അന്താരാഷ്ട്ര ക്രിക്കറ്റില്‍ ചരിത്രം കുറിച്ചാണ് നേപ്പാള്‍ കയ്യടികളേറ്റുവാങ്ങുന്നത്. ഏഷ്യന്‍ ഗെയിംസില്‍ മംഗോളിയക്കെതിരായ മത്സരത്തില്‍ ടി-20യിലെ ഒരുപിടി റെക്കോഡുകളാണ് നേപ്പാള്‍ സ്വന്തമാക്കിയത്.
അന്താരാഷ്ട്ര ടി-20യിലെ ഏറ്റവും വലിയ ടോട്ടല്‍, ടി.20യില്‍ 300 റണ്‍സ് നേടുന്ന ആദ്യ ടീം, ഏറ്റവും വേഗതയേറിയ സെഞ്ച്വറി, ഏറ്റവും വേഗതയേറിയ അര്‍ധ സെഞ്ച്വറി തുടങ്ങി നിരവധി റെക്കോഡുകളാണ് നേപ്പാള്‍ സ്വന്തമാക്കിയത്.
ഇതില്‍ ഏറ്റവും വേഗത്തില്‍ അര്‍ധ സെഞ്ച്വറി നേടിയ ദീപേന്ദ്ര സിങ് ഐറിയുടെ റെക്കോഡിന് പ്രത്യേകതകളേറെയാണ്. ഒമ്പത് പന്തില്‍ നിന്നുമാണ് താരം അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.
🏆 Match Day 01 🇳🇵🇲🇳 🏏
DS Airee gets his half century 🔥#weCAN #AsianGames pic.twitter.com/QXsJFe9yxZ— CAN (@CricketNep) September 27, 2023
മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം യുവരാജ് സിങ്ങിന്റെ റെക്കോഡ് തകര്‍ത്താണ് ഐറി പുതിയ റെക്കോഡ് കുറിച്ചത്. 2007 ടി-20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ യുവരാജ് നേടിയ 12 പന്തിലെ ഫിഫ്റ്റിയുടെ റെക്കോഡാണ് ഇതോടെ പഴങ്കഥയായത്.
ക്രിക്കറ്റ് ഉള്ളടത്തോളം കാലം ഐറിയുടെ ഈ റെക്കോഡ് ഒരിക്കലും തകര്‍ക്കപ്പെടില്ല, ഷെയര്‍ ചെയ്യപ്പെടുകയേ ഉള്ളൂ. കാരണം നേരിടുന്ന എല്ലാ പന്തിലും സിക്‌സര്‍ നേടിയാലും ഫിഫ്റ്റി പൂര്‍ത്തിയാക്കാന്‍ ഏറ്റവും ചുരുങ്ങിയത് ഒമ്പത് പന്ത് തന്നെ വേണ്ടി വരും. ഇക്കാരണത്താല്‍ ക്രിക്കറ്റ് ലോകത്ത് ഒരിക്കലും തകര്‍ക്കാന്‍ സാധിക്കാത്ത റെക്കോഡ് നേട്ടത്തിലാണ് നേപ്പാള്‍ താരം തന്റെ പേരെഴുതിച്ചേര്‍ത്തത്.