പരിപാലിക്കാന്‍ കഴിയുന്നില്ല: സമ്മാനമായി ലഭിച്ച ബി.എം.ഡബ്‌ള്യൂ കാര്‍ ദീപാ കര്‍മാക്കര്‍ തിരിച്ചു കൊടുത്തു
Daily News
പരിപാലിക്കാന്‍ കഴിയുന്നില്ല: സമ്മാനമായി ലഭിച്ച ബി.എം.ഡബ്‌ള്യൂ കാര്‍ ദീപാ കര്‍മാക്കര്‍ തിരിച്ചു കൊടുത്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 12th October 2016, 11:51 am

അഗര്‍ത്തല പോലെയൊരു നഗരത്തില്‍ ഇത്തരത്തില്‍ ഒരു ആഡംബരകാര്‍ പരിപാലിക്കാനുള്ള ബുദ്ധിമുട്ട് കാരണമാണ് കാര്‍ തിരിച്ചുകൊടുക്കുന്നതെന്ന് ദീപയുടെ കുടുംബം പറഞ്ഞു


റിയോ ഒളമ്പിക്‌സ് ജിംനാസ്റ്റിക്‌സിലെ മികച്ച പ്രകടനത്തിന്റെ പേരില്‍ ദീപാ കര്‍മാക്കറിന് സമ്മാനമായി ലഭിച്ച ബി.എം. ഡബ്ല്യൂ കാര്‍ തിരിച്ചുകൊടുത്തു. ഹൈദരാബാദ് ബാഡ്മിന്റണ്‍ അസോസിയേഷനാണ് സമ്മാനം ദീപ തിരിച്ചു കൊടുത്തത്.

കാര്‍ പരിപാലിക്കാനുള്ള ബുദ്ധിമുട്ടും നാട്ടിലെ സഞ്ചാര യോഗ്യമല്ലാത്ത റോഡിന്റെ അവസ്ഥയും കാരണമാണ് താരം കാര്‍ തിരിച്ചു കൊടുത്തത്.

അഗര്‍ത്തല പോലെയൊരു നഗരത്തില്‍ ഇത്തരത്തില്‍ ഒരു ആഡംബരകാര്‍ പരിപാലിക്കാനുള്ള ബുദ്ധിമുട്ട് കാരണമാണ് കാര്‍ തിരിച്ചുകൊടുക്കുന്നതെന്ന് ദീപയുടെ കുടുംബം പറഞ്ഞു. അഗര്‍ത്തലയിലെ റോഡുകള്‍ ഇടുങ്ങിയതും പൊളിഞ്ഞതുമാണ്.

അതേസമയം കാറിന് സമാനമായുള്ളതോ അല്ലാത്തതോ ആയ തുക സ്വീകരിക്കാന്‍ തയ്യാറാണെന്ന് താരം വ്യക്തമാക്കിയിട്ടുണ്ട്.

ഒളിമ്പിക്‌സ് മെഡല്‍ നേടിയ പിവി സിന്ധുവിനും സാക്ഷി മാലിക്കിനും ഒപ്പം ദീപയെയും സമ്മാനത്തിനായി തെരഞ്ഞെടുത്തത് സച്ചിന്‍ ടെണ്ടുല്‍ക്കറായിരുന്നു.

എന്നാല്‍ കാര്‍ തിരിച്ചുകൊടുക്കുന്ന കാര്യം ഹൈദരാബാദ് ബാഡ്മിന്റണ്‍ അസോസിയേഷനുമായി സംസാരിച്ചു കഴിഞ്ഞതായി ദീപയുടെ പരിശീലകന്‍ ബിഷേശ്വര്‍ നന്ദി പറഞ്ഞു. കാറിന് പകരം തത്തുല്യ തുക ദീപയുടെ അക്കൗണ്ടില്‍ നിക്ഷേപിക്കുന്നതാണ് നല്ലതെന്നും ഇവര്‍ പറഞ്ഞിട്ടുണ്ട്.

ഇനി അത്രയും തുകയില്ലെങ്കില്‍ ബാഡ്മിന്റണ്‍ അസോസിയേഷന്‍ എന്തു നല്‍കിയാലും സന്തോഷത്തോടെ സ്വീകരിക്കുമെന്നും ദീപാ കര്‍മാക്കര്‍ പറഞ്ഞു.