Advertisement
Entertainment
അന്ന് ഞാന്‍ ഡബ്ബ് ചെയ്ത ലിജോ ചിത്രത്തിലൈ സീന്‍ ഇന്നാണ് ആളുകള്‍ ശ്രദ്ധിക്കുന്നത്: ദിനേശ് പ്രഭാകര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Dec 10, 10:33 am
Tuesday, 10th December 2024, 4:03 pm

ചെറിയ റോളുകളിലൂടെ മലയാളസിനിമയില്‍ ശ്രദ്ധിക്കപ്പെട്ട നടനാണ് ദിനേശ് പ്രഭാകര്‍. ലാല്‍ ജോസ് സംവിധാനം ചെയ്ത മീശമാധവനിലൂടെയാണ് ദിനേശ് തന്റെ സിനിമാജീവിതം ആരംഭിച്ചത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്ത് ഫലിപ്പിച്ചു. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി ഭാഷകളിലും ദിനേശ് അഭിനയിച്ചിട്ടുണ്ട്. അഭിനയത്തിന് പുറമെ ഡബ്ബിങ് ആര്‍ട്ടിസ്റ്റ്, കാസ്റ്റിങ് ഡയറക്ടര്‍ എന്നീ മേഖലകളിലും തന്റെ സാന്നിധ്യമറിയിക്കാന്‍ ദിനേശിന് സാധിച്ചു.

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ആമേനിലൂടെയാണ് ദിനേശ് തന്റെ ഡബ്ബിങ് കരിയര്‍ ആരംഭിച്ചത്. മകരന്ദ് ദേശ്പാണ്ഡെ അവതരിപ്പിച്ച ഷെവലിയാര്‍ പോത്തച്ചന്‍ എന്ന കഥാപാത്രത്തിന് ശബ്ദം നല്‍കിയത് ദിനേശായിരുന്നു. പിന്നീട് മകരന്ദ് അഭിനയിച്ച മലയാളസിനിമകളില്‍ ദിനേശ് തന്നെയാണ് ശബ്ദം നല്‍കിയത്.

ലിജോയുടെ ഡബിള്‍ ബാരല്‍ എന്ന ചിത്രത്തിലും താന്‍ ഡബ്ബ് ചെയ്തിട്ടുണ്ടെന്ന് പറയുകയാണ് ദിനേശ് പ്രഭാകര്‍. ചിത്രത്തില്‍ ബ്ലാക്കി എന്ന കഥാപാത്രം മലയാളത്തിലാണ് സംസാരിക്കുന്നതെന്നും ആ കഥാപാത്രത്തിന് താനാണ് ശബ്ദം നല്‍കിയതെന്നും ദിനേശ് പറഞ്ഞു. അതിലെ ഡയലോഗുകള്‍ വായിച്ച് താന്‍ ചിരിച്ച് ഒരു പരുവമായെന്നും എന്നാല്‍ ആ ചിത്രം അന്ന് ശ്രദ്ധിക്കപ്പെട്ടില്ലായിരുന്നെന്നും ദിനേശ് പ്രഭാകര്‍ കൂട്ടിച്ചേര്‍ത്തു.

ഇപ്പോള്‍ പല സോഷ്യല്‍ മീഡിയ പേജുകളിലും ആ വീഡിയോ വൈറലാണെന്നും എന്നാല്‍ താനാണ് ഡബ്ബ് ചെയ്തതെന്ന് ആര്‍ക്കും അറിയില്ലെന്നും ദിനേശ് പറഞ്ഞു. മൂവീ വേള്‍ഡ് മീഡിയയോട് സംസാരിക്കുകയായിരുന്നു ദിനേശ് പ്രഭാകര്‍.

‘ഞാന്‍ ആദ്യമായിട്ട് ഡബ്ബ് ചെയ്യുന്നത് ആമേനിലാണ്. ലിജോ ചേട്ടന്റെ അസിസ്റ്റന്റാണ് എന്നെ ആ സിനിമയിലേക്ക് വിളിച്ചത്. മകരന്ദ് ദേശ്പാണ്ഡേക്ക് ശബ്ദം കൊടുത്തത് വലിയ ടാസ്‌കായിരുന്നു. എല്ലാവര്‍ക്കും അത് ഇഷ്ടപ്പെട്ടു. പിന്നീട് പുള്ളി ചെയ്ത എല്ലാ മലയാള പടത്തിലും എന്നെക്കൊണ്ട് ഡബ്ബ് ചെയ്യിച്ചു. അതില്‍ തന്നെ പുലിമുരുകനിലെ ഡയലോഗ് വലിയ ഹിറ്റായി മാറി.

പക്ഷേ ആര്‍ക്കും അറിയാത്ത ഒരു സംഗതിയുണ്ട്. ഡബിള്‍ ബാരലിലും ഞാന്‍ ഡബ്ബ് ചെയ്തിട്ടുണ്ട്. ആ പടത്തില്‍ ബ്ലാക്കി എന്ന ക്യാരക്ടര്‍ മലയാളത്തിലാണ് സംസാരിക്കുന്നത്. ആ ഡയലോഗ് മുഴുവന്‍ പറഞ്ഞത് ഞാനായിരുന്നു. ‘ചിട്ടി പിടിച്ചിട്ടാണെങ്കിലും നിന്റെയൊക്കെ കാശ് ഞാന്‍ തരും’ എന്ന ഡയലോഗ് വായിച്ചിട്ട് ചിരിച്ച് ഒരു പരുവമായി. പക്ഷേ, ഞാനാണ് അത് ചെയ്തത് എന്ന് ആര്‍ക്കും ഇതുവരെ അറിയില്ല. ഇപ്പോഴാണ് ആ സീന്‍ ശ്രദ്ധിക്കപ്പെടുന്നത്,’ ദിനേശ് പ്രഭാകര്‍ പറയുന്നു.

Content Highlight: Dinesh Prabhakar shares the memories of dubbing for Double Barrel movie