| Sunday, 14th April 2024, 8:00 am

'ഒരോവറിൽ നിലം തൊടാതെ പറത്തിയത് ആറ് സികസറുകൾ; നേപ്പാൾ കൊടുങ്കാറ്റിൽ പിറന്നത് ചരിത്രനേട്ടം

സ്പോര്‍ട്സ് ഡെസ്‌ക്

എ.സി.സി ടി-20 പ്രീമിയര്‍ ലീഗ് കപ്പിലെ ഏഴാം മത്സരത്തില്‍ നേപ്പാളിന് തകര്‍പ്പന്‍ വിജയം. ഖത്തറിനെ 32 നാണ് നേപ്പാള്‍ പരാജയപ്പെടുത്തിയത്. ഒമാനിലെ അല്‍ അമീറാത്ത് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ നേപ്പാള്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സ് ആണ് നേപ്പാള്‍ അടിച്ചെടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഖത്തറിന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സ് നേടാനെ സാധിച്ചുള്ളൂ.

മത്സരത്തില്‍ ഒരു ചരിത്ര മുഹൂര്‍ത്തമാണ് പിറവിയെടുത്തത്. നേപ്പാള്‍ താരം ദീപേന്ദ്ര സിങ് ഐറി ഒരു ഓവറില്‍ ആറ് സിക്‌സുകള്‍ നേടികൊണ്ടാണ് ചരിത്രത്തിലേക്ക് നടന്നു കയറിയത്.

ഖത്തര്‍ താരം കമ്രാന്‍ ഖാന്‍ എറിഞ്ഞ അവസാന ഓവറില്‍ ആയിരുന്നു ദീപേന്ദ്ര സിങ് ആറ് സിക്‌സുകള്‍ നേടിയത്. 21 പന്തില്‍ പുറത്താവാതെ 64 റണ്‍സായിരുന്നു താരം നേടിയത്. മൂന്ന് ഫോറുകളും ഏഴ് കുറ്റന്‍ സിക്‌സുകളുമാണ് ദീപേന്ദ്ര നേടിയത്. 304.76 സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരം ബാറ്റ് വീശിയത്.

ഇതിനു പിന്നാലെ ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ ഒരു ഓവറില്‍ ആറ് സിക്‌സുകള്‍ നേടുന്ന അഞ്ചാമത്തെ താരമായി മാറാനും ദീപേന്ദ്ര സിങ്ങിന് സാധിച്ചു.

ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ ഒരു ഓവറില്‍ ആറ് സിക്‌സുകള്‍ നേടിയ താരം, ടീം, എതിര്‍ ടീം എന്നീ ക്രമത്തില്‍

ഹെര്‍ഷല്‍ ഗിബ്‌സ്-സൗത്ത് ആഫ്രിക്ക-നെതര്‍ലാന്‍ഡ്സ്

യുവരാജ് സിങ്-ഇന്ത്യ-ഇംഗ്ലണ്ട്

ജാസ്‌കരന്‍ മല്‍ഹോത്ര-യു.എസ്.എ പാപ്പുവാ ന്യൂഗിയ

കീറോണ്‍ പൊള്ളാര്‍ഡ്-വെസ്റ്റ് ഇന്‍ഡീസ്-ശ്രീലങ്ക

ദീപേന്ദ്ര സിങ് ഐറി-നേപ്പാള്‍-ഖത്തര്‍

ദീപേന്ദ്രയ്ക്ക് പുറമേ ആസിഫ് ഷേക്ക് 41 പന്തില്‍ 52 റണ്‍സും നേടി മികച്ച പ്രകടനം നടത്തി. ആറ് ഫോറുകളാണ് ആസിഫിന്റെ ബാറ്റില്‍ നിന്നും പിറന്നത്. ഖത്തര്‍ ബൗളിങ്ങില്‍ ഹിമാന്‍ഷു റാത്തോട്, മുസാവര്‍ ഷാ എന്നിവര്‍ രണ്ടു വീതം വിക്കറ്റുകള്‍ വീഴ്ത്തി തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്.

വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഖത്തറിനെ നേപ്പാള്‍ ബൗളര്‍മാര്‍ എറിഞ്ഞു വീഴ്ത്തുകയായിരുന്നു. ലളിത് രാജ്ബന്‍ഷി, ദീപേന്ദ്ര സിങ്, ഗുല്‍സന്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതവും കുശാല്‍ മല്ല, അഭിലാഷ് ബൊവാര എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. ഖത്തർ ബാറ്റിങ്ങില്‍ 33 പന്തില്‍ പുറത്താവാതെ 63 റണ്‍സ് നേടിയ ക്യാപ്റ്റന്‍ മുഹമ്മദ് തന്‍വീറിന്റെ ചെറുത്തുനില്‍പ്പാണ് ഏറെ ശ്രദ്ധേയമായത്.

Content Highlight: Dipendra Singh hit six sixes in a over in T20

We use cookies to give you the best possible experience. Learn more