ഹിന്ദുത്വ ക്രൂരതകളുടെ കാരണം പോലുമറിയാത്ത പാവം 'യുക്തിവാദ ദൈവം'
DISCOURSE
ഹിന്ദുത്വ ക്രൂരതകളുടെ കാരണം പോലുമറിയാത്ത പാവം 'യുക്തിവാദ ദൈവം'
ദിനു വെയില്‍
Sunday, 26th September 2021, 11:09 am
പലപ്പോഴും ഇരയാക്കപ്പെട്ട മനുഷ്യരെ ഇരയായി മാത്രം കണ്ട്, അവര്‍ക്ക് വേണ്ടിയെന്നവണ്ണം സംസാരിക്കുകയും എന്നാല്‍ ബോധപൂര്‍വ്വം അക്രമകാരിയേയും ആക്രമിച്ച വ്യവസ്ഥയേയും കുറിച്ച് മൗനം പൂണ്ടിരിക്കുന്ന ചിലരൊക്കെ ഐക്യദാര്‍ഢ്യ അപകടകാരികളാണ്. രവിചന്ദ്രന്‍ എന്ന നവ യുക്തിവാദ ദൈവത്തിന് മുസ്ലിം സമുദായത്തിലെ ഒരാളെ വെടിവെച്ചിട്ടിട്ട് അയാള്‍ക്ക് മുകളിലേയ്ക്ക് ഫോട്ടോഗ്രാഫറായ ഒരാള്‍ ചാടി വീണത് എന്തിനാണെന്ന് അറിയില്ലത്രേ.

സവര്‍ണ്ണ സമുദായങ്ങളില്‍ നിന്ന് ജാതീയ വിവേചനം അനുഭവപ്പെട്ട പാലക്കാട് ജില്ലയിലെ ഗോവിന്ദാപുരം കോളനിയില്‍ ദളിത് വിഭാഗത്തിലെ ചക്ലിയ സമുദായത്തില്‍പ്പെട്ട ആളുകള്‍ക്ക് കുടിവെള്ളം പോലും എടുക്കുവാന്‍ സാധിക്കാത്ത വിധം ബുദ്ധിമുട്ടിലായിരുന്നു. ഈ അയിത്താചരണത്തിനെതിരെ നടന്ന പ്രതിഷേധ സമരത്തില്‍ ഞാനും പങ്കെടുക്കുകയായിരുന്നു.

വേദിയില്‍ സംസാരിച്ച യുക്തിവാദി നേതാവ് മൈക്ക് കൈയിലെടുത്ത് പറഞ്ഞത് ഇപ്രകാരമായിരുന്നു. ‘എനിക്ക് മുന്‍പ് സംസാരിച്ചവര്‍ സൂചിപ്പിച്ച പോലെ ദളിതരുടെ പ്രശ്നം ആയതുകൊണ്ടല്ല ഞാന്‍ ഇവിടെ ഐക്യദാര്‍ഢ്യവുമായി വന്നത്, ഇത് മനുഷ്യരുടെ പ്രശ്നം ആയതുകൊണ്ടാണ് ഞാന്‍ വന്നത്. ഇത് മനുഷ്യരോടുള്ള വിവേചനമാണെന്ന് ഇരയാക്കപ്പെട്ട ദളിത് സമുദായത്തിലെ അനേകം പേര്‍ക്ക് മുന്‍പില്‍ നിന്ന് അയാള്‍ അയാളുടെ മനുഷ്യവാദ സ്റ്റഡി ക്ലാസ് ആരംഭിച്ചു.

അതിനുശേഷം സംസാരിക്കാന്‍ അവസരം കിട്ടിയ ഞാന്‍ ഇന്ത്യയില്‍ ദളിതരും ആദിവാസി സമുദായത്തില്‍പെട്ടവരും അല്ലാതെ, കുടിവെള്ളം എടുക്കുന്നതില്‍ പോലും അയിത്തം അനുഭവിക്കേണ്ടി വരുന്നത് മറ്റേത് മനുഷ്യജാതിക്കാണെന്ന് ചോദിച്ചു. ഇവര്‍ ദളിതര്‍, ഇവരനുഭവിക്കുന്ന കൊടിയമായ ജാതി പീഡനത്തെ ചോദ്യം ചെയ്യുമ്പോള്‍ മനുഷ്യരുടെ സ്റ്റഡി ക്ലാസെടുക്കാന്‍ ലജ്ജ തോന്നുന്നില്ലേയെന്നും ചോദിച്ചു.

പലപ്പോഴും ഇരയാക്കപ്പെട്ട മനുഷ്യരെ ഇരയായി മാത്രം കണ്ട്, അവര്‍ക്ക് വേണ്ടിയെന്നവണ്ണം സംസാരിക്കുകയും എന്നാല്‍ ബോധപൂര്‍വ്വം അക്രമകാരിയേയും ആക്രമിച്ച വ്യവസ്ഥയേയും കുറിച്ച് മൗനം പൂണ്ടിരിക്കുന്ന ചിലരൊക്കെ ഐക്യദാര്‍ഢ്യ അപകടകാരികളാണ്. രവിചന്ദ്രന്‍ എന്ന നവ യുക്തിവാദ ദൈവത്തിന് മുസ്ലിം സമുദായത്തിലെ ഒരാളെ വെടിവെച്ചിട്ടിട്ട് അയാള്‍ക്ക് മുകളിലേയ്ക്ക് ഫോട്ടോഗ്രാഫറായ ഒരാള്‍ ചാടി വീണത് എന്തിനാണെന്ന് അറിയില്ലത്രേ.

എന്തായിരിക്കും ഈ വ്യക്തിയെ ഇത്രയും അക്രമാസക്തനാക്കിയതെന്ന് വ്യക്തമല്ല എന്നാണ് രവിചന്ദ്രന്‍ എഴുതിയിരിക്കുന്നത്. സമകാലീന ഇന്ത്യന്‍ സാഹചര്യത്തെക്കുറിച്ച് സാമാന്യ ബോധമില്ലാത്ത ഒരാളല്ലായിരുന്നിട്ടു കൂടി തക്കുടു നിഷ്‌ക്കളങ്കത പുലര്‍ത്തുകയാണ് സി. രവിചന്ദ്രന്‍.

സി. രവിചന്ദ്രന്‍

തുടര്‍ന്ന് ഇത് മനുഷ്യന് എതിരായ കുറ്റകൃത്യമാണെന്നും ഹീനം നിന്ദ്യം എന്നിങ്ങനെ രണ്ട് പഞ്ച് ഡയലോഗ് കൂടിയടിച്ചാണ് പ്രസ്തുത പോസ്റ്റ് അവസാനിക്കുന്നത്. ഇന്ത്യയില്‍ ആള്‍ക്കൂട്ടം ക്രൂരമായി കൊല ചെയ്തവരില്‍ എത്ര പ്രബല ജാതി സമൂഹങ്ങളില്‍പ്പെട്ടവരുണ്ടെന്ന് രവിചന്ദ്രനെ പോലുള്ള ഇന്റന്‍ഷന്‍ അറിയാത്തവര്‍ കണ്ടെത്തി പറയണം. പൗരത്വം സംബന്ധിച്ച പ്രശ്നങ്ങളില്‍ ഏതേത് മനുഷ്യരാണ് ജീവനറ്റു പോകുന്നതെന്ന് പറയണം. അന്തസ്സാര്‍ന്ന മരണം പോലും ലഭിക്കാതെ, മരണാനന്തരം ശവത്തിന് പോലും അപമാനമേല്‍ക്കേണ്ടി വരുന്ന ഏതേത് മറ്റ് മനുഷ്യരുണ്ടെന്ന് പറയണം.

മിസ്റ്റര്‍ രവിചന്ദ്രന്‍, ക്രൂരവും നിന്ദ്യവും എന്താണെന്നോ.
ഒരു കുറ്റകൃത്യത്തെ ഏറ്റവും ലഘൂകരിക്കുകയും കാല്പനിക വല്‍ക്കരിക്കുകയും ചെയ്ത് നിങ്ങളുടെ ആവശ്യാനുസരണം നിങ്ങളുടെ മനുഷ്യ ഭാഷയിലേയ്ക്ക് വിവര്‍ത്തനം ചെയ്യുന്നതാണ് നിന്ദ്യം.

ഹിന്ദുത്വ രാഷ്ട്രീയം കൊന്നൊടുക്കിയ, ശവത്തിനുമേല്‍ ചാടി കയറിയ പ്രവൃത്തിയിലേക്കും സര്‍വ്വ മതത്തിനേയും ബാലന്‍സ് ചെയ്യാതെ സംസാരിക്കാനാവാത്ത താങ്കളുടെ ഗിയര്‍ ഉണ്ടല്ലോ,
ഗൗരി ലങ്കേഷിനെ പോലെ ശക്തരായ, ഹിന്ദുത്വ രാഷ്ട്രീയം എന്നുറക്കെ പറഞ്ഞ, പ്രതിരോധിച്ച യുക്തിബോധമുള്ള മനുഷ്യരുടെ പാതയില്‍ നിങ്ങളൊരു റിവേഴ്സ് ഗിയറാണ്, രവിചന്ദ്രന്‍ you are a reverse gear in Democratic space.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Dinu veyil criticises Ravichandran.C’s statement on Assam issue

ദിനു വെയില്‍
സാമൂഹ്യ പ്രവര്‍ത്തകന്‍