കഴിഞ്ഞ ചൊവ്വാഴ്ച കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു. കണ്ണൂര്‍ സ്വദേശിയായ പതിനാലുകാരി ശ്രീപാര്‍വ്വതിയാണ് മരിച്ചത്. മരണകാരണം ഡിഫ്തീരിയായണെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. രോഗാണുക്കള്‍ ബാധിച്ചത് രക്തത്തിലായിരുന്നു. തുടര്‍ന്ന് ആന്തരാവയവങ്ങളായ വൃക്കയുടെയും ഹൃദയത്തിന്റെയും പ്രവര്‍ത്തനത്തെ രോഗം ബാധിച്ചത് മരണത്തിന് കാരണമാക്കി.
ഡിഫ്തീരിയ എന്ന രോഗത്തിന്റെ തീവ്രത ഒന്നുകൂടി വര്‍ദ്ധിപ്പിക്കുന്നതാണ് ശ്രീപാര്‍വ്വതിയുടെ മരണം. വിനോദയാത്രയ്ക്കിടെ ശരീരത്തില്‍ എത്തിയ ബാക്ടീരിയയാണ് അവളുടെ മരണത്തിന് ഇടയാക്കിയത്. കേരളം ഇപ്പോഴും പകര്‍ച്ചാവ്യാധിയുടെ പിടിയില്‍ നിന്നും മുക്തമല്ല എന്നാണ് ഈ സംഭവം തെളിയിക്കുന്നത്.
ഡിഫ്തീരിയ ബാധിച്ച് മരണപ്പെടുന്നവരുടെ സംഖ്യ ഇപ്പോള്‍ വര്‍ധിച്ചുവരുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നുണ്ട്. മരണകാരണം വരെ ആയേക്കാവുന്ന ഈ രോഗത്തിന് കാരണം എന്താണെന്ന് അറിയേണ്ടത് അത്യാവശ്യമാണ്. തൊണ്ടമുള്ള് എന്നറിയപ്പെടുന്ന് ഡിഫ്തീരിയ എറ്റവും കൂടുതല്‍ ബാധിക്കുന്നത് 5 വയസ്സുവരെയുള്ള കുട്ടികളെയാണ്.
കടുത്തപനി, തൊണ്ട വേദന, ഭക്ഷണം കഴിക്കാന്‍ പറ്റാത്ത അവസ്ഥ, ശരീരവേദന, തുടങ്ങിയവയാണ് രോഗത്തിന്റെ ലക്ഷണങ്ങള്‍. രോഗകാരികളായ ബാക്ടീരിയകള്‍ ആദ്യം ബാധിക്കുന്നത് ആന്തരികാവയവങ്ങളെയാണ്. ശരിയായ പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ സ്വീകരിച്ചില്ലെങ്കില്‍ മരണം വരെ സംഭവിക്കാമെന്നാണ് ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും ഒരുപോലെ പറയുന്നത്.
ശ്രീപാര്‍വ്വതി
ശരിയായ പ്രതിരോധമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുന്നതിലൂടെ രോഗത്തെ ഒരു പരിധിവരെ തടഞ്ഞുനിര്‍ത്താന്‍ സാധിക്കുമെന്നാണ് വിദഗ്ദര്‍ പറയുന്നത്. എന്നാല്‍ കേരളത്തില്‍ ഇപ്പോള്‍ ഡിഫ്തീരിയ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. എറ്റവും കൂടുതല്‍ രേഖപ്പെടുത്തിയത് മലപ്പുറം ജില്ലയിലാണ്. കൃത്യമായ ഇടവേളകളില്‍ കുട്ടികള്‍ക്ക് കുത്തിവെപ്പ് എടുക്കാത്തതാണ് രോഗം പടരാനുള്ള കാരണമെന്ന് വിദഗ്ദര്‍ പറയുന്നു.
എറ്റവും കൂടുതല്‍ ഡിഫ്തീരിയ ബാധിച്ച പ്രദേശമായ മലപ്പുറത്താണ് പ്രതിരോധ സംവിധാനമായ വാക്‌സിനേഷനെതിരെ പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും എറ്റവും നടക്കുന്നതെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു. ഒരുകുട്ടി ജനിച്ച രണ്ട് വയസ്സിനുള്ളില്‍ നല്‍കേണ്ട കുത്തിവെപ്പുകളോട് മുഖം തിരിക്കുന്നതാണ് രോഗത്തിന്റെ വ്യാപനത്തിന് കാരണം. എന്നാല്‍ കോളേജ് വിദ്യാര്‍ഥികളില്‍ വരെ രോഗം കണ്ടത്തിയതായി വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു.
ഒടുവിലായി ഡിഫ്തീരിയ ബാധിച്ച ശ്രീപാര്‍വ്വതിക്ക് സംഭവിച്ചത് മറ്റൊന്നാണ്. വിനോദയാത്രയിക്കിടെ രോഗാണുക്കള്‍ ശരീരത്തിലെത്തി. രക്തത്തില്‍ ബാക്ടീരിയ കലര്‍ന്നതിനെത്തുടര്‍ന്നതിനുശേഷം അവ ഇരട്ടിക്കാന്‍ തുടങ്ങി. സാധാരണയായി തൊണ്ടയില്‍ രൂപപ്പെടുന്ന വെളുത്ത പാടയില്‍കൂടിയാണ് അസുഖം ഉണ്ടാകുന്നത്. അതുകൊണ്ട് തന്നെ നിരന്തര സമ്പര്‍ക്കത്തിലൂടെ മറ്റുള്ളവര്‍ക്ക് പകരാനുള്ള സാധ്യത കൂടുതലാണ്. എന്നാല്‍ ശ്രീപാര്‍വതിയില്‍ അണുക്കള്‍ രക്തത്തില്‍ കലര്‍ന്നതിനാല്‍ മറ്റുള്ളവരിലേക്ക് പകരില്ല എന്ന് ഡോക്ടര്‍മാര്‍ വിലയിരുത്തുന്നു.
ഡിഫ്തീരിയ ഇല്ലാതാക്കാനുള്ള പ്രധാനവഴി പ്രതിരോധ കുത്തിവെപ്പുകള്‍ എടുക്കുകയെന്നതുതന്നെയാണ്. കൃത്യമായി വാക്‌സിനേഷന്‍ എടുക്കാത്തതാണ് ഇതുപോലുള്ള സാംക്രമികരോഗങ്ങള്‍ ഉണ്ടാകുന്നത്. രോഗത്തെ ചെറുക്കാന്‍ എറ്റവും പ്രധാന മാര്‍ഗം വാകിസിനേഷന്‍ തന്നെയാണ്. ജനനസമയത്ത് എടുക്കുന്ന ഡി.പി.റ്റി ട്രിപ്പിള്‍ വാക്‌സിന്‍ ആണ് ഇത്തരം രോഗങ്ങളെ ചെറുത്ത് നില്‍ക്കാന്‍ സഹായിക്കുന്നത്. എന്നാല്‍ സാമൂദായിക വിശ്വാസങ്ങളുടെ പേരില്‍ വാക്‌സിനേഷനെ എതിര്‍ക്കുന്ന ഒരു വിഭാഗം സമൂഹത്തിലുണ്ട്.
ഡിഫ്തീരിയ എന്ന രോഗം എപ്പോള്‍ വേണമെങ്കിലും തിരിച്ചുവരാം. അമേരിക്ക പോലുള്ള രാജ്യങ്ങളില്‍ ഒരുകാലത്ത് ഡിഫ്തീരിയ ഭീഷണി നിലനിന്നിരുന്നു. എന്നാല്‍ ഇപ്പോഴും തുടരുന്ന അവരുടെ വാക്‌സിനേഷന്‍ പ്രക്രിയ രോഗത്തെ ചെറുത്ത് നിര്‍ത്താന്‍ സഹായിച്ചു. ജനങ്ങളിലെ വാക്‌സിനോടുള്ള മുന്‍വിധി മാറ്റിയാല്‍ മാത്രമേ രോഗം തടയാന്‍ പറ്റൂ.
അതിനായി ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്കസ്, ഗവണ്‍മെന്റ് ക്യാംപുകള്‍ എന്നിവയിലൂടെ രോഗത്തിനെതിരെയുള്ള വാക്‌സിനുകളെപ്പറ്റി പ്രചരണം നടത്തുന്നതിലൂടെയും ഡിഫ്തീരിയ അവബോധം ജനങ്ങളില്‍ സൃഷ്ടിക്കാന്‍ കഴിയുമെന്ന് കോഴിക്കോെട്ട സ്വകാര്യ ആശുപത്രി പീഡിയാട്രിക്കസ് വിഭാഗത്തിലെ ഡോക്ടര്‍ സുരേഷ് അഭിപ്രായപ്പെട്ടു.
എന്നാല്‍ രോഗം തിരിച്ചുവരുന്ന സാഹചര്യത്തില്‍ ട്രിപ്പിള്‍ വാക്‌സിന്‍ എടുക്കേണ്ടത് അത്യാവശ്യമാണ്. അത് മാത്രമാണ് രോഗത്തെ പ്രതിരോധിക്കാനുള്ള മാര്‍ഗ്ഗമെന്നിരിക്കെ മറ്റൊരു പ്രധാന വസ്തുത ഡോക്ടര്‍ ദീപു സെബാസ്റ്റിയന്‍ ചൂണ്ടിക്കാട്ടുന്നു. വാക്‌സിന്റെ കാലപരിധിയാണ് പ്രധാനവിഷയം. അതായത് ജനനസമയത്ത് എടുക്കുന്ന ട്രിപ്പിള്‍ വാക്‌സിന്റെ കാലാവധി പരമാവധി 10 വര്‍ഷമാണ്.
പത്തുവര്‍ഷത്തിനുശേഷം ഈ രോഗങ്ങളെ ചെറുക്കാനുള്ള ശരീരത്തിന്റെ പ്രതിരോധശേഷി കുറയുന്നു. അതുകൊണ്ട് തന്നെ വാക്‌സിനേഷന്‍ 10 വയസ്സിനുപ്പുറവും നല്‍കണം. അത് നല്‍കാത്തതിന്റെ അന്തരഫലമാണ് ശ്രീപാര്‍വ്വതിയുടെ മരണം. ജനന സമയത്ത് എടുത്ത വാക്‌സിന്റെ കാലാവധി കഴിഞ്ഞതാണ് ശ്രീപാര്‍വ്വതിയ്ക്ക് രോഗം പിടിപെടാനുണ്ടായ കാരണമെന്നും അദ്ദേഹം പറയുന്നു.
രോഗനിവാരണത്തിനായി സര്‍ക്കാര്‍ തലങ്ങളില്‍ പരിപാടികള്‍ വരെ സംഘടിപ്പിച്ചിരുന്നു. എന്നിട്ടുകൂടിയാണ് മരണങ്ങള്‍ രേഖപ്പെടുത്തികൊണ്ടിരുന്നത്. കോളേജ് തലത്തില്‍ വരെ ഡിഫ്തീരിയ റിപ്പോര്‍ട്ട് ചെയ്തതിനെത്തുടര്‍ന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ഇന്ദ്രധനുസ്സ് പദ്ധതി രൂപികരിച്ചിരുന്നു. അതനുസരിച്ച് ഉള്ള ബോധവത്കരണ പരിപാടികളും നടത്തിയിരുന്നു. ഈ പദ്ധതിയുടെ ഭാഗമായി നടത്തിയ അന്വേഷണത്തില്‍ പ്രതിരോധ കുത്തിവെപ്പുകള്‍ എടുക്കാത്തവരിലാണ് കൂടുതലായി രോഗം കാണപ്പെടുന്നതെന്നും കണ്ടെത്തിയിരുന്നു.
ഇത്തരം വാക്‌സിനേഷനുകളോട് ജനം മുഖം തിരിച്ചുനില്‍ക്കുന്ന സ്ഥിതി കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അങ്ങനെ എതിര്‍പ്പ് പ്രകടിപ്പിച്ചു നില്‍ക്കുന്ന കേരളത്തിലെ പ്രധാനജില്ലയാണ് മലപ്പുറം എന്നാണ് വാക്‌സിനുകളുമായി ബന്ധപ്പെട്ട കണക്കുകള്‍ സൂചിപ്പിക്കുന്നത്. ആരോഗ്യപ്രവര്‍ത്തകരുടെ വാക്‌സിനേഷന്‍ പദ്ധതിക്ക് മലപ്പുറത്തിന്റെ മനോഭാവത്തെ മാറ്റാന്‍ കഴിഞ്ഞില്ല.
കഴിഞ്ഞ എപ്രിലില്‍ നടത്തിയ ഡിഫ്തീരിയ വാക്‌സിനേഷന്‍ പരിപാടിയില്‍ നിന്ന് പങ്കെടുക്കാതെ മാറി നിന്നത് എകദേശം 12000 കുട്ടികളാണ്. പദ്ധതിയുടെ അന്ത്യഘട്ടത്തിലെ കണക്കുകള്‍ പ്രകാരം ഇനിയും പ്രതിരോധ കുത്തിവെപ്പ് എടുക്കാത്ത എകദേശം 9900 അധികം കുട്ടികള്‍ ബാക്കിയുണ്ടെന്നാണ് പറയുന്നത്. ഇതില്‍ അഞ്ചുവയസ്സിനിടെ നല്‍കേണ്ട ട്രിപ്പിള്‍ വാക്‌സിന്‍ നല്‍കാത്ത 2170 കുട്ടികളാണുള്ളതെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.
പ്രതിരോധ കുത്തിവെപ്പുകള്‍ക്ക് നേരേ എതിര്‍പ്പ് കാണിച്ചതിന്റെ അനന്തരഫലമാണ് 2016 ജൂണ്‍ 23ന് മലപ്പുറത്ത് മുഹമ്മദ് അമീറുദ്ദിന്‍ എന്ന കുട്ടിയുടെ മരണം. അഞ്ചു വയസ്സിനു മുമ്പുള്ള കുത്തിവെപ്പുകള്‍ കൃത്യമായി എടുക്കാത്തതാണ് അവന്റെ മരണത്തിന് കാരണമെന്നാണ് വിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നത്. 2016ല്‍ കോഴിക്കോട് ജില്ലയില്‍ മാത്രം ഡിഫ്തീരിയ ബാധിച്ചത് 36 പേര്‍ക്കാണ്. അതില്‍ ഭൂരിഭാഗവും 11 വയസ്സിനു മുകളില്‍ പ്രായമുള്ളവരായിരുന്നു.
കേരളത്തില്‍ 90 % ഡിഫ്തീരിയയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത് മലപ്പുറത്തു നിന്നാണ്. മലപ്പുറത്ത് പൂര്‍ണ്ണമായും പ്രതിരോധ കുത്തിവെപ്പുകള്‍ എടുത്ത് കുട്ടികള്‍ വെറും 35 ശതമാനം മാത്രമാണ്. ട്രിപ്പിള്‍ വാക്‌സിന്‍ എടുത്തത് വെറും 47 ശതമാനം മാത്രം. അതായത് പ്രതിരോധ കുത്തിവെപ്പുകള്‍ എടുത്ത് വിഭാഗത്തില്‍ മൊത്തത്തില്‍ അമ്പത് ശതമാനത്തില്‍ താഴെ പേര്‍ മാത്രമേ മലപ്പുറം ജില്ലയിലുള്ളൂ.
വിവിധകാരണങ്ങള്‍ പറഞ്ഞാണ് രക്ഷിതാക്കള്‍ കുട്ടികള്‍ക്ക് കുത്തിവെപ്പ് എടുക്കാതിരിക്കുന്നത്. അമേരിക്ക പോലുള്ള രാജ്യങ്ങളില്‍ നിന്നുള്ള വാക്‌സിനുകളാണ് ഡിഫ്തീരിയയ്‌ക്കെതിരെ ഇവിടെ ഉപയോഗിക്കുന്നതെന്ന പ്രചരണവും ആളുകളില്‍ ഭീതിസൃഷ്ടിച്ചിട്ടുണ്ടെന്ന് ഡോക്ടര്‍ ദീപു പറയുന്നു.
ഈ തെറ്റിദ്ധാരണ സമൂഹത്തില്‍ കുത്തിവെപ്പുകള്‍ക്കെതിരെ ജനങ്ങള്‍ മുഖം തിരിക്കുന്നതിന് കാരണമായി. എന്നാല്‍ ഇപ്പോള്‍ നല്‍കുന്ന വാക്‌സിനുകള്‍ എല്ലാം തന്നെ ഇന്ത്യന്‍ നിര്‍മിതമാണെന്ന് സര്‍ക്കാരും ആരോഗ്യപ്രവര്‍ത്തകരും വാദിക്കുന്നുണ്ടെങ്കിലും ജനങ്ങള്‍ ഇപ്പോഴും പ്രതിരോധ കുത്തിവെപ്പുകളെ ഭയപ്പെടുന്ന രീതിയാണ് കാഴ്ചവെക്കുന്നതെന്നും അദ്ദേഹം പറയുന്നു.
1950 കളില്‍ ഉപയോഗിച്ച് തുടങ്ങിയ വാക്‌സിനുകളാണ് ഡിഫ്തീരിയയ്ക്കായി ഇപ്പോഴും ഉപയോഗിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യയില്‍ 1985 മുതല്‍ സാര്‍വത്രിക പ്രതിരോധ ചികിത്സയില്‍ ഉള്‍പ്പെടുത്തി മാരകരോഗങ്ങള്‍ക്കുള്ള കുത്തിവെപ്പുകള്‍ നല്‍കാന്‍ സര്‍ക്കാര്‍ തുടങ്ങിയിരുന്നു. ട്രിപ്പിള്‍ വാക്‌സിന്‍ പദ്ധതിയും ഇതോടൊപ്പമാണ് ഉള്‍പ്പെടുത്തിയിരുന്നത്. സര്‍ക്കാര്‍ സൗജന്യമായിട്ട് നല്‍കുന്ന ഈ വാക്‌സിന്‍ പദ്ധതികളില്‍ സാമൂദായിക പാരമ്പര്യവാദത്തെ പിന്‍തുടര്‍ന്ന് ഒരു വിഭാഗം ജനങ്ങള്‍ ഇപ്പോഴും മാറി നില്‍ക്കുന്നത് സ്ഥിതി വഷളാക്കുന്നുണ്ട്.
രണ്ടു വയസ്സിനു മുമ്പുള്ള കുത്തിവെപ്പുകള്‍ എടുക്കാത്തവരിലാണ് ഡിഫ്തീരിയ രോഗങ്ങള്‍ കൂടുതലായി രേഖപ്പെടുത്തുന്നത്. അഞ്ചുവയസ്സിനു മുകളില്‍ ഉള്ളവര്‍ക്ക് ഡിഫ്തീരിയ കണ്ടെത്തിയാല്‍ രോഗത്തെ ചെറുക്കുന്നതിനായി റ്റി.ഡി വാക്‌സിന്‍ ആണ് നല്‍കുന്നത്. എന്നാല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ഈ വാക്‌സിന്‍ ലഭ്യമല്ലയെന്നത് രോഗത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു.
കേരളത്തില്‍ കുട്ടികള്‍ക്കായുള്ള പ്രതിരോധ കുത്തിവെപ്പുകള്‍ രക്ഷിതാക്കള്‍ തന്നെ നിഷേധിക്കുന്നുണ്ട്. വാക്‌സിനുകളുടെ പാര്‍ശ്വഫലങ്ങളെക്കുറിച്ച് നിലനില്‍ക്കുന്ന തെറ്റായ വിശ്വാസങ്ങളാണ് രോഗത്തെ ചെറുത്ത് നിര്‍ത്തുന്നതില്‍ നിന്നും, അതിനായുള്ള ആരോഗ്യപ്രവര്‍ത്തനങ്ങളെ എകോപിപിക്കുന്നതില്‍ നിന്നും ജനങ്ങളെ പിന്തിരിപ്പിക്കുന്നത്.
ഇന്ത്യന്‍ ശിശുരോഗ പ്രസിദ്ധീകരണമായി പുറത്തുവരുന്ന ഇന്ത്യന്‍ പീഡിയാട്രിക്ക്‌സ് വാക്‌സിനേഷന്‍ വിരുദ്ധമനോഭാവത്തിന് മറ്റൊരു കാരണമാണ് ചൂണ്ടിക്കാട്ടുന്നത്. “സ്വകാര്യ ആശുപത്രികളില്‍ അവശ്യവാക്‌സിനുകളെ സംബന്ധിച്ച് ബോധവത്കരണങ്ങള്‍ നടത്തുന്നില്ല. അവശ്യ വാക്‌സിനുകളായ ഡി.പിറ്റി., ബി.സി.ജി, തുടങ്ങിയവയെപ്പറ്റി ജനങ്ങള്‍ക്കിടയില്‍ അവര്‍ അവബോധം സൃഷ്ടിക്കുന്നില്ല” എന്നും ഇന്ത്യന്‍ പീഡിയാട്രിക്ക്‌സ് വിലയിരുത്തുന്നു.
നമ്മുടെ രാജ്യത്തിനാവശ്യമായ ഡി.പി.റ്റി വാക്‌സിന്റെ പ്രധാന ഉല്‍പ്പാദകര്‍ കൂനൂരിലെ പാസ്റ്റര്‍ ഇന്‍സ്റ്റ്ിറ്റിയൂട്ട് ആണ്. അതിനുപുറമേ ഹിമാചല്‍ പ്രദേശിലെ കസൗളിയിലും വാക്‌സിന്‍ ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. എന്നാല്‍ ഈ സ്ഥാപനങ്ങള്‍ 2008 മുതല്‍ കേന്ദ്ര ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം പൂട്ടിയിട്ടതിനാല്‍ സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമം നേരിടുന്നുണ്ട്. ഇത് കേരളീയ പശ്ചാത്തലത്തില്‍ രോഗങ്ങള്‍ തിരിച്ചുവരാനുള്ള മറ്റൊരുകാരണമാണെന്ന് ആരോഗ്യരംഗത്തെ വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു.