ഡിങ്കമതക്കാരുടെ ആദ്യ ഡിങ്കോയിസ്റ്റ് സ്‌ത്രോത്രം പുറത്തിറങ്ങി. പങ്കിലതന്‍ നാഥനായി വാഴുമേക ദൈവം എന്നു തുടങ്ങുന്ന സ്‌തോത്രം യൂ ട്യൂബില്‍ നിരവധി പേരാണ് കണ്ടത്.
ഇസ്രയേലിന്‍ നാഥനായി വാഴുമേകദൈവം എന്ന ഗാനത്തിന്റെ ഈണത്തിലാണ് ഡിങ്കസ്‌തോത്രവും ഇറങ്ങിയത്. അന്ധമായ മതവിശ്വാസത്തിനും മത തീവ്രമാദത്തിനെയും പരിഹസിച്ചുകൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ ഡിങ്കോയിസം എന്ന ഗ്രൂപ്പ് രൂപപ്പെട്ടത്.
മലയാളികള്‍ക്ക് പരിചിതമായ കോമിക് കഥാപാത്രം ഡിങ്കനെ ദൈവമായും ഡിങ്കോയിസം മതമായും ഡിങ്കന്റെ കഥ പ്രസിദ്ധീകരിച്ച് വന്ന ബാലമംഗളം മതഗ്രന്ഥമായും ഇവര്‍ അവതരിപ്പിക്കുന്നു.
ആയിരക്കണക്കിന് ഫോളോവേഴ്‌സും അംഗങ്ങളുമാണ് ഡിങ്കോയിസം ഗ്രൂപ്പുകള്‍ക്കും പേജുകള്‍ക്കുമുള്ളത്. ഡിങ്കന്‍ (ഡിങ്കോയിസം) എന്ന ഫെയ്‌സ് ബുക്ക് കൂട്ടായ്മയില്‍ ഇരുപത്തി രണ്ടായിരം പേരാണുള്ളത്. ഹോളി ഡിങ്കന്‍ റിലിജിയന്‍ എന്ന പേജില്‍ മൂവായിരം പേരും ഡിങ്കന്‍ എന്ന പേജില്‍ 500 പേരുമാണുള്ളത്.
ജെന്നിഫര്‍ ലോപസ് ഡിങ്കോയിസത്തിലേക്ക്, ഒബാമ ഡിങ്കോയിസം സ്വീകരിച്ചു തുടങ്ങിയ പോസ്റ്റുകളും പേജില്‍ ഉണ്ട്.
അന്ധമായ മതവിശ്വാസം മൂലം എന്ത് നിസാരകാര്യത്തിനും തങ്ങളുടെ മതവികാരം വ്രണപ്പെട്ടുവെന്ന് പറയുന്ന മറ്റ് മതസംഘനളെ കളിയാക്കാന്‍ കൂടി ഉദ്ദേശിച്ചായിരുന്നു ദിലീപിന്റെ പുതിയ ചിത്രത്തിന് പ്രൊഫസര്‍ ഡിങ്കന്‍ എന്ന് പേരിട്ടതിന്റെ പേരില്‍ അദ്ദേഹത്തിന്റെ ദേ പുട്ട് റെസ്റ്റോറന്റിലേക്ക് ഡിങ്കോയിസ്റ്റുകള്‍ പ്രതിഷേധ പ്രകടനം നടത്തിയത്.
സൈബര്‍ ലോകത്ത് മാത്രമായി ഒതുങ്ങിയിരുന്ന ഇവര്‍ ഇപ്പോള്‍ പൊതുഇടങ്ങളിലേക്ക് ഇറങ്ങിയെന്നതിന്റെ തെളിവായിരുന്നു കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധപ്രകടനവും.
ഏത് മതത്തേയും പോലെ ഡിങ്കമതത്തിനും വികാരം ഉണ്ടെന്ന് പറയാന്‍ പറഞ്ഞ്, ഡിങ്കന്‍ ഉണ്ട്, അല്ലിത് കുട്ടിക്കളിയല്ല ഡിങ്കന്‍ തന്റെ തിരുനാമം, തുടങ്ങിയ ബാനറുകള്‍ പിടിച്ചായിരുന്നു കഴിഞ്ഞ ദിവസം നടന്ന ഇവരുടെ പ്രതിഷേധം.