ഇന്ത്യന്‍ സാമ്പത്തിക രംഗത്തു അത്ര മാന്ദ്യമില്ല. പക്ഷേ വാഹനവിപണി കാര്യമായ തളര്‍ച്ചയിലാണ്. പത്തുവര്‍ഷത്തിനിടെ ആദ്യമായി വില്‍പ്പനശോഷണത്തോടെ സാമ്പത്തിക വര്‍ഷം അവസാനിപ്പിക്കാനായിരുന്നു മിക്ക വാഹനനിര്‍മാതാക്കളുടെയും വിധി. വില്‍പ്പനമാന്ദ്യത്തില്‍ നിന്നു കരകയറാന്‍ ഉടനെയൊന്നും സാധ്യമല്ലെന്നാണ് വാഹനവിപണി നീരീക്ഷകര്‍ പറയുന്നത്.[]
രാജ്യത്തെ വാഹനനിര്‍മാതാക്കളില്‍ ഒന്നാമനായ മാരുതി സുസൂക്കിയുടെ വില്‍പ്പനയില്‍ നാലു ശതമാനം കുറവ് മാര്‍ച്ചില്‍ ഉണ്ടായി. 1.07 ലക്ഷം വാഹനങ്ങളായിരുന്നു വില്‍പ്പന. രണ്ടാമനായ ഹ്യുണ്ടായിയുടെ വില്‍പ്പന 14 ശതമാനം കുറഞ്ഞു. ടാറ്റ മോട്ടോഴ്‌സിനാണ് ഏറെ ക്ഷീണമുണ്ടാക്കിയത്. മുന്‍ വര്‍ഷത്തേതിനേക്കാള്‍ 67 ശതമാനം വില്‍പ്പന മാര്‍ച്ചില്‍ താഴ്ന്നു.
12,347 വാഹനങ്ങളാണ് കമ്പനി വില്‍പ്പന നടത്തിയത്. ഇതോടെ കാര്‍ വില്‍പ്പന പട്ടികയില്‍ മഹീന്ദ്ര , ടൊയോട്ട എന്നിവയ്ക്കു താഴെ അഞ്ചാമതായി ടാറ്റ മോട്ടോഴ്‌സിന്റെ സ്ഥാനം. ഉയര്‍ന്ന പലിശ നിരക്കും ഇന്ധനിവില വര്‍ധനയും കാര്‍ വിപണിയുടെ തകര്‍ച്ചയ്ക്ക് കാരണമായെന്ന് വിദഗ്ദര്‍ വിലയിരുത്തുന്നു.
ജനറല്‍ മോട്ടോഴ്‌സിന്റെ വില്‍പ്പനയില്‍ 15 ശതമാനവും ഫോഡ് ഇന്ത്യയുടെ വില്‍പ്പനയില്‍ 42 ശതമാനവും കുറവുണ്ടായി. ജൂണില്‍ ഇക്കോ സ്‌പോര്‍ടിനെ വിപണിയിലിറക്കുന്നതോടെ വില്‍പ്പന മെച്ചപ്പെടുത്താനാവുമെന്ന പ്രതീക്ഷ ഫോഡിനുണ്ട്. ഹോണ്ടയ്ക്ക് മാര്‍ച്ചില്‍ ഒമ്പതു ശതമാനം വില്‍പ്പന വളര്‍ച്ചയുണ്ടായി. ഈ മാസം 11 നു പുറത്തിറങ്ങുന്ന അമെയ്‌സ് സെഡാന്‍ ഹോണ്ടയുടെ വില്‍പ്പന വീണ്ടും മെച്ചപ്പെടുത്തും.
ടൊയോട്ടയ്ക്ക് ഏഴു ശതമാനം വില്‍പ്പന വളര്‍ച്ച നേടാനായി. 2012 ജൂലൈയില്‍ വിപണിയിലെത്തിയ ഡസ്റ്ററിന്റെ വന്‍ ജനപ്രീതി റെനോയ്ക്ക് മാര്‍ച്ചില്‍ വമ്പിച്ച നേട്ടം സമ്മാനിച്ചു. വില്‍പ്പനയില്‍ 719 ശതമാനം വളര്‍ച്ചയാണ് ഫ്രഞ്ച് കമ്പനിയ്ക്ക് ലഭിച്ചത്. 8232 എണ്ണമായിരുന്നു റെനോയുടെ വില്‍പ്പന. ഇതില്‍ 6313 ഡസ്റ്റര്‍ , 1026 സ്‌കാല , 541 പള്‍സ് , 337 ഫ്‌ലുവന്‍സ് , 15 കോലിയോസ് എന്നിവ ഉള്‍പ്പെടുന്നു.
മഹീന്ദ്രയ്ക്ക് പാസഞ്ചര്‍ വാഹനവിപണിയില്‍ 13ശതമാനമാണ് വില്‍പ്പന വളര്‍ച്ച.
ഇരുചക്രവാഹന വിപണിയില്‍ ജപ്പാന്‍ കമ്പനികള്‍ക്ക് മാര്‍ച്ചില്‍ നേട്ടം കൊയ്യാനായി. യമഹ , ഹോണ്ട കമ്പനികള്‍ യഥാക്രമം 20.5 ശതമാനം , 15 ശതമാനം വീതം അധിക വില്‍പ്പന നേടി. എന്നാല്‍ ഹീറോ മോട്ടോ കോര്‍പ്പിനും ടിവിഎസിനും 11 ശതമാനം വില്‍പ്പന കുറഞ്ഞു.
പത്തുവര്‍ഷത്തിനിടെ ആദ്യമായി വില്‍പ്പനശോഷണത്തോടെ സാമ്പത്തിക വര്‍ഷം അവസാനിപ്പിക്കാനായിരുന്നു മിക്ക വാഹനനിര്‍മാതാക്കളുടെയും വിധി.