'ദിനേശിന്റെ ശപഥം'; രാഹുല്‍ പ്രധാനമന്ത്രിയാവാതെ ചെരിപ്പിടില്ലെന്ന് ശപഥമെടുത്ത് ആരാധകന്‍
National
'ദിനേശിന്റെ ശപഥം'; രാഹുല്‍ പ്രധാനമന്ത്രിയാവാതെ ചെരിപ്പിടില്ലെന്ന് ശപഥമെടുത്ത് ആരാധകന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 2nd May 2018, 9:51 pm

ദില്ലി: ജിംപ്‌സണെ തല്ലിത്തോല്‍പ്പിക്കാതെ ചെരിപ്പിടില്ലെന്നാണ് മഹേഷ് ശപഥം ചെയ്തതെങ്കില്‍ ബി.ജെ.പിയെ തോല്‍പിച്ച് രാഹുല്‍ പ്രധാമന്ത്രിയാവാതെ ചെരിപ്പിടില്ലെന്ന് ശപഥം ചെയ്തത് ഹരിയാനയിലെ ഒരാരാധകനാണ്. രാഹുല്‍ പങ്കെടുക്കുന്ന എല്ലാ പ്രചാരണ പരിപാടികളിലും പങ്കെടുത്ത് ശ്രദ്ധേയനായ ദിനേശ് ശര്‍മയാണ് ഈ കടുത്ത പ്രതിജ്ഞയെടുത്തിരിക്കുന്നത്. കര്‍ണാടകയിലെ രാഹുലിന്റെ പ്രചാരണ പരിപാടികള്‍ക്ക് പിന്തുണ നല്‍കാന്‍ ബെംഗളൂരുവിലേക്ക് തിരിക്കാനൊരുങ്ങുകയാണ് ദിനേശ് ഇപ്പോള്‍.

എട്ടുവര്‍ഷമായി ദിനേശ് കോണ്‍ഗ്രസിന് വേണ്ടി നാട് ചുറ്റാന്‍ തുടങ്ങിയിട്ട്. പച്ചയും വെള്ളയും കുങ്കുമവും കലര്‍ന്ന പൈജാമയാണ് മിക്കപ്പോഴും വേഷം. കയ്യില്‍ കോണ്‍ഗ്രസ് പതാകയുണ്ടാവും. ഇപ്പോള്‍ രാഹുല്‍ ഗാന്ധിയുടെ കടുത്ത ആരാധകനാണ്. രാഹുല്‍ ഗാന്ധി പങ്കെടുക്കുന്ന ഏത് റാലിയിലും സ്ഥിരം സാന്നിധ്യമാണ് ദിനേശിപ്പോള്‍. ചെരുപ്പിടാതെ രാഹുല്‍ ഗാന്ധിയെ പിന്തുടരുന്ന ഈ ആരാധകന്‍ രാഹുല്‍ പ്രധാനമന്ത്രിയായാലെ ചെരുപ്പിടൂ എന്ന ശപഥത്തിലാണ്.


Read | എല്ലാ അവാര്‍ഡുകളും രാഷ്ട്രപതി നല്‍കേണ്ട; അവാര്‍ഡ് വിതരണത്തിന് സ്മൃതി ഇറാനിയെ നിയോഗിച്ച് കേന്ദ്രസര്‍ക്കാര്‍: പ്രതിഷേധവുമായി പുരസ്‌കാര ജേതാക്കള്‍


അച്ഛന്‍ വിദേശ് ശര്‍മയാണ് ഗാന്ധികുടുംബത്തെക്കുറിച്ചുള്ള കഥ ദിനേശിന് പകര്‍ന്നത്. അന്ന് തുടങ്ങിയ ആരാധനയാണ് രാഹുലിലേക്കുമെത്തിയത്. രാഹുല്‍ ഗാന്ധിയുടെ റാലിയില്‍ സ്ഥിരം സാന്നിധ്യം ശ്രദ്ധയില്‍ പെട്ടപ്പോള്‍ എസ്.പി.ജി ഉദ്യോഗസ്ഥര്‍ വിവരം രാഹുലിനെ അറിയിച്ചിരുന്നു. ഇതോടെ രാഹുല്‍ തന്റെ ആരാധകനെ വസതിയിലേക്ക് വിളിച്ച് വരുത്തി വിരുന്നും നല്‍കി.

കര്‍ണാടകയിലെ രാഹുലിന്റെ പ്രചാരണ പരിപാടിക്ക് ശേഷം 15 ദിവസത്തെ കൈലാസയാത്രയിലും കോണ്‍ഗ്രസ് അധ്യക്ഷനെ അനുഗമിക്കുമെന്ന് ആരാധകന്‍ പറയുന്നു.