരുന്നു എന്നത് ചരിത്രപരമായ പ്രാധാന്യത്തോടെ ഇനിയും വിലയിരുത്തപ്പെട്ടിട്ടില്ല.
റോയല്‍ നേവി ആര്‍മി കലാപം സംബന്ധിച്ച ചരിത്രവസ്തുതകളൊന്നും അതിന്റെ ചെറിയ ശതമാനം യാഥാര്‍ത്ഥ്യത്തോടെ പോലും ഇതുവരെ പുറത്ത് വന്നിട്ടില്ല എന്നത് ഇതുമായി ചേര്‍ത്ത് വായിച്ച് പോകേണ്ടതാണ്.
എന്തായാലും ഇന്ത്യന്‍ സ്വാതന്ത്രസമരത്തിന്റെ അവസാന രണ്ടു ദശകങ്ങള്‍ വര്‍ഗപരമായി സംഘടിക്കപ്പെട്ട ആശയങ്ങളുടെ കൂടി സമരപോരാട്ടങ്ങളുടെ കാലമാണ്. എന്നാല്‍, സ്വാതന്ത്രപ്രാപ്തിയോടെ ഈ സമരപോരാട്ടങ്ങളുടെ തുടര്‍ച്ചയ്ക്ക് ദിശാബോധം നഷ്ടപ്പെട്ടു. വര്‍ഗപരമായ സംഘാടനത്തിന് അതേ ഗതിവേഗത്തില്‍ തുടര്‍ച്ചയില്ലാതെ പോയി.
ജാതിമതബോധങ്ങളുടെയും വിദ്വേഷ രാഷ്ട്രീയ ആശയങ്ങളുടെയും പേരില്‍ രാജ്യത്തെ ഭിന്നിപ്പിച്ച് രാഷ്ട്രീയ അധികാരം നേടാനും ഫാസിസ്റ്റ് ചിന്താഗതിയുടെ അടിസ്ഥാനത്തില്‍ ഭരണം തുടരാനും രാജ്യത്തെ ഹിന്ദുത്വ ശക്തികള്‍ക്ക് ഇന്ന് സാധിക്കുന്നുണ്ട്.
ഫാസിസത്തിനെതിരായ പേരാട്ടത്തില്‍ എന്തെങ്കിലും ചലനമുണ്ടാക്കാന്‍ രാജ്യത്തെ ജനാധിപത്യ ശക്തികള്‍ക്ക് സാധിക്കാത്ത സാഹചര്യമുണ്ട്. ജനാധിപത്യത്തിന്റെ പഴുത് ഉപയോഗിച്ച് രാജ്യത്തെ ജനാധിപത്യ സംവിധാനങ്ങളെ ചൊല്‍പ്പടിക്ക് നിര്‍ത്താനും അപ്രഖ്യാപിത അടിയന്തിരാവസ്ഥയുടെ അന്തരീക്ഷം സൃഷ്ടിക്കാനും രാജ്യത്തെ ഹിന്ദുത്വ ശക്തികള്‍ക്ക് സാധിച്ചിട്ടുണ്ട്.
പ്രതിപക്ഷത്തിന് ജനാധിപത്യപരമായി ഇത്തരം നീക്കങ്ങളെ എതിര്‍ക്കാന്‍ ശേഷിയില്ലെന്ന് രാജ്യത്തെ ജനാധിപത്യ മതേതര ചേരി ആകുലപ്പെടുന്നൊരു കാലത്താണ് വര്‍ഗപരമായി സംഘടിക്കപ്പെട്ട കര്‍ഷകര്‍ക്ക് മുന്നില്‍ രാജ്യത്തെ ഭരണകൂടം അടിയറവ് പറഞ്ഞിരിക്കുന്നത്.
പ്രതീക്ഷയുടെയും പ്രത്യാശയുടെയും കിരണങ്ങള്‍ രാജ്യത്തെ ജനാധിപത്യ മതേതര പുരോഗമന വിഭാഗങ്ങള്‍ക്ക് സമ്മാനിക്കാന്‍ കര്‍ഷകരും തൊഴിലാളികളും അണിനിരന്ന വര്‍ഗപരമായി സംഘടിപ്പിക്കപ്പെട്ട ബഹുജന പ്രക്ഷോഭങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്.
അതിനാല്‍ വര്‍ഗപരമായി സംഘടിക്കപ്പെടുന്ന സമരങ്ങളുടെ ഭാവിയെന്താണ് എന്ന ചോദ്യം രാജ്യത്തെ സംബന്ധിച്ച് ഇന്ന് പ്രതീക്ഷയുടെ ഒരു പൊന്‍വെളിച്ചമാണ്, 100 ശതമാനം വ്യക്തതയോട് കൂടിയ ഒരു ഉത്തരം ഇല്ലെങ്കില്‍ പോലും.