| Thursday, 15th December 2022, 5:08 pm

സിനിമയേക്കാള്‍ വലിയ റിസ്‌ക്കാണ് വെബ് സീരീസ് ചെയ്യുന്നത് : ദിനേശ് പ്രഭാകര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഹിന്ദി വെബ് സീരീസായ ഫാമിലി മാനിലേക്ക് താന്‍ എത്തിപ്പെട്ടതിനെക്കുറിച്ച് പറയുകയാണ് നടന്‍ ദിനേശ് പ്രഭാകര്‍. ഒരു സിനിമ ചെയ്യുന്നതിനേക്കാളും റിസ്‌കുണ്ടായിരുന്നു അതില്‍ അഭിനയിക്കാനെന്നും താരം പറഞ്ഞു. ലൈഫ്‌നെറ്റ് ടി.വിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘ഫാമിലി മാന്‍ എന്ന പേരില്‍ ഹിന്ദിയില്‍ ഒരു വെബ് സീരിസിറങ്ങിയിരുന്നു. ബോംബയില്‍ നിന്ന് എന്നെ ഒരു ഓഡീഷന് വിളിച്ചിരുന്നു. പരസ്യത്തിലേക്കാണോ വിളിക്കുന്നതെന്ന് ഞാന്‍ ചോദിച്ചു. അല്ല വെബ് സീരീസിലേക്കാണെന്ന് ഞാന്‍ പറഞ്ഞു.

അന്ന് ഇങ്ങനെ വെബ് സീരിസിനെ കുറിച്ച് ആര്‍ക്കും വലിയ ധാരണയൊന്നുമില്ലായിരുന്നു. ഇംഗ്ലീഷ് വെബ് സീരീസൊക്കെ നെറ്റ്ഫ്‌ലിക്‌സില്‍ കണ്ടിട്ടുണ്ട് എന്നല്ലാതെ ഹിന്ദിയില്‍ ഒന്നും ഉണ്ടായിരുന്നില്ലല്ലോ. അതുകൊണ്ട് തന്നെ അതെങ്ങനെ ആയിരിക്കുമെന്ന് അറിയാനുള്ള ആകാംക്ഷ എനിക്കുണ്ടായിരുന്നു.

അങ്ങനെയാണ് ഞാന്‍ പതിനഞ്ച് ദിവസത്തെ ഷൂട്ടിനായി മുംബൈക്ക് പോകുന്നത്. അവിടെ ചെന്ന് ആദ്യ ദിവസത്തെ ഷൂട്ട് നടന്നത് കടലിലായിരുന്നു. കത്തുന്ന വെയിലത്ത് ഓപ്പണ്‍ ഡെക്കായ ഒരു സ്ഥലത്തായിരുന്നു ഷൂട്ട് നടന്നത്. ശരിക്കും പറഞ്ഞാല്‍ അവിടെ എത്തിയപ്പോഴാണ് മലസിലായത് സിനിമയേക്കാള്‍ വലിയ റിസ്‌ക്കാണ് ഈ പരിപാടിയെന്ന്. അതുപോലെ ക്വാളിറ്റി നോക്കിയാണ് അവര്‍ അത് ഷൂട്ട് ചെയ്തത്.

വിദേശിയായിട്ടുള്ള ഒരാളായിരുന്നു അതിന്റെ ക്യാമറമാന്‍. ചേസിങ്ങും ഫൈറ്റുമടക്കം വലിയ സെറ്റപ്പായിരുന്നു ഫാമിലിമാന്‍ എന്ന വെബ്‌സീരീസിന്റേത്. അതില്‍ അഭിനയിക്കുമ്പോള്‍ ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല ഇത്തരത്തില്‍ അത് ശ്രദ്ധിക്കപ്പെടുമെന്ന്. എന്നാല്‍ വെബ് സീരീസ് പുറത്തിറങ്ങിയതിനുശേഷം അതിന് നന്നായി റീച്ച് കിട്ടിയിരുന്നു. മനോജ് ബാജ്‌പെയ് ആയിരുന്നു പ്രധാന കഥാപാത്രമായി അഭിനയിച്ചത്,’ ദിനേശ് പ്രഭാകരന്‍ പറഞ്ഞു.

മനോജ് ബാജ്പയിനെ നായകനാക്കി ആമസോണ്‍ പ്രൈമിലിറങ്ങിയ വെബ് സീരീസാണ് ഫാമിലി മാന്‍. മൂന്ന് സീസണുകളാണ് ഇതുവരെ പുറത്തിറങ്ങിയിട്ടുള്ളത്. ദിനേശ് പ്രഭാകറിന് പുറമേ നടന്‍ നീരജ് മാധവും ഇതിലെ മലയാളി സാന്നിധ്യമായിരുന്നു.

അബാ മൂവിസിന്റെ ബാനറില്‍ ഡിസംബര്‍ ഒമ്പതിന് പുറത്തിറങ്ങിയ വീകമാണ് ദിനേശ് പ്രഭാകരന്റെ ഏറ്റവും പുതിയ സിനിമ. ധ്യാന്‍ ശ്രീനിവാസന്‍, ഡെയ്ന്‍ ഡേവിസ്, ഷീലു എബ്രഹാം എന്നിവരാണ് സിനിമയില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

content highlight: dinesh prabhakar talks about hindi web series family man

We use cookies to give you the best possible experience. Learn more