മോഹന്‍ലാലിനെ പരിചയപ്പെട്ട വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് നടന്‍ ദിനേഷ് പണിക്കര്‍. സഞ്ചാരി എന്ന സിനിമ ചെയ്യുന്ന സമയത്താണ് മോഹന്‍ലാലിനെ ആദ്യമായി കാണുന്നതെന്നും അന്ന് ഫ്‌ളോറില്‍ വെച്ച് മോഹന്‍ലാല്‍ ഡാന്‍സ് ചെയ്യുന്നത് കണ്ട് ഞെട്ടിപോയെന്നും അദ്ദേഹം പറഞ്ഞു. മിമിക്രി അവതിപ്പിക്കാനും ഹാസ്യം ചെയ്യാനുമുള്ള കഴിവ് അന്നേ നന്നായി ലാലിനുണ്ടായിരുന്നെന്നു ദിനേഷ് പറഞ്ഞു. മാസ്റ്റര്‍ ബിന്നിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഉദയ സ്റ്റുഡിയോയില്‍ ഞാനന്ന് സഞ്ചാരി എന്ന സിനിമയില്‍ അഭിനയിക്കുകയാണ്. അന്നാണ് ഞാന്‍ മോഹന്‍ലാലിലെ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും. അന്ന് മോഹന്‍ലാല്‍ വന്നിട്ടേയുള്ളൂ, ഈ ഹോള്‍ഡൊന്നും അന്നില്ല. അന്ന് മഞ്ഞില്‍ വിരിഞ്ഞ് പൂക്കള്‍ ഇറങ്ങിയിട്ടില്ല. അങ്ങനെയിരിക്കുന്ന സമയത്ത് മോഹന്‍ ലാല്‍ വന്നു. അന്ന് അശോകന്‍, റാണ, ഗോപി കൊട്ടാരക്കര എല്ലവരുമുണ്ട്. ഇവരെല്ലാം അന്ന് ചെറിയ ചെറിയ ആര്‍ട്ടിസ്റ്റുകളാണ്, പക്ഷെ ഇവരൊക്കെ കഴിവുള്ളവരാണ്. ഞങ്ങളുടെ കൂട്ടത്തില്‍ ഇരിക്കുമ്പോള്‍ ബോബി അന്ന് നന്നായി പാടും. റാണ എന്നയാള്‍ ഭയങ്ക ഡാന്‍സറാണ്.
ഇത് കണ്ടിട്ട് ലാല്‍ ഒരിക്കല്‍ ചോദിച്ചു എനിക്ക് ആ സ്‌റ്റെപ്പൊക്കെ ഒന്ന് കാണിച്ച് തരുമോയെന്ന്. ലാലിന് ആ സ്‌റ്റെപ്പ് കാണിച്ചുകൊടുക്കുമ്പോള്‍ ലാലിന്റെ ബോഡി നല്ല ഫ്‌ളക്‌സിബിള്‍ ആണ്. കാണിച്ച ആ സാധനമുണ്ടല്ലോ നിമിഷ നേരം കൊണ്ട് മോഹന്‍ലാല്‍ ആ മൂവ്‌മെന്റ്‌സെല്ലാം കറക്ടായി ചെയ്തു. ഞങ്ങളെല്ലാം ഞെട്ടിപോയി, അവിടത്തെ ഫ്‌ളോറില്‍ നിന്ന് മോഹന്‍ലാല്‍ കാണിക്കുകയാണ് അത്. ഞാനാകെ അന്തം വിട്ട് നില്‍ക്കുകയാണ്, ഇവനാള് കൊല്ലാലോ എന്നും വിചാരിച്ചു. പിന്നെ അത് കഴിഞ്ഞ് പുള്ളിയുടെ മിമിക്രി ടാലെന്റ്, ഹാസ്യം അവതരിപ്പിക്കാറുള്ള കഴിവ് എല്ലാം അന്നേ ഭയങ്കരമായിരുന്നു,’ ദിനേഷ് പറഞ്ഞു.
അന്ന് മോഹന്‍ലാല്‍ ഭാവിയില്‍ ഇത്ര സംഭവമായി മാറുമെന്ന് കരുതിയില്ലെന്നും അന്നിത്ര സുന്ദരനായിരുന്നില്ലെന്നും നടന്‍ പറഞ്ഞു.
‘അന്ന് മോഹന്‍ലാല്‍ ഭാവിയില്‍ ഇത്ര സംഭവമായി മാറുമെന്ന് തോന്നിയില്ല. അന്ന് മോഹന്‍ലാല്‍ കാണാന്‍ ഇത്ര സുന്ദരനല്ലായിരുന്നു. അന്ന് ലാല്‍ മുടിയൊക്കെ വളര്‍ത്തി, താടിയൊക്കെയായി ഇരിക്കുകയാണ്. പക്ഷെ വില്ലന്‍ വേഷം ചെയ്യാനാണ് പുള്ളി വന്നിരിക്കുന്നത്. വില്ലന്‍ വേഷത്തില്‍ ചിലപ്പോള്‍ ഷൈന്‍ ചെയ്‌തേക്കാം. പക്ഷെ നമ്മുടെ സങ്കല്‍പം നല്ല സുന്ദരനായ ഒരാള്‍. അതായിരുന്നു സിനിമാ സങ്കല്‍പത്തില്‍ വിചാരിച്ചിരുന്നത്. മോഹന്‍ ലാല്‍ ആ ഒരു സങ്കല്‍പത്തില്‍ അന്ന് അല്ലായിരുന്നു. പക്ഷെ ആ മോഹന്‍ലാല്‍ കാലക്രമേണ മാറി, ആ മുഖമൊക്കെ മാറി, ആ മനുഷ്യന്‍ സുന്ദരനായി മാറി. ആ കാലഘട്ടത്തില്‍ വന്ന കുറേ സിനിമകള്‍ ഉണ്ട്. പട്ടണപ്രവേശം, നാടോടി കാറ്റ് അതിലൊക്കെ കാണുന്ന മോഹന്‍ലാലല്ല ഇന്ന് കാണുന്ന മോഹന്‍ലാല്‍. ഇന്ന് മോഹന്‍ലാല്‍ വേറെ ലെവലിലായി,’ ദിനേഷ് പറഞ്ഞു.
Content Highlights: Dinesh talks about Mohan lal