കോട്ടയം: ഡിങ്കോയിസ്റ്റുകളുടെ ഡിങ്കഭഗവാന്‍ പുനരവതരിക്കുന്നു. ഡിങ്കോയിസ്റ്റുകളുടെ വികാരം തുടരെ വ്രണപ്പെടുന്ന സാഹചര്യത്തിലാണ് പങ്കിലക്കാട്ടിലെ കഥകളുമായി ഡിങ്കന്‍ വീണ്ടുമെത്തുന്നത്. ബാലമംഗളത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന കഥ ഇത്തവണ മംഗളം വാരികയിലൂടെയാണ് വായനക്കാരിലെത്തുക. നേരത്തെ ബാലമംഗളം അച്ചടി നിര്‍ത്തിയപ്പോളാണ് ഡിങ്കന്‍ കഥകളും നിലച്ചിരുന്നത്.
കഥകള്‍ അവസാനിച്ചെങ്കിലും ആരാധകരുടെ മനസില്‍ സൂപ്പര്‍ഹീറോ തന്നെയായിരുന്നു ഡിങ്കന്‍. പൂമ്പാറ്റയിലൂടെ കപീഷ് അരങ്ങ് വാണിരുന്ന സമയത്താണ് ഡിങ്കനുമായി ബാലമംഗളം എത്തുന്നത്. പിന്നീട് മറ്റു വാരികകളില്‍ മായാവി ഉള്‍പ്പടെ വന്നെങ്കിലും പങ്കിലക്കാട്ടില്‍ നിന്ന് അച്ഛനോടും അമ്മയോടും പിണങ്ങി വീടുവിട്ടു പോയ കുഞ്ഞനെലിയോട് കൂട്ടുകാര്‍ക്കെല്ലാം പ്രത്യേക ഇഷ്ടമുണ്ടായിരുന്നു. ഇതിന് തെളിവാണ് പഴയ കൂട്ടുകാരെല്ലാം വലുതായപ്പോളും നവമാധ്യമങ്ങളില്‍ ഡിങ്കന് ഇപ്പോഴും ലഭിക്കുന്ന പിന്തുണ.
നവമാധ്യമങ്ങളില്‍ മതങ്ങങ്ങളുടെയും വിശ്വാസങ്ങളുടെയും പൊള്ളത്തരങ്ങള്‍ തുറന്നു കാട്ടാനായാണ് ഡിങ്കനെ ദൈവമായും ഡിങ്കോയിസത്തെ ദൈവമായും ഉയര്‍ത്തിക്കാട്ടിയിരുന്നത്. ദിലീപിന്റെ പുതിയ സിനിമയ്ക്ക് “പ്രഫസര്‍ ഡിങ്കന്‍” എന്ന് പേരിട്ടതില്‍ പ്രതിഷേധിച്ച് ഡിങ്കോയിസ്റ്റുകള്‍ ദിലീപിന്റെ ഉടമസ്ഥതയിലുള്ള ദേ പുട്ട് എന്ന ഹോട്ടലിലേക്ക് പ്രതിഷേധയാത്ര നടത്തിയിരുന്നു.