Entertainment news
നീ തണ്ണീര്‍മത്തന്റെ ഒഡീഷന് വന്നില്ലെ, അന്ന് ഞണ്ട് നടക്കുന്നത് പോലെയായിരുന്നു; ഞാനെന്താ നിലത്ത് കിടന്നാണോ വന്നത്: പുതിയ ചിത്രത്തിന്റെ വിശേഷങ്ങളുമായി ഡിനോയിയും നസ്‌ലനും
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2022 Mar 18, 08:08 am
Friday, 18th March 2022, 1:38 pm

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതരായ താരങ്ങളാണ് നസ്‌ലന്‍ കെ. ഗഫൂറും ഡിനോയ് പൗലോസും. ചിത്രത്തിലെ ഇരുവരുടേയും ഡയലോഗുകളും എക്‌സ്പ്രഷന്‍സുമൊക്കെ ഇന്നും ട്രോളുകളിലൂടെ ശ്രദ്ധേയമാണ്.

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ക്ക് ശേഷം ഇരുവരും ഒരുമിച്ചഭിനയിക്കുന്ന ചിത്രമാണ് പത്രോസിന്റെ പടപ്പുകള്‍. സിനിമയുടെ വിശേഷങ്ങള്‍ ഇതിനോടകം തന്നെ താരങ്ങള്‍ പങ്കുവെച്ചിരുന്നു.

ഇരുവരും കൗമുദി മൂവിസിന് നല്‍കിയ അഭിമുഖമാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ആദ്യ സിനിമയിലെ ഒഡീഷനെ കുറിച്ചും പത്രോസിന്റെ പടപ്പുകളിലെ രസകരമായ അനുഭവങ്ങളെ കുറിച്ചുമെല്ലാം സംസാരിക്കുകയാണ് ഇരുവരും.

തണ്ണീര്‍മത്തന്റെ ഒഡീഷന് വന്നില്ലെ, അത് ഞണ്ട് നടക്കുന്നത് പോലെയായിരുന്നുവെന്ന് ഡിനോയ് പറയുമ്പോള്‍ താനെന്താ നിലത്ത് കിടന്നാണോ വന്നതെന്നാണ് നസ്‌ലന്‍ ചിരിച്ചുകൊണ്ട് ചോദിക്കുന്നത്.

താന്‍ കൂളായിട്ട് വന്നു കാര്യങ്ങള്‍ ചെയ്തു. അത്രയല്ലെ ഉള്ളൂവെന്ന് നസ്‌ലന്‍ പറയുമ്പോള്‍ തന്റെ കയ്യില്‍ ഇപ്പോഴുമുണ്ട് ഒഡീഷന്റെ വീഡിയോ എന്നാണ് ഡിനോയ് മറുപടി കൊടുക്കുന്നത്.

‘പണ്ട് തണ്ണീര്‍മത്തനില്‍ അഭിനയിക്കുമ്പോള്‍ ചേട്ടാ ഞാന്‍ ചെയ്തത് ശരിയാണോയെന്ന് നീ ഇങ്ങനെ ചോദിച്ചുകൊണ്ടിരിക്കും. ഇപ്പോള്‍ ഞാന്‍ ചെയ്യുന്നതാണ് ശരി എന്നാണ് നിന്റെ മനസില്‍. ആ ലെവലിലേക്ക് നീ വളര്‍ന്നോയെന്നാണ് ഞാന്‍ ചോദിക്കുന്നത്,’ ഡിനോയ് നസ്‌ലനോട് പറയുന്നു.

കൗണ്ടറുകള്‍ വെച്ചിട്ട് തന്നെയാണ് പ്രതോസിന്റെ പടപ്പുകളിലും തമാശ ചെയ്തിരിക്കുന്നത്. പക്ഷെ ഇത് തണ്ണീര്‍മത്തന്‍ പോലെയൊരു സിനിമയല്ല. അതിലെ താരങ്ങള്‍ ഇതിലുണ്ടെന്നേയുള്ളു. കഥയും പശ്ചാത്തലവുമെല്ലാം വേറെയാണ്. ഇതൊരു പുതിയ സിനിമയാണെന്ന് ഡിനോയ് കൂട്ടിച്ചേര്‍ത്തു.

പത്രോസിന്റെ പടപ്പുകളില്‍ ചെയ്ത കഥാപാത്രത്തെ ഒരുപാട് ഇഷ്ടപ്പെട്ടെന്നും ഒരുപാട് ആകാംക്ഷയുണ്ടെന്നും നസ്‌ലന്‍ പറയുന്നു.

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഡിനോയ് പൗലോസ് തിരക്കഥ എഴുതുന്ന ചിത്രം ജനപ്രിയ പ്രോഗ്രാമായ ഉപ്പും മുളകിന്റെ രചയിതാവായ അഫ്‌സല്‍ അബ്ദുല്‍ ലത്തീഫിന്റെ ആദ്യ സംവിധാന സംരംഭമാണ്. ഒ.പി.എം ഫിലിംസ് ആണ് ചിത്രം വിതരണത്തിന് എടുത്തിരിക്കുന്നത്. ചിത്രം മാര്‍ച്ച് 18നാണ് തിയേറ്ററുകളില്‍ റിലീസ് ചെയ്തത്.

ജയേഷ് മോഹന്‍ ക്യാമറയും ജേക്സ് ബിജോയ് സംഗീതവും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജാവേദ് ചെമ്പാണ്. എഡിറ്റ്, ക്രിയേറ്റിവ് ഡയറക്ഷന്‍- സംഗീത് പ്രതാപ്.


Content Highlights: Dinoy Paulose and Naslen shares their memories in Thanneermathan Dinangal