| Thursday, 12th September 2024, 11:35 am

മണിച്ചിത്രത്താഴ് പോലെ അത്രയും സങ്കീര്‍ണ്ണമായ ഒരു കഥയാണ് ആ ചിത്രത്തിന്റെയും എന്ന് ഫാസില്‍ സാര്‍ പറഞ്ഞു: ദിന്‍ജിത്ത് അയ്യത്താന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കക്ഷി അമ്മിണിപ്പിള്ളക്കു ശേഷം ആസിഫ് അലിയെ നായകനാക്കി ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കിഷ്‌കിന്ധാ കാണ്ഡം. ചിത്രം ഇന്ന് (സെപ്റ്റംബര്‍ 12) തിയേറ്ററുകളിലെത്തി.

സിനിമയുടെ സ്‌ക്രിപ്റ്റ് തയ്യാറായി കഴിഞ്ഞപ്പോള്‍ സംവിധായകന്‍ ഫാസിലിനെ കാണാന്‍ പോയെന്നും ചിത്രത്തിലെ ഒരു കഥാപാത്രം ചെയ്യേണ്ടത് മികച്ച നടനായിരിക്കണമെന്നും പറഞ്ഞെന്ന് ദിന്‍ജിത്ത് പറയുന്നു. ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയാണ് അദ്ദേഹം.

മണിച്ചിത്രത്താഴുപോലെ വളരെ സങ്കീര്‍ണ്ണമായ കഥയാണ് കിഷ്‌കിന്ധാ കാണ്ഡത്തിന്റേതെന്നും ഫാസില്‍ പറഞ്ഞെന്ന് ദിന്‍ജിത്ത് പറയുന്നു. മണിച്ചിത്രത്താഴിന്റെ രീതിയില്‍ തന്റെ ചിത്രത്തെ ഫാസില്‍ സമീപിച്ചപ്പോള്‍ വലിയ ഊര്‍ജ്ജം തോന്നിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘കാസ്റ്റിങ് നടത്തുന്നതിന് വളരെ മുന്‍പ് തന്നെ ഞങ്ങള്‍ ഫാസില്‍ സാറിനെ കാണാന്‍ പോയിരുന്നു. കിഷ്‌കിന്ധാ കാണ്ഡത്തിന്റെ കഥയെപ്പറ്റി സംസാരിക്കാനാണ് പോയത്. സ്‌ക്രിപ്റ്റ് വായിച്ചതിന് ശേഷം ഫാസില്‍ സാര്‍ പറഞ്ഞ ഒരു പ്രധാനപ്പെട്ട കാര്യം, അപ്പുപിള്ളയുടെ കഥാപാത്രം ചെയ്യേണ്ടത് ഏറ്റവും മികച്ച ഒരു നടനായിരിക്കണം എന്നുള്ളതാണ്.

പണ്ടെല്ലാം തിലകനെപ്പോലെ ശക്തരായ നടന്മാരുണ്ടായിരുന്നു. ഇപ്പോള്‍ അത് കുറവാണെന്നും ശ്രദ്ധിച്ച് നടനെ തിരഞ്ഞെടുക്കൂ എന്നും ഫാസില്‍ സാര്‍ നിര്‍ദ്ദേശം തന്നു. ആ കഥാപാത്രത്തിന്റെ കാര്യത്തില്‍ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും പാടില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. അപ്പു പിള്ളയുടെ കഥാപാത്രത്തിന്റെ കാര്യത്തില്‍ ഒരു പരീക്ഷണം നടത്താമെന്നാണ് ആദ്യം ഞങ്ങള്‍ കരുതിയിരുന്നത്. പിന്നീട് ഫാസില്‍ സാറിന്റെ നിര്‍ദ്ദേശം കൂടെ കേട്ടപ്പോള്‍ അത് വേണ്ടെന്നുവെച്ചു.

മണിച്ചിത്രത്താഴ് പോലെ അത്രയും സങ്കീര്‍ണ്ണമായ ഒരു കഥയാണ് കിഷ്‌കിന്ധാ കാണ്ഡത്തിന്റേത് എന്ന് ഫാസില്‍ സാര്‍ പറഞ്ഞു. കൃത്യമായി ചിത്രീകരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പാളിപ്പോകുമെന്നും അതിന് വേണ്ടി ഒരു വിട്ടുവീഴ്ചയും ചെയ്യരുത് എന്നുമായിരുന്നു അവസാനം ഞങ്ങളോട് പറഞ്ഞത്. മണിച്ചിത്രത്താഴിന്റെ രീതിയില്‍ അദ്ദേഹം ഞങ്ങളുടെ സ്‌ക്രിപ്റ്റിനെ സമീപിച്ചു എന്നുള്ളത് ഞങ്ങള്‍ക്ക് വലിയ ഒരു ഊര്‍ജ്ജം തന്നു,’

Content Highlight: Dinjith Ayyathan Says Fasil  Told KishKindha Kaandam Is Complicated As Manichithrathazhu

We use cookies to give you the best possible experience. Learn more