വില്ലനായും ഹാസ്യതാരമായും വര്‍ഷങ്ങളായി സിനിമയിലുള്ള നടനാണ് ഭീമന്‍ രഘു. അദ്ദേഹത്തെ ഒരു വിവാഹപാര്‍ട്ടിയില്‍ വെച്ച്, പ്രായമായ ഒരു സ്ത്രീ തിരിച്ചറിയാതെ പോയ കഥപറയുകയാണ് നടനും നിര്‍മാതാവുമായ ദിനേഷ് പണിക്കര്‍. തന്റെ സ്വന്തം യുട്യൂബ് ചാനലിലെ പോയിന്റ് വിത് ഡി.പി. എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ദിനേഷ് പണിക്കര്‍. ഭീമന്‍ രഘുവിനോട് ആ അമ്മൂമ്മ, എന്താണ് ചെയ്യുന്നത് എന്ന് ചോദിക്കുകയും, അദ്ദേഹം മീന്‍ കച്ചവടമാണെന്ന മറുപടിയാണ് പറഞ്ഞതെന്നും ദിനേഷ് പണിക്കര്‍ പറയുന്നു.
‘മൂന്നോ നാലോ വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഒരു സംഭവമാണ്. തിരുവനന്തപുരത്ത് ഒരു കല്യാണത്തിന് പോയിരുന്നു. അല്‍പം വൈകിയാണ് ഞാന്‍ അവിടെ എത്തിയത്. എന്നെ കണ്ടപ്പോള്‍ തന്നെ കുറെ ആളുകള്‍ തിരിച്ചറിയുകയും സന്തോഷം പങ്കുവെക്കുകയും ചെയ്തു.
അതില്‍ ഒരു മുത്തശ്ശി എന്റെ കൈയില്‍ പിടിച്ച് കുറേ നേരം സംസാരിച്ചു. സീരിയലുകള്‍ കാണാറുണ്ടെന്നും, വലിയ ഇഷ്ടമാണെന്നും പറഞ്ഞു. കുറേ അധികം നേരം അവര്‍ എന്നോട് തന്നെ സംസാരിച്ചിരുന്നപ്പോള്‍ തൊട്ടടുത്തുള്ള ആളുകള്‍ ഇതെല്ലാം കേള്‍ക്കുന്നുണ്ടല്ലോ എന്ന തോന്നല്‍ എനിക്കുണ്ടായി. അവരില്‍ നിന്നും രക്ഷപ്പെടാനായി ഞാന്‍ അവരോട് എനിക്ക് തൊട്ടുപിറകിലായുണ്ടായിരുന്ന ഭീമന്‍ രഘുവിനെ ചൂണ്ടിക്കാട്ടി പറഞ്ഞു, ദാ അദ്ദേഹത്തെ കണ്ടില്ലേ, അദ്ദേഹത്തോടൊന്ന് സംസാരിക്കൂ എന്ന് പറഞ്ഞു.
അവര്‍ പക്ഷെ രഘുവിനെ നോക്കിയിട്ട് ആരാണ് ഇയാള്‍, എനിക്ക് മനസ്സിലായില്ലല്ലോ എന്നാണ് പറഞ്ഞത്. അത് കേട്ടതോടെ എനിക്ക് പ്രയാസമായി. കാരണം ഇത്രയും വര്‍ഷമായി സിനിമയിലുള്ള, ഭീമന്‍ എന്ന സിനിമയില്‍ അഭിനിയിച്ചത് കൊണ്ട്മാത്രം ഭീമന്‍ രഘുവെന്ന പേര് ലഭിച്ച അദ്ദേഹത്തെ അറിയില്ലെന്നാണ് അവര്‍ പറഞ്ഞിരിക്കുന്നത്. രഘുവിനും അത് ബുദ്ധിമുട്ടായി. കാരണം ഒരു ആര്‍ടിസ്റ്റിനെ സംബന്ധിച്ചിടത്തോളം തിരിച്ചറിയലാണ് ഏറ്റവും പ്രധാനം.
ഒരാള്‍ തന്നെ ഇന്‍സള്‍ട്ട് ചെയ്യുകയോ, തിരിച്ചറിയാതിരിക്കുകയോ ചെയ്യുമ്പോള്‍ ചെറുതായിട്ടൊരു വിഷമം വരും. അത് വളരെ പ്രകടമായിത്തന്നെ ഞാന്‍ ഭീമന്‍ രഘുവിന്റെ മുഖത്തും കണ്ടു. തൊട്ടപ്പുറത്തിരിക്കുന്നവരുടെയും മുഖം മാറി. കാരണം ഇത്രയും വര്‍ഷമായി സിനിമയിലുള്ള ആളിന്റെ മുഖത്ത് നോക്കി ഇതാരാണ് എന്നാണ് ചോദിച്ചത്. ഞാന്‍ ആ സ്ത്രീയെ അവിടെ നിന്നും പതുക്കെ തിരിച്ചയച്ചു.
അവര്‍ അവരുടെ സീറ്റില്‍ പോയിരുന്നു. അവര്‍ ഈ കഥ അവരുടെ അടുത്തുള്ളവരോട് പറഞ്ഞെന്നിരിക്കണം. അവിടെയുണ്ടായിരുന്നവര്‍ ഭീമന്‍ രഘുവിനെ കുറിച്ച് അവരോട് പറഞ്ഞിട്ടുമുണ്ടാകും. അവര്‍ ഉടന്‍ തന്നെ ഭീമന്‍ രഘുവിനോട് വന്നു പറഞ്ഞു, ക്ഷണിക്കണം ഞാന്‍ പെട്ടെന്ന് തിരിച്ചറിഞ്ഞില്ല, മാത്രവുമല്ല കുറെ കാലമായി ഞാന്‍ സിനിമകളൊന്നും കാണാറില്ല, സീരിയലുകളാണ് കാണാറുള്ളത്. അതുകൊണ്ടാണ് അദ്ദേഹത്തോട് സംസാരിച്ചത് എന്നൊക്കെ അവര്‍ രഘുവിനോട് പറഞ്ഞത്.
അവസാനം അവര്‍ രഘുവിനോട് ഇപ്പോഴെന്താണ് ചെയ്യുന്നത് എന്നുകൂടി ചോദിച്ചു. രഘു മസിലുപിടിച്ച് കൊണ്ട് പറഞ്ഞു, ഒന്നും ചെയ്യുന്നില്ല, മീന്‍ കച്ചവടമാണ് എന്ന്. അതും പറഞ്ഞ് ആ അമ്മയെ അവിടെ നിന്നും പറഞ്ഞുവിട്ടു. ഈ അടുത്ത് വീണ്ടുമൊരു കല്യാണത്തിന് പോയപ്പോള്‍ വീണ്ടും രഘുവിനെ കണ്ടു. കഴിഞ്ഞ കല്യാണത്തിന് മീന്‍കച്ചവടമായിരുന്നു പണി, ഈ കല്യാണത്തിന് എന്താണ് പണി എന്നൊക്കെ ചോദിച്ച് കുറെ തമാശകള്‍ പറയുകയും ചെയ്തു,’ദിനേഷ് പണിക്കര്‍ പറഞ്ഞു.
content highlights; Dinesh Panicker tells about the old woman who did not recognize Bheeman raghu