| Friday, 30th September 2022, 11:52 am

എ.കെ.ജി സെന്റര്‍ ആക്രമണം; പ്രതി ജിതിന്‍ സഞ്ചരിച്ച ഡിയോ സ്‌കൂട്ടര്‍ കണ്ടെത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: എ.കെ.ജി സെന്റര്‍ ആക്രമണക്കേസില്‍ പ്രതി ജിതിന്‍ ഉപയോഗിച്ച ഡിയോ സ്‌കൂട്ടര്‍ ക്രൈംബ്രാഞ്ച് സംഘം കണ്ടെത്തി. കഠിനംകുളത്ത് നിന്നാണ് സ്‌കൂട്ടര്‍ കണ്ടെത്തിയത്.

കഴക്കൂട്ടം സ്വദേശി സുധീഷിന്റെ പേരിലാണ് സ്‌കൂട്ടര്‍. പൊലീസ് അന്വേഷിക്കുന്ന യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി സുഹൈല്‍ ഷാജഹാന്റെ നേതാവിന്റെ ഡ്രൈവറാണ് സുധീഷ്. സുഹൈല്‍ ഷാജഹാന്‍ നിലവില്‍ ഒളിവിലാണ്.

സുധീഷ് നിലവില്‍ വിദേശത്താണുള്ളത്. കഠിനംകുളത്തുള്ള ഇയാളുടെ സഹോദരന്റെ വീട്ടില്‍ നിന്നാണ് അന്വേഷണസംഘം സ്‌കൂട്ടര്‍ കണ്ടെടുത്തത്. സ്‌കൂട്ടര്‍ തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തിച്ചിട്ടുണ്ട്.

എ.കെ.ജി സെന്റര്‍ ആക്രമിച്ച ദിവസം പ്രതി ജിതിന്‍ ഉപയോഗിച്ച എത്തിയോസ് കാറും നിലവില്‍ ക്രൈംബ്രാഞ്ച് ഓഫീസിലുണ്ട്. ജിതിനിലേക്ക് അന്വേഷണം ചെന്നെത്തിയതില്‍ പ്രധാന തെളിവായി മാറിയതും ഈ കാറായിരുന്നു. എ.കെ.ജി സെന്ററിന് സ്‌ഫോടക വസ്തു എറിഞ്ഞതിന് ശേഷം ജിതിന്‍ തിരിച്ച് രക്ഷപ്പെട്ടതും ഇതേ കാറിലായിരുന്നു എന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്.

ജിതിനെ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ലഭിച്ച തെളിവുകളില്‍ നിന്നായിരുന്നു സ്‌കൂട്ടര്‍ സംബന്ധിച്ച വ്യക്തമായ വിവരം പൊലീസിന് ലഭിച്ചത്.

അതേസമയം തിരുവനന്തപുരം ജില്ലയില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള ഡിയോ സ്‌കൂട്ടറുകളെ സംബന്ധിച്ച വിശദമായ അന്വേഷണം ആദ്യഘട്ടത്തില്‍ പൊലീസ് നടത്തിയിരുന്നു.

ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 22നായിരുന്നു എ.കെ.ജി സെന്റര്‍ ആക്രമണകേസില്‍ യൂത്ത് കോണ്‍ഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്റ് ജിതിന്‍ കസ്റ്റഡിയിലായത്.

അതേസമയം ആക്രമണത്തിന് പിന്നില്‍ വ്യക്തമായ ഗൂഢാലോചനയുണ്ടെന്നും ഇതിന്റെ മുഖ്യ സൂത്രധാരന്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സുഹൈല്‍ ഷാജഹാനാണെന്നുമാണ് ക്രൈംബ്രാഞ്ച് സംഘം പറയുന്നത്.

ജൂണ്‍ 30ന് അര്‍ധരാത്രിയായിരുന്നു എ.കെ.ജി സെന്ററിന് നേരെ ആക്രമണമുണ്ടായത്.

Content Highlight: Dio scooter used by youth congress leader Jithin when he attacked AKG center found

We use cookies to give you the best possible experience. Learn more