|

ചരിത്രത്തിലെ ആദ്യതാരം...യുവരാജിന്റെ 16 വർഷത്തെ റെക്കോഡ് തകർത്തവൻ ഇന്ന് ലോകത്തിന്റെ നെറുകയിൽ

സ്പോര്‍ട്സ് ഡെസ്‌ക്

എ.സി.സി ടി-20 പ്രീമിയര്‍ ലീഗ് കപ്പിലെ ഏഴാം മത്സരത്തില്‍ നേപ്പാളിന് തകര്‍പ്പന്‍ വിജയം. ഖത്തറിനെ 32 നാണ് നേപ്പാള്‍ പരാജയപ്പെടുത്തിയത്. ഒമാനിലെ അല്‍ അമീറാത്ത് ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ നേപ്പാള്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.

നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 210 റണ്‍സ് ആണ് നേപ്പാള്‍ അടിച്ചെടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഖത്തറിന് 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സ് നേടാനെ സാധിച്ചുള്ളൂ.

മത്സരത്തില്‍ നേപ്പാളിനായി ദീപേന്ദ്ര സിങ് ഐറി മികച്ച പ്രകടനമാണ് നടത്തിയത്. 21 പന്തില്‍ പുറത്താവാതെ 64 റണ്‍സായിരുന്നു താരം നേടിയത്. മൂന്ന് ഫോറുകളും ഏഴ് കുറ്റന്‍ സിക്‌സുകളുമാണ് ദീപേന്ദ്ര നേടിയത്. 304.76 സ്‌ട്രൈക്ക് റേറ്റിലായിരുന്നു താരം ബാറ്റ് വീശിയത്.

ഒരു ഓവറില്‍ ആറ് സിക്‌സുകള്‍ നേടാനും നേപ്പാള്‍ താരത്തിന് സാധിച്ചിരുന്നു. കമ്രാന്‍ ഖാന്‍ എറിഞ്ഞ അവസാന ഓവറില്‍ ആയിരുന്നു ദീപേന്ദ്ര സിങ് ആറ് സിക്‌സുകള്‍ നേടിയത്. ഇതിനു പിന്നാലെ ഒരു ചരിത്ര നേട്ടമാണ് ദീപേന്ദ്രയെ തേടിയെത്തിയത്.

ടി-20യില്‍ 300+ സ്‌ട്രൈക്ക് റേറ്റില്‍ 50+ റണ്‍സ് രണ്ട് തവണ നേടുന്ന ആദ്യ താരമെന്ന ചരിത്ര നേട്ടമാണ് നേപ്പാള്‍ താരം സ്വന്തമാക്കിയത്. ഇതിനുമുമ്പ് 2020 മൂന്നില്‍ മംഗോളിയക്കെതിരെയായിരുന്നു 300+ സ്‌ട്രൈക്ക് റേറ്റില്‍ ദീപേന്ദ്ര സിങ് 50+ റണ്‍സ് നേടിയത്. പത്ത് പന്തില്‍ പുറത്താവാതെ 52 റണ്‍സ് നേടികൊണ്ടായിരുന്നു താരത്തിന്റെ തകര്‍പ്പന്‍ പ്രകടനം.

ദീപേന്ദ്രയ്ക്ക് പുറമേ ആസിഫ് ഷേക്ക് 41 പന്തില്‍ 52 റണ്‍സും നേടി മികച്ച പ്രകടനം നടത്തി. ആറ് ഫോറുകളാണ് ആസിഫിന്റെ ബാറ്റില്‍ നിന്നും പിറന്നത്.

ഖത്തര്‍ ബൗളിങ്ങില്‍ ഹിമാന്‍ഷു റാത്തോട്, മുസാവര്‍ ഷാ എന്നിവര്‍ രണ്ടു വീതം വിക്കറ്റുകള്‍ വീഴ്ത്തി തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. നേപ്പാള്‍ ബൗളിങ്ങില്‍ ലളിത് രാജ്ബന്‍ഷി, ദീപേന്ദ്ര സിങ്, ഗുല്‍സന്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതവും കുശാല്‍ മല്ല, അഭിലാഷ് ബൊവാര എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

ഖത്തര്‍ ബാറ്റിങ്ങില്‍ 33 പന്തില്‍ പുറത്താവാതെ 63 റണ്‍സ് നേടിയ ക്യാപ്റ്റന്‍ മുഹമ്മദ് തന്‍വീറിന്റെ ചെറുത്തുനില്‍പ്പാണ് ഏറെ ശ്രദ്ധേയമായത്.

Content Highlight: Dipendra Singh create a new record in T20