| Monday, 19th March 2012, 8:49 am

മമത പറഞ്ഞാല്‍ പറഞ്ഞതു തന്നെ; ത്രിവേദി പുറത്ത്; റെയില്‍ ബജറ്റിന്റെ ഭാവി ആശങ്കയില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മമതാ ബാനര്‍ജിയുടെ തീരുമാനം അന്തിമമായിരുന്നു. ഒടുവില്‍ ദിനേശ് ത്രിവേദിക്ക് സീറ്റൊഴിഞ്ഞുകൊടുക്കേണ്ടി വന്നു. റെയില്‍വെ ബജറ്റ് അവതരിപ്പിച്ച് വെട്ടിലായ തൃണമൂല്‍ മന്ത്രി ദിനേശ് ത്രിവേദി രാജിവെച്ചു. ത്രിവേദി തന്നെ വിളിച്ച് രാജിക്കാര്യം അറിയിച്ചതായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ നേതാവുമായ മമതാ ബാനര്‍ജി വ്യക്തമാക്കി. എന്നാല്‍ താന്‍ പാര്‍ട്ടിയില്‍ തുടരുമെന്ന് ത്രിവേദി അറിയിച്ചതായും മമത പറഞ്ഞു. തൃണമൂല്‍ കോണ്‍ഗ്രസ് നിര്‍ദേശിച്ച പ്രകാരം കേന്ദ്രഷിപ്പിങ് സഹമന്ത്രി മുകുള്‍ റോയി പുതിയ റെയില്‍ മന്ത്രിയാകുമെന്നാണ് സൂചന. എന്നാല്‍ ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് നിലപാടും നിര്‍ണ്ണായകമാണ്.

ത്രിവേദി പ്രധാനമന്ത്രിക്ക് രാജിക്കത്ത് അയച്ചിട്ടുണ്ട്. രാജിവെക്കാന്‍ മമത തന്നോട് ആവശ്യപ്പെടുകയായിരുന്നുവെന്ന് ത്രിവേദി ദല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരെ അറിയിച്ചു. ത്രിവേദിയുടെ രാജിയെത്തുടര്‍ന്നുള്ള സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മമത ബാനര്‍ജി ഞായറാഴ്ച രാത്രി തന്നെ ദല്‍ഹിയിലെത്തിയിട്ടുണ്ട്. താനവതരിപ്പിച്ച റെയില്‍വേ ബജറ്റിന്റെ ചര്‍ച്ചയ്ക്ക് മറുപടി പറയാന്‍ അവസരം നല്‍കണമെന്നായിരുന്നു ത്രിവേദിയുടെ നിലപാട്. എന്നാല്‍ അതിന് തൃണമൂല്‍ വഴങ്ങിയില്ല. തുടര്‍ന്ന് അവതരിപ്പിച്ച ബജറ്റിന്റെ ചര്‍ച്ച തുടങ്ങും മുമ്പുതന്നെ മന്ത്രിക്ക് രാജി വെക്കേണ്ടി വന്നു.

അതേസമയം ദിനേഷ് ത്രിവേദിയെ ബലിയാടാക്കുകയായിരുന്നുവെന്ന് ആരോപണമുണ്ട്. ബംഗാളില്‍ വലിയ വേരുകളില്ലാത്ത ത്രിവേദിയെ മമതാ ബാനര്‍ജി ബലിയാടാക്കിയതാണെന്ന് അനുയായികള്‍ ആരോപണമുയര്‍ത്തിയിട്ടുണ്ട്. 1980ല്‍ കോണ്‍ഗ്രസ്സിലൂടെയാണ് ത്രിവേദിയുടെ രാഷ്ട്രീയപ്രവേശം. പത്തുവര്‍ഷത്തിനു ശേഷം ജനതാദളിലേക്ക് കൂടുമാറി. 1989ല്‍ മമത തൃണമൂല്‍ രൂപവത്കരിച്ചപ്പോള്‍ അതില്‍ ചേര്‍ന്നു, ആദ്യജനറല്‍ സെക്രട്ടറിയുമായി. 1990 മുതല്‍ 2008 വരെ രാജ്യസഭാംഗമായിരുന്നു. 2009ല്‍ ബംഗാളിലെ ബരാക്പുരില്‍ നിന്ന് ലോക്‌സഭയിലേക്ക്. ആദ്യം ആരോഗ്യ, കുടുംബ ക്ഷേമ സഹമന്ത്രിയായിരുന്നു. കഴിഞ്ഞ വര്‍ഷം മമത ഒഴിഞ്ഞപ്പോള്‍ റെയില്‍വേമന്ത്രി പദത്തിലെത്തി.

അതേസമയം ത്രിവേദിയുടെ രാജിയോടെ ബജറ്റിന്റെ ഭാവി ആശങ്കയിലായിരിക്കയാണ്. പുതിയ മന്ത്രിക്ക് സത്യപ്രതിജ്ഞ ചെയ്ത് ബജറ്റ് പഠിച്ച ശേഷം മറുപടി പറയാന്‍ പ്രയാസകരമായിരിക്കും. ഇക്കാര്യം ചൂണ്ടിക്കാട്ടി ധനമന്ത്രിക്ക് തന്നെ മറുപടി പറയാന്‍ അവസരം തരണമെന്ന് കോണ്‍ഗ്രസിന് വാദിക്കാം. എന്നാല്‍ തിടുക്കത്തില്‍ മുകുള്‍ റോയിയെക്കൊണ്ട് സത്യപ്രതിജ്ഞ ചെയ്യിക്കാനാണ് മമതയുടെ നീക്കം. ഇതിനായണവര്‍ പെട്ടെന്ന് തന്നെ ദല്‍ഹിയിലെത്തിയത്.

Malayalam News

Kerala News in English

Latest Stories

We use cookies to give you the best possible experience. Learn more