ചെറിയ റോളുകളിലൂടെ മലയാളസിനിമയില്‍ ശ്രദ്ധിക്കപ്പെട്ട നടനാണ് ദിനേശ് പ്രഭാകര്‍. ലാല്‍ ജോസ് സംവിധാനം ചെയ്ത മീശമാധവനിലൂടെയാണ് ദിനേശ് തന്റെ സിനിമാജീവിതം ആരംഭിച്ചത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ ചെയ്ത് ഫലിപ്പിച്ചു. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി ഭാഷകളിലും ദിനേശ് അഭിനയിച്ചിട്ടുണ്ട്. അഭിനയത്തിന് പുറമെ ഡബ്ബിങ് ആര്‍ട്ടിസ്റ്റ്, കാസ്റ്റിങ് ഡയറക്ടര്‍, പരസ്യചിത്രസംവിധാനം എന്നീ മേഖലകളിലും തന്റെ സാന്നിധ്യമറിയിക്കാന്‍ ദിനേശിന് സാധിച്ചു.
2010ന് ശേഷമാണ് തന്നെത്തേടി മികച്ച കഥാപാത്രങ്ങള്‍ വന്നുതുടങ്ങിയതെന്ന് പറയുകയാണ് ദിനേശ് പ്രഭാകര്‍. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, 1983 പോലുള്ള സിനിമകള്‍ കൂടുതല്‍ ശ്രദ്ധേയമായെന്ന് ദിനേശ് പറഞ്ഞു. എബ്രിഡ് ഷൈന്‍ തന്നെ ആദ്യമേ കണ്ടുവെച്ചിട്ടുണ്ടെയിരുന്നെന്ന് പറഞ്ഞെന്നും ചിത്രത്തിന്റെ മുഴുവന്‍ കഥയും തന്നോട് ആദ്യമേ പറഞ്ഞെന്നും ദിനേശ് കൂട്ടിച്ചേര്‍ത്തു.
തന്റെ ജീവിതത്തോട് ചേര്‍ന്ന് നില്‍ക്കുന്ന കഥയാണ് ആ സിനിമയുടേതെന്ന് ദിനേശ് പറഞ്ഞു. സ്‌കൂള്‍ കാലഘട്ടം മുതല്‍ താന്‍ കടുത്ത ക്രിക്കറ്റ് ആരാധകനായിരുന്നെന്നും പഠനത്തിനെക്കാള്‍ പ്രാധാന്യം ക്രിക്കറ്റിന് നല്‍കുമായിരുന്നെന്നും ദിനേശ് കൂട്ടിച്ചേര്‍ത്തു. സ്‌പോര്‍ട്‌സ് സ്റ്റാര്‍ എന്ന മാസികയില്‍ കാണുന്ന കളര്‍ പോസ്റ്ററുകളെല്ലാം വെട്ടി സൂക്ഷിച്ച് വെച്ചിരുന്നെന്നും ദിനേശ് പറഞ്ഞു.
നാട്ടിന്‍പുറ ക്രിക്കറ്റില്‍ കാണുന്ന തരത്തില്‍ ഒരുപാട് നിയമങ്ങള്‍ തങ്ങള്‍ ഉണ്ടാക്കിയിരുന്നെന്നും സ്‌ക്രിപ്റ്റ് വായിച്ചപ്പോള്‍ അതെല്ലാം ഓര്‍മ വന്നിരുന്നെന്നും ദിനേശ് പ്രഭാകര്‍ കൂട്ടിച്ചേര്‍ത്തു. ആംബ്രോസ് സജി എന്ന കഥാപാത്രം തനിക്ക് ഇഷ്ടപ്പെട്ടവയില്‍ ഒന്നാണെന്ന് ദിനേശ് പറഞ്ഞു. കാന്‍ ചാനല്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തിലാണ് ദിനേശ് പ്രഭാകര്‍ ഇക്കാര്യം പറഞ്ഞത്.
‘2010ന് ശേഷമാണ് അഡൈ്വര്‍ടൈസിങ് ഫീല്‍ഡില്‍ നിന്ന് വീണ്ടും സിനിമയില്‍ ആക്ടീവാകുന്നത്. കുറച്ചധികം ശ്രദ്ധേയമായിട്ടുള്ള വേഷങ്ങള്‍ ആ സമയത്ത് എന്നെ തേടിയെത്തിയിരുന്നു. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, ലുക്കാ ചുപ്പി, 1983 എന്നീ സിനിമകള്‍ ആ സമയത്ത് എന്നെ തേടിയെത്തിയതാണ്. 1983യിലേക്ക് എബ്രിഡ് ഷൈന്‍ എന്നെ വിളിച്ചപ്പോള്‍ എബ്രിഡ് പടത്തിന്റെ കഥ മുഴുവന്‍ പറഞ്ഞു തന്നു. 1893 എന്ന സിനിമയും ആംബ്രോസ് സജി എന്ന ക്യാരക്ടറും എന്റെ ജീവിതത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ഒന്നാണ്.
കാരണം, കുട്ടിക്കാലത്ത് ഞാനും ക്രിക്കറ്റ് പ്രാന്തനായിരുന്നു. ഗവാസ്‌കറും വെങ്‌സാര്‍ക്കറുമായിരുന്നു അന്നത്തെ എന്റെ ഇഷ്ട കളിക്കാര്‍. സ്‌പോര്‍ട്‌സ് സ്റ്റാര്‍ എന്നൊരു മാസിക അന്നത്തെ കാലത്ത് ഉണ്ടായിരുന്നു. അതില്‍ വരുന്ന പോസ്റ്ററുകളെല്ലാം വെട്ടിയെടുത്ത് സൂക്ഷിച്ച് വെക്കുമായിരുന്നു. നാട്ടിന്‍പുറത്തെ ക്രിക്കറ്റിലുണ്ടാകുന്ന നിയമങ്ങള്‍ ഞങ്ങള്‍ കളിക്കുമ്പോഴും വെക്കുമായിരുന്നു. അതെല്ലാം കൊണ്ട് 1983 കുറച്ചധികം ഇഷ്ടമുള്ള സിനിമയാണ്,’ ദിനേശ് പ്രഭാകര്‍ പറയുന്നു.
Content Highlight: Dinesh Prabhakar says 1983 movie relates to his teenage