അജി പീറ്റര്‍ തങ്കം എഴുതി നിസാം ബഷീര്‍ സംവിധാനം ചെയ്ത് 2019ല്‍ പുറത്തിറങ്ങിയ ചിത്രമാണ് കെട്ട്യോളാണ് എന്റെ മാലാഖ. ആസിഫ് അലി, വീണ നന്ദകുമാര്‍, ജാഫര്‍ ഇടുക്കി, ബേസില്‍ ജോസഫ്, എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. നവദമ്പതികളായ സ്ലീവച്ചനും റിന്‍സിയും വിവാഹജീവിതം ആരംഭിക്കുമ്പോള്‍ നടക്കുന്ന സംഭവ വികാസങ്ങളാണ് സിനിമയുടെ ഇതിവൃത്തം. ഈ ചിത്രം നിരൂപകരില്‍ നിന്ന് മികച്ച അഭിപ്രായം നേടുകയും ബോക്സ് ഓഫീസില്‍ വിജയിക്കുകയും ചെയ്തിരുന്നു.
ആസിഫ് അലിയെ കേന്ദ്ര കഥാപാത്രമാക്കി ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത ചിത്രമാണ് കക്ഷി അമ്മിണിപ്പിള്ള. കക്ഷി അമ്മിണിപ്പിള്ള ആസിഫ് അലിക്ക് കോളേജ് കൗമാര കഥാപാത്രങ്ങളില്‍ നിന്ന് മാറ്റം കൊടുത്ത സിനിമയായിരുന്നെന്നും അതിന് ശേഷം ഇറങ്ങിയ കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രം ആസിഫിനോട് കുടുംബ പ്രേക്ഷകര്‍ക്കുണ്ടായിരുന്ന സ്‌നേഹം കാണിച്ച് കൊടുത്ത ചിത്രമായിരുന്നെനും ദിന്‍ജിത്ത് പറയുന്നു. ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കക്ഷി അമ്മിണിപ്പിള്ള ചെയ്യുന്ന സമയത്ത് എനിക്ക് ഏറ്റവുമധികം ആത്മവിശ്വാസം തന്നിട്ടുള്ള വ്യക്തിയാണ് ആസിഫ് അലി. കോളേജ് കൗമാര കഥാപാത്രങ്ങളില്‍ നിന്ന് ആസിഫിന് ഒരു മാറ്റം കൊടുത്ത സിനിമയായിരുന്നു കക്ഷി അമ്മിണിപ്പിള്ള. ഒരു ചേട്ടന്‍ എന്നുള്ള നിലയില്‍ ആസിഫിനെ ആളുകള്‍ കാണാന്‍ തുടങ്ങുന്നത് അവിടെ നിന്നാണ്. വക്കീല്‍ വേഷവും ആസിഫിന് പുതുമയായിരുന്നു. പ്രകടനത്തിന്റെ കാര്യത്തിലും അന്ന് തൊട്ടേ എന്നെ അത്ഭുതപ്പെടുത്തിയ ആളാണ് ആസിഫ്.
ആസിഫിനെ ആരും ശരിക്ക് ഉപയോഗിച്ചില്ല എന്ന കാര്യം അന്ന് മുതലേ ഞാന്‍ ആലോചിക്കുന്നതാണ്. ഈ പറഞ്ഞതിന്റെ എല്ലാം പരിണിത ഫലം എന്ന് പറയുന്നതായിരുന്നു കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രം. കക്ഷി അമ്മിണിപ്പിള്ള കഴിഞ്ഞ് മൂന്നോ നാലോ മാസങ്ങള്‍ക്ക് ശേഷമാണ് കെട്ട്യോളാണ് എന്റെ മാലാഖ വരുന്നത്. കുടുംബ പ്രേക്ഷകര്‍ക്ക് ആസിഫിനോടുണ്ടായിരുന്ന സ്‌നേഹം നന്നായി മനസിലായത് ആ ചിത്രത്തിലായിരുന്നു. കുടുംബ പ്രേക്ഷകരുടെ കൂടെ നായകന്‍ എന്ന മാറ്റം ആസിഫിന് നല്‍കിയ ചിത്രമായിരുന്നു അത്.
എന്തും സംസാരിക്കാന്‍ ഇടം തരുന്ന ഒരു നടനാണ് ആസിഫ്. പണ്ടൊക്കെ ഒരു കഥ ഇഷ്ടപ്പെട്ടില്ലെങ്കില്‍ ഇല്ലാ എന്ന് പറയാന്‍ ആസിക്ക് ഒരു മടിയുണ്ടായിരുന്നു. ഇപ്പോള്‍ അതില്ല. ഇഷ്ടപ്പെട്ടില്ലെങ്കില്‍ ഇല്ലാ എന്ന് നേരെ തന്നെ പറയും. സെലക്ടീവായി എന്ന് വേണം പറയാന്‍. കുറേക്കൂടെ ആത്മവിശ്വാസമുള്ള ഒരു നടനായി ആസിഫ് മാറിയിട്ടുണ്ട്. ഒരു കഥ കേട്ടാല്‍ വേണോ വേണ്ടയോ എന്നുള്ള കൃത്യമായ തീരുമാനമെടുക്കാന്‍ കഴിയുന്ന രൂപത്തിലേക്ക് അദ്ദേഹം മാറി,’ ദിന്‍ജിത്ത് പറയുന്നു.