|

50 വയസ്സുള്ള ആ നടനെ കോളേജ് സ്റ്റുഡന്റായി കാണിക്കുമ്പോള്‍ ഞാന്‍ അതുപോലെ വന്നാലെന്താ കുഴപ്പമെന്ന് കമല്‍ സാറിനോട് ചോദിച്ചു: ദിനേശ് പ്രഭാകര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചെറിയ റോളുകളിലൂടെ മലയാളസിനിമയില്‍ ശ്രദ്ധിക്കപ്പെട്ട നടനാണ് ദിനേശ് പ്രഭാകര്‍. ലാല്‍ ജോസ് സംവിധാനം ചെയ്ത മീശമാധവനിലൂടെയാണ് ദിനേശ് തന്റെ സിനിമാജീവിതം ആരംഭിച്ചത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്ത് ഫലിപ്പിച്ചു. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി ഭാഷകളിലും ദിനേശ് അഭിനയിച്ചിട്ടുണ്ട്. അഭിനയത്തിന് പുറമെ ഡബ്ബിങ് ആര്‍ട്ടിസ്റ്റ്, കാസ്റ്റിങ് ഡയറക്ടര്‍, പരസ്യചിത്രസംവിധാനം എന്നീ മേഖലകളിലും തന്റെ സാന്നിധ്യമറിയിക്കാന്‍ ദിനേശിന് സാധിച്ചു.

കരിയറിന്റെ തുടക്കത്തില്‍ ദിനേശ് പ്രഭാകര്‍ ചെയ്ത ചിത്രങ്ങളിലൊന്നാണ് നമ്മള്‍. കമല്‍ സംവിധാനം ചെയ്ത ക്യാമ്പസ് ചിത്രത്തില്‍ നായകന്റെ കൂട്ടുകാരിലൊരാളായാണ് ദിനേശ് വേഷമിട്ടത്. ചിത്രത്തിനായി കമലിനോട് അവസരം ചോദിച്ചപ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് ദിനേശ് പ്രഭാകര്‍. കമല്‍ അടുത്തതായി ക്യാമ്പസ് ചിത്രം ചെയ്യുന്നുണ്ടെന്നറിഞ്ഞ് താന്‍ അദ്ദേഹത്തെ നേരിട്ട് പോയി കാണുകയായിരുന്നുവെന്ന് ദിനേശ് പറഞ്ഞു.

അടുത്ത ചിത്രത്തില്‍ അവസരം വേണമെന്ന് കമലിനോട് ചോദിച്ചെന്നും അത് കേട്ട് അദ്ദേഹം തന്നെ അടിമുടി നോക്കിയെന്നും ദിനേശ് കൂട്ടിച്ചേര്‍ത്തു. അടുത്തത് ക്യാമ്പസ് ചിത്രമാണെന്നും തന്റെ പ്രായം കണ്ടാല്‍ കോളേജ് സ്റ്റുഡന്റായി തോന്നില്ലെന്ന് അദ്ദേഹം പറഞ്ഞെന്നും തന്നെ പറഞ്ഞുവിടാന്‍ നോക്കിയെന്നും ദിനേശ് പറഞ്ഞു.

നിറം എന്ന സിനിമയുടെ തമിഴ് റീമേക്കില്‍ വയ്യാപുരി എന്ന നടനെ അദ്ദേഹം കോളേജ് സ്റ്റുഡന്റായിട്ടാണ് അവതരിപ്പിച്ചതെന്നും അക്കാര്യം സൂചിപ്പിച്ചെന്നും ദിനേശ് പ്രഭാകര്‍ കൂട്ടിച്ചേര്‍ത്തു. അത്രയും പ്രായം തനിക്കില്ലെന്നും അയാളെ കോളേജ് വിദ്യാര്‍ത്ഥിയാക്കാമെങ്കില്‍ തന്നെയും ആക്കിക്കൂടെയെന്ന് കമലിനോട് ചോദിച്ചെന്നും ദിനേശ് പറഞ്ഞു.

അത്രയും വലിയ ചോദ്യം ചോദിക്കാനുള്ള ധൈര്യം എങ്ങനെ വന്നെന്ന് തനിക്ക് അറിയില്ലെും ആ ചോദ്യത്തില്‍ ഇംപ്രസ്സായാണ് അദ്ദേഹം തനിക്ക് അവസരം തന്നതെന്നും ദിനേശ് പ്രഭാകര്‍ കൂട്ടിച്ചേര്‍ത്തു. ആ സിനിമയിലെ വേഷം ശ്രദ്ധിക്കപ്പെട്ടെന്നും ഇന്നും പലരും ആ സിനിമയെപ്പറ്റി തന്നോട് സംസാരിക്കാറുണ്ടെന്നും ദിനേശ് കൂട്ടിച്ചേര്‍ത്തു. കാന്‍ ചാനല്‍ മീഡിയയോട് സംസാരിക്കുകയായിരുന്നു ദിനേശ് പ്രഭാകര്‍.

‘മീശമാധവന്‍ ചെയ്ത കഴിഞ്ഞിരിക്കുന്ന സമയമായിരുന്നു. ആ സിനിമയില്‍ അത്യാവശ്യം നല്ലൊരു വേഷം കിട്ടിയതുകൊണ്ട് മറ്റ് സംവിധായകരോട് ചാന്‍സ് ചോദിക്കാന്‍ ഒരു ധൈര്യം കിട്ടി. അങ്ങനെയിരിക്കുമ്പോഴാണ് കമല്‍ സാര്‍ ഒരു ക്യാമ്പസ് സിനിമ ചെയ്യുന്നു. അതിലേക്ക് കുറച്ച് നടന്മാരെ വേണമെന്ന് കേട്ടത്. പുള്ളിയുടെ അടുത്ത് ചാന്‍സ് ചോദിച്ചു ചെന്നു.

മീശമാധവനില്‍ ചെറിയൊരു റോള്‍ ചെയ്തിട്ടുണ്ടെന്നൊക്കെ അദ്ദേഹത്തോട് പറഞ്ഞു. പുള്ളി എന്നെ അടിമുടിയൊന്ന് നോക്കി. ‘ഇതൊരു ക്യാമ്പസ് സിനിമയാണ്, നിന്നെക്കണ്ടാല്‍ കോളേജില്‍ പഠിക്കുന്ന പയ്യനായിട്ട് തോന്നുന്നില്ല, പ്രായം തോന്നിക്കുന്നുണ്ട്’ എന്ന് കമല്‍ സാര്‍ പറഞ്ഞു. പുള്ളി അതിന് മുമ്പ് നിറത്തിന്റെ തമിഴ് റീമേക്ക് ചെയ്തിരുന്നു. അതില്‍ കോളേജ് സ്റ്റുഡന്റായിട്ട് വന്ന നടന്മാരിലൊരാള്‍ വയ്യാപുരിയായിരുന്നു. അന്ന് പുള്ളിക്ക് നാല്പതോ അമ്പതോ വയസ്സെങ്ങാണ്ട് ഉണ്ട്.

‘ആ നടന്റെയത്ര പ്രായം ഇല്ലല്ലോ, എങ്ങനെയെങ്കിലും പരിഗണിക്കണം’ എന്ന് സാറിനോട് പറഞ്ഞു. എന്ത് ധൈര്യത്തിലാണ് അദ്ദേഹത്തോട് അങ്ങനെ പറഞ്ഞതെന്ന് എനിക്കറിയില്ല. പുള്ളി അതില്‍ ഇംപ്രസ്സായി ആ പടത്തില്‍ ഒരു റോള്‍ തന്നു. ഇന്നും പലരും എന്നോട് സംസാരിക്കുമ്പോള്‍ നമ്മളിനെപ്പറ്റിയും സംസാരിക്കാറുണ്ട്,’ ദിനേശ് പ്രഭാകര്‍ പറയുന്നു.

Content Highlight: Dinesh Prabhakar shares the memories of Nammal movie and Director Kamal

Video Stories