| Wednesday, 25th September 2024, 9:09 pm

ദുല്‍ഖറിനോട് ഫുട്‌ബോള്‍ സിനിമയുടെ കഥ പറഞ്ഞു; അന്നത് നടക്കാതെ പോയതിന് കാരണമുണ്ട്: കിഷ്‌കിന്ധാ കാണ്ഡം സംവിധായകന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഇപ്പോള്‍ മലയാള സിനിമാപ്രേമികള്‍ ഏറെ ചര്‍ച്ച ചെയ്യുന്ന ചിത്രമാണ് ‘കിഷ്‌കിന്ധാ കാണ്ഡം’ ‘കക്ഷി അമ്മിണിപ്പിള്ള’ എന്ന ചിത്രത്തിന് ശേഷം ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത ഏറ്റവും പുതിയ സിനിമയാണ് ഇത്. ഓണം റിലീസായി എത്തിയ സിനിമ മികച്ച അഭിപ്രായമാണ് നേടിയത്.

ഇപ്പോള്‍ താന്‍ മുമ്പ് നടന്‍ ദുല്‍ഖര്‍ സല്‍മാനോട് ഒരു സിനിമയുടെ കഥ പറഞ്ഞതിനെ കുറിച്ച് പറയുകയാണ് സംവിധായകന്‍ ദിന്‍ജിത്ത് അയ്യത്താന്‍. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എന്നെ ഒരിക്കല്‍ ലാല്‍ ജോസ് സാര്‍ ഇന്റര്‍വ്യു ചെയ്തിരുന്നു. അമൃതയില്‍ ടെക്‌നിക്കല്‍ സൈഡിനെ കുറിച്ച് പറയുന്ന ഒരു പ്രോഗ്രാമായിരുന്നു അത്. ആനിമേഷന്റെയും വി.എഫ്.എക്‌സിന്റെയും ടെക്‌നിക്കല്‍ കാര്യങ്ങളെ കുറിച്ചുള്ള ഇന്റര്‍വ്യു ആയിരുന്നു അത്. അന്ന് ആ പ്രോഗ്രാം കഴിഞ്ഞിട്ട് ഞാന്‍ സാറിനോട് സംസാരിച്ചിരുന്നു.

എനിക്ക് സാറിന്റെ അസിസ്റ്റന്റാകണമെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു. അന്ന് സാര്‍ എന്നെ ഉപദേശിച്ചു. ‘മോനേ നീ ഈ നല്ലൊരു ലോകത്ത് നല്ല സുഖമായിട്ട് ജീവിക്കുകയല്ലേ. സിനിമ അങ്ങനെയല്ല’ എന്നൊക്കെയായിരുന്നു സാര്‍ പറഞ്ഞത്. സിനിമ വലിയ കഷ്ടമാണെന്ന രീതിയിലാണ് അന്ന് സംസാരിച്ചത്.

പിന്നീട് ഷൈന്‍ ചേട്ടനാണ് എനിക്ക് ദുല്‍ഖറുമായി ഒരു കണക്ഷന്‍ ഉണ്ടാക്കി തരുന്നത്. സനലേഷുമായി ഒരു ഫുട്‌ബോളിന്റെ സ്‌ക്രിപ്റ്റ് ചെയ്തിട്ടുണ്ടായിരുന്നു. ആദ്യ സ്‌ക്രിപ്റ്റ് അങ്ങനെ ദുല്‍ഖറിനോട് പറഞ്ഞു. ദുല്‍ഖറിന് അത് വളരെ ഇഷ്ടമായിരുന്നു.

ദുല്‍ഖര്‍ സ്‌ക്രിപ്റ്റ് വായിച്ചിരുന്നില്ല. അലക്‌സേട്ടനാണ് അദ്ദേഹത്തിന് വേണ്ടി സ്‌ക്രിപ്റ്റ് വായിച്ചത്. അപ്പോള്‍ അലക്‌സേട്ടന്‍ വിളിച്ചിട്ട് എന്നോട് സംസാരിച്ചു. ‘ദുല്‍ഖറിന് ഇഷ്ടമായിട്ടുണ്ട്. പക്ഷെ ഇപ്പോള്‍ ഈ സിനിമ നടക്കില്ല. മൂന്നോ നാലോ വര്‍ഷമാകും’ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

അന്ന് ദുല്‍ഖര്‍ വലിയ വലിയ പടങ്ങള്‍ ചെയ്യുന്ന സമയമായിരുന്നു. ചാര്‍ളി പോലെയുള്ള സിനിമകള്‍ ചെയ്യുന്ന സമയമായിരുന്നു. അന്ന് എനിക്ക് മനസിലായിരുന്നു, ഞാന്‍ ആരെയും അസിസ്റ്റ് ചെയ്തിട്ടില്ലാത്ത ആളാണ്.

എന്തെങ്കിലും കാണിക്കാന്‍ പറഞ്ഞാല്‍ ഒരു ആനിമേഷന്‍ ത്രീഡി ഷോര്‍ട്ട് ഫിലിം മാത്രമാണ് എന്റെ കൈയ്യില്‍ ഉണ്ടായിരുന്നത്. അവാര്‍ഡൊക്കെ കിട്ടിയ ഷോര്‍ട്ട് ഫിലിമായിരുന്നു അത്. നമ്മള്‍ മുമ്പ് ഒന്നും പ്രൂവ് ചെയ്തിട്ടില്ലാത്തത് കൊണ്ടും ആരെയും അസിസ്റ്റ് ചെയ്തിട്ടില്ലാത്തത് കൊണ്ടും അവര്‍ക്കൊരു ധൈര്യമില്ലായ്മ ഉണ്ടാകാം. അങ്ങനെ ആ സിനിമ പോയി,’ ദിന്‍ജിത്ത് അയ്യത്താന്‍ പറഞ്ഞു.


Content Highlight: Dinjith Ayyathan Talks About Dulquer Salmaan

We use cookies to give you the best possible experience. Learn more