കോഴിക്കോട്: ദിലീപിന്റെ ഏറ്റവും പുതിയ ചിത്രമായ “പ്രൊഫസര്‍ ഡിങ്കനെതിരെ” ഡിങ്കോയിസ്റ്റുകളുടെ പ്രതിഷേധം. മതവികാരം വ്രണപ്പെടുത്തുന്നതാണെന്ന് ആരോപിച്ചുകൊണ്ടാണ് ഇവരുടെ പ്രതിഷേധപരിപാടികള്‍ അരങ്ങേറിയത്. ഒന്നുകില്‍ ദിലീപ് ചിത്രത്തില്‍ നിന്നും പിന്‍മാറണമെന്നും അല്ലെങ്കില്‍ സിനിമയുടെ പേര് മാറ്റണമെന്നും ഇവര്‍ ആവശ്യപ്പെടുന്നുണ്ട്.
നേരത്തെ ദിലീപ് തന്റെ അടുത്ത ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചത് മുതല്‍ സോഷ്യല്‍ മീഡിയയില്‍ ഡിങ്കോയിസ്റ്റുകള്‍ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. എന്നാല്‍ ഇന്ന് ഇത് പ്രത്യക്ഷസമരമായി മാറുകയായിരുന്നു. എറണാകുളത്തെ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ദേ പുട്ട് എന്ന റസ്റ്റോറന്റിലേക്ക് ഡിങ്കോയിസ്റ്റുകള്‍ പ്രതിഷേധമാര്‍ച്ച് നടത്തി.
അന്ധമായ മതവിശ്വാസത്തിനും മത തീവ്രമാദത്തിനെയും പരിഹസിച്ചുകൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ ഡിങ്കോയിസം എന്ന ഗ്രൂപ്പ് രൂപപ്പെട്ടത്. മലയാളികള്‍ക്ക് പരിചിതമായ കോമിക് കഥാപാത്രം ഡിങ്കനെ ദൈവമായും ഡിങ്കോയിസം മതമായും ഡിങ്കന്റെ കഥ പ്രസിദ്ധീകരിച്ച് വന്ന ബാലമംഗളം മതഗ്രന്ഥമായും ഇവര്‍ അവതരിപ്പിക്കുന്നു.
ആയിരക്കണക്കിന് ഫോളോവേഴ്‌സും അംഗങ്ങളുമാണ് ഡിങ്കോയിസം ഗ്രൂപ്പുകള്‍ക്കും പേജുകള്‍ക്കുമുള്ളത്. ഡിങ്കന്‍ (ഡിങ്കോയിസം) എന്ന ഫെയ്‌സ് ബുക്ക് കൂട്ടായ്മയില്‍ ഇരുപത്തി രണ്ടായിരം പേരാണുള്ളത്. ഹോളി ഡിങ്കന്‍ റിലിജിയന്‍ എന്ന പേജില്‍ മൂവായിരം പേരും ഡിങ്കന്‍ എന്ന പേജില്‍ 500 പേരുമാണുള്ളത്.
മൂഷിക സേനയെന്ന പേരിലാണ് ഡിങ്കമത വിശ്വാസികള്‍ മുദ്രാവാക്യങ്ങളുയര്‍ത്തി പ്രതിഷേധ പരിപാടികള്‍ നടത്തിയത്. യഥാര്‍ത്ഥ മതങ്ങള്‍ക്കെതിരെയുള്ള പരിഹാസമാണെന്ന് പറയുമ്പോഴും ഡിങ്കമതം സീരിയസ്സാക്കിയാല്‍ കൊള്ളാമെന്ന് കരുതുന്നവരും ഇവര്‍ക്കിടയിലുണ്ടെന്നാണ് പറയപ്പെടുന്നത്. ദിലീപിനെ നായകനാക്കി പ്രമുഖ ഛായാഗ്രാഹകന്‍ രാമചന്ദ്ര ബാബു സംവിധാനം ചെയ്യുന്ന ത്രീ ഡി ചിത്രമാണ് പ്രൊഫസര്‍ ഡിങ്കന്‍.
ഡിങ്കോയിസ്റ്റുകളുടെ പ്രതിഷേധപരിപാടികളുടെ ചിത്രങ്ങളാണ് താഴെ…