പ്രീമിയര്‍ ലീഗ് ക്ലബ്ബായ പോര്‍ട്ടോ എഫ്.സിയുടെ ഗോള്‍കീപ്പര്‍ ഡിയോഗോ കോസ്റ്റയെ വാനോളം പ്രശംസിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം ഡിയോഗോ ഡലോട്ട്. തന്റെ രാജ്യക്കാരനാണ് കോസ്റ്റയെന്നും മികച്ച പ്രകടനമാണ് ഫുട്‌ബോളില്‍ അദ്ദേഹം കാഴ്ചവെക്കുന്നതെന്നും ഡലോട്ട് പറഞ്ഞു.
ഭാവിയില്‍ ലോകത്തിന്റെ മുഖമായി മാറാന്‍ കഴിവുള്ള താരമായി കോസ്റ്റ മാറുമെന്നും ഡലോട്ട് പറഞ്ഞു. മൈസ് ഫുട്‌ബോളിന് നല്‍കിയ അഭിമുഖത്തിലാണ് ഡലോട്ട് ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.
‘ഞാനവന്റെ കൂടെയാണ് വളര്‍ന്നത്. അവന്‍ എന്റെ സുഹൃത്താണ്, ഞങ്ങള്‍ക്കിടയില്‍ മികച്ചൊരു ബന്ധമുണ്ട്. എനിക്കുറപ്പാണ് ഒരിക്കല്‍ ലോകം ഒന്നടങ്ങുന്ന വാഴ്ത്തുന്ന താരമായി അവന്‍ മാറുമെന്ന്. ഭാവിയില്‍ അവന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ ആയിരിക്കുമോ അല്ലെങ്കില്‍ മറ്റേതെങ്കിലും യൂറോപ്യന്‍ ക്ലബ്ബിലേക്ക് ചേക്കേറുമോ എന്ന കാര്യത്തില്‍ എനിക്ക് വലിയ ധാരണയില്ല.
എഫ്.സി പോര്‍ട്ടോയില്‍ അവന്‍ തന്റെ കഴിവ് തെളിയിച്ച് കൊണ്ടിരിക്കുകയാണ്. ഒരു ഗോള്‍ കീപ്പര്‍ എന്ന നിലയില്‍ അവന്‍ ക്ലബ്ബിനെ ഒത്തിരി സഹായിച്ചിട്ടുണ്ട്. അത് തുടരാന്‍ സാധിക്കുമെങ്കില്‍ ഞാന്‍ സന്തോഷവാനായിരിക്കും. അവന്‍ ക്ലബ്ബ് വിട്ടാലും ലോകത്തിലെ മികച്ച താരമായി മാറാന്‍ കഴിയുമെന്ന് എനിക്ക് വിശ്വാസമുണ്ട്,’ ഡലോട്ട് പറഞ്ഞു.
ഈ സീസണില്‍ പോര്‍ട്ടോക്കായി 38 മത്സരങ്ങളില്‍ താരം വല കാത്തിട്ടുണ്ട്. 2022 ഫിഫ വേള്‍ഡ് കപ്പിലും ഫസ്റ്റ് ചോയ്‌സ് ഗോള്‍ കീപ്പറില്‍ ഒരാളായിരുന്നു കോസ്റ്റ. താരത്തെ അടുത്ത സീസണില്‍ സ്വന്തമാക്കാന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് രംഗത്തുണ്ടെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം, ഡിയോഗോ ഡലോട്ട് മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഈ സീസണില്‍ ഇതുവരെ കളിച്ച 41 മത്സരങ്ങളില്‍ നിന്ന് രണ്ട് ഗോളുകളാണ് താരത്തിന്റെ സമ്പാദ്യം.
പ്രീമിയര്‍ ലീഗില്‍ ഇതുവരെ കളിച്ച 34 മത്സരങ്ങളില്‍ നിന്ന് 19 ജയവുമായി 63 പോയിന്റോടെ പട്ടികയില്‍ നാലാം സ്ഥാനത്താണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. മെയ് 13ന് വോള്‍വ്‌സിനെതിരെയാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ അടുത്ത മത്സരം.