മലയാളത്തിൽ ഒരുപിടി സിനിമകൾ സമ്മാനിച്ച നിർമാതാവും നടനുമാണ് ദിനേശ് പണിക്കർ. മോഹൻ ലാലിന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായ കിരീടം എന്ന സിനിമയുടെ നിർമാണത്തിൽ പങ്കാളിയായ ദിനേശ് മോഹൻലാലിനെ കുറിച്ച് പറയുകയാണ്.
താൻ അന്ന് കണ്ട മോഹൻലാലിൽ നിന്ന് ലാൽ ഒരുപാട് മാറിയെന്നും ഒരു നടൻ എന്ന രീതിയിൽ ആ മനുഷ്യന്റെ ഒരു ചെറിയ അംശം പോലുമാവാൻ നമുക്കാവില്ലയെന്നും ദിനേശ് പണിക്കർ പറയുന്നു. മാസ്റ്റർ ബിനിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഞാൻ അന്ന് കണ്ട മോഹൻലാൽ അല്ല ഇന്നു കാണുന്ന മോഹൻലാൽ. അന്ന് കാണുന്ന മോഹൻലാൽ എന്ന് പറഞ്ഞാൽ നമുക്കൊരു സൗഹൃദം വെക്കാൻ പറ്റുന്ന ഒരു മോഹൻലാൽ ആയിരുന്നു. കാരണം ലാലിനെ അന്ന് സിനിമാ ഇൻഡസ്ട്രിയിൽ കാര്യമായി അത്ര ബന്ധം ഒന്നുമായിട്ടില്ല. സുഹൃത്തുക്കൾ എന്ന നിലയിൽ ഞങ്ങളെ അന്ന് ലാലിന് വേണം.
പക്ഷെ പിന്നെയുള്ള ലാലിന്റെ വളർച്ച എന്ന് പറയുന്നത് നമുക്കൊന്നും പ്രതീക്ഷിക്കാൻ പറ്റാത്ത വിധത്തിലായിരുന്നു. ഭയങ്കര വളർച്ചയായിരുന്നു.
മോഹൻലാലിനെ ജനങ്ങൾ ഇപ്പോൾ കാണുന്നത് ഒരിക്കലും ഒരു സൂപ്പർ സ്റ്റാർ ആയിട്ടോ മെഗാസ്റ്റാർ ആയിട്ടോ ലെഫ്റ്റനന്റ് കേണൽ ആയിട്ടോ ഒന്നുമല്ല. ദൈവത്തിന് തുല്യമായിട്ടാണ് കാണുന്നത്. ലാൽ ചിലപ്പോൾ ഇറങ്ങി നടന്നു വരുന്ന ആ വരവ് ഭയങ്കരം തന്നെയാണ്. ലാലിനെ പൊക്കി പറയുകയല്ല. അത് ആരും അംഗീകരിക്കുന്ന ഒരു കാര്യം തന്നെയാണ്.
ലാൽ കാരവാനിൽ നിന്ന് ഇറങ്ങി വരുന്നതും കൊറേ പരിപാടിക്ക് വരുന്നതുമൊക്കെയായി ഒരുപാട് വീഡിയോകൾ ഞാൻ കണ്ടിട്ടുണ്ട്.
ലാൽ പോകുന്ന പോക്ക് കണ്ടാൽ നമുക്ക് ആ മനുഷ്യനോട് ഒരു അസൂയ തോന്നി പോവും. ഒരു നടൻ എന്ന രീതിയിൽ ആ മനുഷ്യന്റെ ഒരു അംശം പോലുമാവാൻ നമുക്കൊന്നും ആവില്ല,’ ദിനേശ് പണിക്കർ പറയുന്നു.
Content Highlight: Dinesh Paniker Talk About Mohanlal