| Wednesday, 14th March 2012, 4:00 pm

റെയില്‍വെ ബജറ്റ്: ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചു; കേരളത്തിന് അവഗണന

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ഒന്‍പത് വര്‍ഷത്തിനു ശേഷം ആദ്യമായി റെയില്‍വെ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചു. 2012-2013 വര്‍ഷത്തെ റെയില്‍വെ ബജറ്റ് കേന്ദ്ര റെയില്‍വെ മന്ത്രി ദിനേഷ് ത്രിവേദി പാര്‍ലമെന്റില്‍ അവതരിപ്പിച്ചപ്പോള്‍ റെയില്‍ സുരക്ഷക്കും ആധുനീകരണത്തിനുമാണ് ഊന്നല്‍ നല്‍കിയിരിക്കുന്നത്. 75 പുതിയ എക്‌സ്പ്രസ് തീവണ്ടികളും 21 പുതിയ പാസഞ്ചര്‍ ട്രെയിനുകളും ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തെ സംബന്ധിച്ചടത്തോളം നിരാശാജനകമാണ് ഇത്തവണത്തെയും റെയില്‍വെ ബജറ്റ്. മുമ്പ് പ്രഖ്യാപിച്ച പദ്ധതികളുടെ ആവര്‍ത്തനമായിരുന്നു ഈ ബജറ്റും. രണ്ട് പുതിയ ട്രെയിനുകളും മെമു സര്‍വീസുകളും അനുവദിച്ചതു മാത്രമാണ് നേട്ടമായി പറയാനുള്ളത്.

എല്ലാ ക്ലാസുകളിലെയും ടിക്കറ്റ് നിരക്കില്‍ വര്‍ധനവ് വരുത്തിയിട്ടുണ്ട്. കിലോമീറ്റിന് രണ്ട് പൈസ മുതല്‍ 30 പൈസ വരെയാണ് വര്‍ധനവ്. ടിക്കറ്റ് നിരക്കുകളിലുള്ള വര്‍ധനവ് ഇപ്രകാരമാണ്: പാസഞ്ചര്‍ തീവണ്ടികളിലെയും സബര്‍ബന്‍ ട്രെയിനുകളിലെയും യാത്രാക്കൂലി കിലോമീറ്ററിന് രണ്ട് പൈസ വര്‍ദ്ധിക്കും. മെയില്‍ ട്രെയിനുകളില്‍ കിലോമീറ്ററിന് മൂന്ന് പൈസ വര്‍ദ്ധിക്കും. എക്‌സ്പ്രസ് തീവണ്ടികളില്‍ കിലോമീറ്ററിന് അഞ്ചുപൈസ വര്‍ദ്ധിക്കും. ത്രീ ടയര്‍ എ.സിക്കും എ.സി ചെയര്‍കാറിനും കിലോമീറ്റിന് 10 പൈസയും ടു ടയര്‍ എ.സിയിക്ക് കിലോമീറ്ററിന് 15 പൈസയും ഫസ്റ്റ് ക്ലാസ് എ.സിയില്‍ കിലോമീറ്റിന് 30 പൈസയുമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ലോക്കല്‍, പാസഞ്ചര്‍ ട്രെയിനുകളില്‍ ലോക്കല്‍ കമ്പാര്‍ട്ട്‌മെന്റില്‍ രണ്ട് പൈസ വര്‍ധിക്കും. സ്ലീപ്പര്‍ ക്ലാസുകളില്‍ അഞ്ച ്‌പൈസയും വര്‍ധിക്കും. പ്ലാറ്റ്‌ഫോം ടിക്കറ്റ് നിരക്ക് മൂന്നു രൂപയില്‍നിന്ന് അഞ്ചു രൂപയായും വര്‍ദ്ധിപ്പിക്കും.

റെയില്‍ സുരക്ഷക്കും ആധുനീകരണത്തിനുമായി അനില്‍ കാകോദ്കറിന്റെ നേതൃത്വത്തില്‍ റെയില്‍വേ സുരക്ഷാ കമ്മിറ്റി രൂപീകരിക്കുമെന്നും ആളില്ലാ ലെവല്‍ ക്രോസുകളില്‍ മുഴുവനും അഞ്ച് വര്‍ഷത്തിനകം കാവല്‍ക്കാരെ നിയമിക്കുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ട്. 19,000 കിലോമീറ്റര്‍ ട്രാക്കില്‍ സിഗ്‌നല്‍ സംവിധാനം ആധുനികവല്‍കരിക്കും. 7.35 ലക്ഷം കോടി രൂപ 12-ാം പദ്ധതിയില്‍ റെയില്‍വെയുടെ ആധുനികവത്കരണത്തിനായി നീക്കിവയ്ക്കും. 1.92 ലക്ഷം കോടി ആയിരുന്നു 11 ാം പദ്ധതിയിലെ വിഹിതം. സുരക്ഷയ്ക്ക് മാത്രമായി 16,842 കോടിരൂപ നീക്കിവയ്ക്കും.

വെയിറ്റിങ് ലിസ്റ്റിലുള്ളവര്‍ക്ക് മറ്റു ട്രെയിനുകളില്‍ യാത്രാസൗകര്യം ഒരുക്കും. തീവണ്ടികളുടെ വേഗം മണിക്കൂറില്‍ 160 കിലോമീറ്ററായി ഉയര്‍ത്തും. റെയില്‍വെ സ്‌റ്റേഷനുകളും പ്ലാറ്റ്‌ഫോമുകളും വിമാനത്താവളങ്ങളുടെ മാതൃകയില്‍ നവീകരിക്കും. 19,000 കിലോമീറ്റര്‍ റെയില്‍പ്പാത നവീകരിക്കുമെന്നും ബജറ്റില്‍ പറയുന്നു.

ബാംഗ്ലൂര്‍-കൊച്ചുവേളി പ്രതിദിന ട്രെയിന്‍, കൊച്ചുവേളി-യശ്വന്ത്പൂര്‍ പ്രതിവാര ട്രെയിന്‍ എന്നിവയാണ് പുതുതായി കേരളത്തിന് ലഭിച്ച ട്രെയിനുകള്‍. എറണാകുളം-തൃശൂര്‍ റൂട്ടിലും പാലക്കാട്-കോയമ്പത്തൂര്‍ ഈറോഡ് റൂട്ടിലുമാണ് പുതിയ മെമു സര്‍വീസുകള്‍ ആരംഭിക്കുന്നത്. ശബരിമല-ചെങ്ങന്നൂര്‍, കാഞ്ഞങ്ങാട്-പാണത്തൂര്‍ എന്നീ രണ്ട് പുതിയ റെയില്‍ പാതകള്‍ കേരളത്തിന് അനുവദിച്ചിട്ടുണ്ട്. മംഗലാപുരം-പാലക്കാട് എക്‌സ്പ്രസ് കോയമ്പത്തൂരിലേക്കും മംഗലാപുരം-തിരുവനന്തപുരം എക്‌സ്പ്രസ് നാഗര്‍കോവിലിലേക്കും നീട്ടും. ചെന്നൈ-ഷൊര്‍ണൂര്‍ -മംഗലാപുരം എക്‌സ്പ്രസ് ആഴ്ചയില്‍ എല്ലാ ദിവസവും ഉണ്ടാകും. നിസാമുദീന്‍-കന്യാകുമാരി എക്‌സ്പ്രസ് ആഴ്ചയില്‍ രണ്ടു ദിവസമാക്കും. കോട്ടയത്തും നേമത്തും കോച്ച് ടെര്‍മിനലുകള്‍ സ്ഥാപിക്കും. പൊള്ളാച്ചി പാലക്കാട് ഗേജ് മാറ്റം പൂര്‍ത്തിയാക്കും. 72 മെഗാവാട്ട് ശേഷിയുള്ള കാറ്റാടി പ്ലാന്റ് കേരളത്തില്‍ സ്ഥാപിക്കും. കൊല്ലത്തെ പരവൂര്‍ മാതൃകാ സ്‌റ്റേഷനായി ഉയര്‍ത്തും തുടങ്ങിയ പ്രഖ്യാപനങ്ങളും ബജറ്റില്‍ കേരളത്തിനായുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more