| Thursday, 20th April 2023, 4:46 pm

ക്രിസ്റ്റ്യാനോയും ബ്രൂണോയും എന്റെ ദേശക്കാരാണ്, അവര്‍ക്കൊപ്പം കളിക്കുമ്പോള്‍ ഒരു പ്രത്യേകതയുണ്ട്: ഡിയോഗോ ഡലോട്ട്

സ്പോര്‍ട്സ് ഡെസ്‌ക്

പോര്‍ച്ചുഗീസ് സൂപ്പര്‍താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ബ്രൂണോ ഫെര്‍ണാണ്ടസ് എന്നിവര്‍ക്കൊപ്പം കളിക്കുമ്പോഴുള്ള അനുഭവം പങ്കുവെച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം ഡിയോഗോ ഡലോട്ട്. മൂവരും പോര്‍ച്ചുഗല്‍ ദേശീയ ടീമിനൊപ്പം കളിച്ചിരുന്നുവെന്നതിനപ്പുറം മാഞ്ചസ്റ്റര്‍ യുണൈറ്റഡിലും ഒരുമിച്ച് കളം പങ്കുവെച്ചിട്ടുണ്ട്. കോച്ച് എറിക് ടെന്‍ ഹാഗുമായുണ്ടായ സ്വരച്ചേര്‍ച്ചയെ തുടര്‍ന്ന് റൊണാള്‍ഡോ ക്ലബ്ബ് വിടുകയായിരുന്നു.

ഡലോട്ടും ബ്രൂണോയും നിലവില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലാണ് ബൂട്ടുകെട്ടുന്നത്. ഇരുവര്‍ക്കുമൊപ്പം കളിക്കുമ്പോള്‍ താന്‍ അതീവ സന്തോഷവാനാണെന്നും രണ്ടുപേരും തന്റെ രാജ്യക്കാരാണ് എന്നതാണ് അതിന്റെ പ്രത്യേകതയെന്നും ഡലോട്ട് പറഞ്ഞു. യുണൈറ്റഡ് പ്ലഗിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പങ്കുവെച്ചത്.

‘ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ബ്രൂണോ ഫെര്‍ണാണ്ടസും എന്റെ പോര്‍ച്ചുഗീസ് സുഹൃത്തുക്കളാണ്. ഇരുവര്‍ക്കുമൊപ്പം കളിക്കുമ്പോള്‍ ഞാന്‍ അതീവ സന്തോഷവാനാണ് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ബ്രൂണോക്കൊപ്പം ഇപ്പോഴും കളിക്കാനുള്ള അവസരമുണ്ട്. എല്ലായിപ്പോഴും അതൊരു സന്തോഷമാണ്. സ്വന്തം രാജ്യത്തെ കളിക്കാര്‍ ആണെന്നുള്ളതാണ് സന്തോഷം ഇരട്ടിയാക്കുന്നത്,’ ഡലോട്ട് പറഞ്ഞു.

ക്രിസ്റ്റ്യാനോയും ബ്രൂണോയും മാന്‍ യുണൈറ്റഡിനായി 39 മത്സരങ്ങളില്‍ ഒരുമിച്ച് ബൂട്ടുകെട്ടിയിട്ടുണ്ട്. റൊണാള്‍ഡോ യുണൈറ്റഡ് വിട്ടതിന് ശേഷം ഇരുവരും ഒരുമിച്ച് കളിച്ചത് യുവേഫ യൂറോ 2024ലേക്കുള്ള ക്വാളിഫയേഴ്‌സ് മത്സരങ്ങളിലാണ്. ലീച്ചെന്‍സ്റ്റീനും ലക്‌സെംബോര്‍ഗിനുമെതിരെ നടന്ന മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ പോര്‍ച്ചുഗലിന് സാധിച്ചിരുന്നു.

അതേസമയം പോര്‍ച്ചുഗലിന്റെ യൂറോ ക്വാളിഫൈയിങ് ഗ്രൂപ്പില്‍ ഐസലാന്‍ഡ്, സ്ലോവാക്യ, ബോസ്നിയ ഹെര്‍സെഗോവിന എന്ന ടീമുകളും ഉള്‍പ്പെട്ടിട്ടുണ്ട്. 10 ഗ്രൂപ്പുകളില്‍ നിന്ന് രണ്ട് ടീമുകള്‍ വീതമാണ് ജെര്‍മനിയില്‍ നടക്കുന്ന യൂറോ കപ്പ് ടൂര്‍ണമെന്റിന് യോഗ്യത നേടുക.

Content Highlights: Diogo Dalot praises Cristiano Ronaldo and Bruno Fernandez

We use cookies to give you the best possible experience. Learn more