| Wednesday, 27th September 2023, 10:47 am

ഈ റെക്കോഡ് തകര്‍ക്കാന്‍ ഒരുത്തനുമാകില്ല; ക്രിക്കറ്റ് ഉള്ള കാലത്തോളം ഇവന്റെ പേര് അനശ്വരമായിരിക്കും

സ്പോര്‍ട്സ് ഡെസ്‌ക്

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ചരിത്രം കുറിച്ചാണ് നേപ്പാള്‍ കയ്യടികളേറ്റുവാങ്ങുന്നത്. ഏഷ്യന്‍ ഗെയിംസില്‍ മംഗോളിയക്കെതിരായ മത്സരത്തില്‍ ടി-20യിലെ ഒരുപിടി റെക്കോഡുകളാണ് നേപ്പാള്‍ സ്വന്തമാക്കിയത്.

അന്താരാഷ്ട്ര ടി-20യിലെ ഏറ്റവും വലിയ ടോട്ടല്‍, ടി.20യില്‍ 300 റണ്‍സ് നേടുന്ന ആദ്യ ടീം, ഏറ്റവും വേഗതയേറിയ സെഞ്ച്വറി, ഏറ്റവും വേഗതയേറിയ അര്‍ധ സെഞ്ച്വറി തുടങ്ങി നിരവധി റെക്കോഡുകളാണ് നേപ്പാള്‍ സ്വന്തമാക്കിയത്.

ഇതില്‍ ഏറ്റവും വേഗത്തില്‍ അര്‍ധ സെഞ്ച്വറി നേടിയ ദീപേന്ദ്ര സിങ് ഐറിയുടെ റെക്കോഡിന് പ്രത്യേകതകളേറെയാണ്. ഒമ്പത് പന്തില്‍ നിന്നുമാണ് താരം അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.

മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം യുവരാജ് സിങ്ങിന്റെ റെക്കോഡ് തകര്‍ത്താണ് ഐറി പുതിയ റെക്കോഡ് കുറിച്ചത്. 2007 ടി-20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ യുവരാജ് നേടിയ 12 പന്തിലെ ഫിഫ്റ്റിയുടെ റെക്കോഡാണ് ഇതോടെ പഴങ്കഥയായത്.

ക്രിക്കറ്റ് ഉള്ളടത്തോളം കാലം ഐറിയുടെ ഈ റെക്കോഡ് ഒരിക്കലും തകര്‍ക്കപ്പെടില്ല, ഷെയര്‍ ചെയ്യപ്പെടുകയേ ഉള്ളൂ. കാരണം നേരിടുന്ന എല്ലാ പന്തിലും സിക്‌സര്‍ നേടിയാലും ഫിഫ്റ്റി പൂര്‍ത്തിയാക്കാന്‍ ഏറ്റവും ചുരുങ്ങിയത് ഒമ്പത് പന്ത് തന്നെ വേണ്ടി വരും. ഇക്കാരണത്താല്‍ ക്രിക്കറ്റ് ലോകത്ത് ഒരിക്കലും തകര്‍ക്കാന്‍ സാധിക്കാത്ത റെക്കോഡ് നേട്ടത്തിലാണ് നേപ്പാള്‍ താരം തന്റെ പേരെഴുതിച്ചേര്‍ത്തത്.

ഐറിക്ക് പുറമെ കുശാല്‍ മല്ലയും റെക്കോഡ് നേട്ടത്തില്‍ തിളങ്ങിയിരുന്നു. അന്താരാഷ്ട്ര ടി-20 ഫോര്‍മാറ്റിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറി നേട്ടമാണ് താരത്തിന്റെ പേരില്‍ കുറിക്കപ്പെട്ടത്. 34 പന്തില്‍ നിന്നുമാണ് മല്ല നൂറടിച്ചത്.

ഇരുവര്‍ക്കുമൊപ്പം ക്യാപ്റ്റന്‍ രോഹിത് പൗഡലും തകര്‍ത്തടിച്ചിരുന്നു. 21 പന്തില്‍ നിന്നും 61 റണ്‍സാണ് താരം നേടിയത്.

മൂവരുടെയും ബാറ്റിങ് കരുത്തില്‍ നേപ്പാള്‍ നിശ്ചിത ഓവറില്‍ 314 റണ്‍സ് നേടി. ഇതും മറ്റൊരു റെക്കോഡാണ്. ടി-20യിലെ ഏറ്റവും വലിയ ടീം ടോട്ടലാണിത്. ടി-20യില്‍ 300 മാര്‍ക് പിന്നിടുന്ന ആദ്യ ടീം എന്ന ഖ്യാതിയും ഇതോടെ നേപ്പാളിന് സ്വന്തമായി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ മംഗോളിയന്‍ താരങ്ങളെ പന്തുകൊണ്ടും നേപ്പാള്‍ വിറപ്പിച്ചിരുന്നു. വെറും 41 റണ്‍സിനാണ് മംഗോളിയയെ ‘ഏഷ്യന്‍ ക്രിക്കറ്റിലെ ദി നെക്‌സ്റ്റ് ബിഗ് തിങ്’ തകര്‍ത്തുവിട്ടത്. 273 റണ്‍സിനായിരുന്നു നേപ്പാളിന്റെ ജയം. ടി-20യിലെ ഏറ്റവും വലിയ വിജയ മാര്‍ജിനും ഇതുതന്നെയാണ്.

ഗ്രൂപ്പ് എയില്‍ മാല്‍ദീവ്‌സിനെതിരെയാണ് നേപ്പാളിന്റെ അടുത്ത മത്സരം. ഒക്ടോബര്‍ ഒന്നിന് ZJUT സ്‌റ്റേഡിയത്തിലാണ് മത്സരം നടക്കുക.

Content highlight: Dipendra Singh Airee scripts unbreakable record in T20

We use cookies to give you the best possible experience. Learn more