| Friday, 12th February 2021, 6:33 pm

'ത്രിവേദിയുടെ രാജി പ്രതീക്ഷിച്ചിരുന്നു': സൗഗത റോയ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവും എം.പിയുമായ ദിനേശ് ത്രിവേദി രാജ്യസഭാംഗത്വം രാജിവെച്ചതില്‍ പ്രതികരണവുമായി തൃണമൂല്‍ എം.പി സൗഗത റോയ്. ത്രിവേദിയുടെ രാജി പ്രതീക്ഷിച്ചിരുന്നുവെന്നും പാര്‍ട്ടിയ്ക്ക് യാതൊരുവിധ ആഘാതവും ഉണ്ടായിട്ടില്ലെന്നും റോയ് പറഞ്ഞു.

‘ഇതൊരു തരത്തിലും പാര്‍ട്ടിയെ ബാധിക്കില്ല. താഴെക്കിടയില്‍ ഇറങ്ങിപ്രവര്‍ത്തിച്ച ഒരു നേതാവായിരുന്നില്ല ത്രിവേദി. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ത്രിവേദിയെ മമത ബാനര്‍ജിയാണ് രാജ്യസഭാംഗമായി നിര്‍ദ്ദേശിക്കാന്‍ തീരുമാനിച്ചത്. തൃണമൂല്‍ എന്ന വാക്കിനര്‍ത്ഥം തന്നെ താഴെക്കിടയില്‍പ്പെട്ടവര്‍ക്കായി പ്രവര്‍ത്തിക്കുകയെന്നതാണ്. ത്രിവേദിയുടെ വിടവ് അത്തരത്തില്‍ സമൂഹത്തിന്റെ ഏറ്റവും താഴ്ന്ന നിലയില്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടി പ്രതിനിധിയെ തെരഞ്ഞെടുത്ത് നികത്തും’, റോയ് പറഞ്ഞു.

നിരവധി നേതാക്കള്‍ ഇതിനോടകം തൃണമൂല്‍ വിട്ടിട്ടുണ്ടെന്നും എന്നാല്‍ ഇതൊന്നും പാര്‍ട്ടിയുടെ പ്രതിഛായയെ ബാധിച്ചിട്ടില്ലെന്നും റോയ് പറഞ്ഞു. തൃണമൂല്‍ ഒരു മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലാണെന്ന് പലരും പ്രചരിപ്പിക്കുന്നുണ്ടെന്നും എന്നാല്‍ സത്യാവസ്ഥ ഇതല്ലെന്നും റോയ് പറഞ്ഞു.

വെള്ളിയാഴ്ച രാജ്യസഭയില്‍ ബജറ്റ് ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് രാജിവെക്കുകയാണെന്ന് അറിയിച്ച് തൃണമൂല്‍ എം.പി ദിനേശ് ത്രിവേദി രംഗത്തെത്തിയത്. മുന്‍ കേന്ദ്രമന്ത്രി കൂടിയായ അദ്ദേഹം ബി.ജെ.പിയില്‍ ചേര്‍ന്നേക്കുമെന്ന സൂചനകള്‍ പുറത്തുവരുന്നുണ്ട്.

പശ്ചിമ ബംഗാളില്‍ വലിയ അക്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും അതു തടയാന്‍ ഒന്നും ചെയ്യാനാകാത്തതു കൊണ്ടാണ് രാജിവെക്കുന്നതെന്നുമാണ് ദിനേശ് ത്രിവേദി രാജ്യസഭയില്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞത്.

നേരത്തെ തൃണമൂല്‍ നേതാക്കളും സംസ്ഥാന മന്ത്രിമാരുമായിരുന്ന സുവേന്തു അധികാരി, ലക്ഷ്മി രത്തന്‍ ശുക്ല എന്നിവരും മറ്റു നേതാക്കളും രാജിവെച്ചത് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് വലിയ തിരിച്ചടിയായിരുന്നു. സുവേന്തു അധികാരിയടക്കമുള്ള നേതാക്കള്‍ ബി.ജെ.പിയില്‍ ചേരുകയും ചെയ്തിരുന്നു.

ബംഗാള്‍ തെരഞ്ഞെടുപ്പ് വരാനിരിക്കേ തൃണമൂലില്‍ നിന്നും നേതാക്കള്‍ രാജിവെച്ച് ബി.ജെ.പിയില്‍ ചേരുന്നത് മമതക്ക് തലവേദനയാകുകയാണ്. ഇതിനിടയില്‍ കൂടുതല്‍ തൃണമൂല്‍ അംഗങ്ങള്‍ ബി.ജെ.പിയില്‍ ചേരുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായടക്കമുള്ളവര്‍ പറയുകയും ചെയ്തിരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Dinesh Trivedi’s resignation not a shock to TMC says Saugata Roy

We use cookies to give you the best possible experience. Learn more