| Friday, 2nd December 2022, 11:45 pm

'തിലകന്റെ അധപതനം പ്രേക്ഷകര്‍ ഉള്‍ക്കൊണ്ടില്ല, കിരീടം ഉണ്ടാക്കിയ ഇമ്പാക്ട് ചെങ്കോല്‍ ഉണ്ടാക്കിയില്ല'

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലോഹിതദാസ് തിരക്കഥയെഴുതി സിബി മലയിലിന്റെ സംവിധാനത്തില്‍ പുറത്ത് വന്ന ചിത്രമാണ് കിരീടം. മോഹന്‍ലാല്‍ നായകനായ സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ചെങ്കോല്‍ എന്ന പേരില്‍ രണ്ടാം ഭാഗവുമുണ്ടായി. എന്നാല്‍ ആദ്യ ഭാഗം ഉണ്ടാക്കിയ ഇമ്പാക്ട് രണ്ടാം ഭാഗമുണ്ടാക്കിയില്ലെന്ന് പറയുകയാണ് കിരീടത്തിന്റെ നിര്‍മാതാവ് ദിനേശ് പണിക്കര്‍. കഥാപാത്രങ്ങള്‍ക്കും കഥക്കും വന്ന ചില മാറ്റങ്ങളാണ് ഇതിന് കാരണമെന്നും മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ദിനേശ് പണിക്കര്‍ പറഞ്ഞു.

‘കിരീടം എന്ന സിനിമ നിര്‍മിച്ചുകൊണ്ടാണ് ഞാന്‍ സിനമാ മേഖലയിലേക്ക് വരുന്നത്. ആ സമയത്ത് സിനിമയുമായി ബന്ധപ്പെട്ടുണ്ടായ ചില അനുഭവങ്ങളില്‍ തൃപ്തനല്ലായിരുന്നതുകൊണ്ട് ആ ടീമില്‍ നിന്നും ഞാന്‍ മാറി. കൃപ ഫിലിംസ് എന്ന ബാനര്‍ എന്റെ പാര്‍ട്ടണറായ കിരീടം ഉണ്ണിക്ക് ഞാന്‍ കൈമാറി. കൃപ ഫിലിംസിന്റെ ബാനറില്‍ തന്നെ കിരീടത്തിന് ചെങ്കോല്‍ എന്ന രണ്ടാം ഭാഗമുണ്ടായി. ഞാനൊഴിച്ച് ടീമിലുള്ള ബാക്കിയെല്ലാവരും സിനിമയിലുണ്ടായിരുന്നു.

ഞാന്‍ ആദ്യദിവസം തന്നെ സിനിമ പോയി കണ്ടു. നല്ലൊരു സിനിമ ആയിരുന്നു. പക്ഷേ കിരീടം ഉണ്ടാക്കിയ ഇമ്പാക്ട് ചെങ്കോല്‍ ഉണ്ടാക്കിയില്ല. കിരീടത്തില്‍ ഓരോ കഥാപാത്രത്തിനും അതിന്റേതായ വ്യക്തിത്വമുണ്ടായിരുന്നു. തിലകന്‍ ചേട്ടന്റെ കഥാപാത്രമെടുക്കുകയാണെങ്കില്‍ അദ്ദേഹം നല്ലൊരു ആദര്‍ശധീരനായ പൊലീസുകാരനാണ്. സ്വന്തം മകനെ പോലും ജയിലില്‍ അടക്കാന്‍ മടിക്കുന്നില്ല. മകനെതിരെ റിപ്പോര്‍ട്ട് എഴുതണമെങ്കില്‍ അതിനും മടിക്കുന്നില്ല.

അങ്ങനെ നിന്ന ആദര്‍ശ ധീരനായ മനുഷ്യന്‍ രണ്ടാം ഭാഗത്തില്‍ വന്നപ്പോള്‍ സ്വന്തം മകളെ വരെ ഒരു ഹോട്ടല്‍ റൂമില്‍ കാഴ്ച വെക്കുന്ന അവസ്ഥയിലേക്ക് എത്തി. ജനം പോലും അത് ഉള്‍ക്കൊണ്ടില്ല എന്നതാണ് എന്റെ അറിവ്. അദ്ദേഹം എന്തുകൊണ്ട് ആ ലെവലിലേക്ക് പോയി എന്നെനിക്ക് മനസിലാവുന്നില്ല. ചിലപ്പോള്‍ ആ കഥാപാത്രത്തിന്റെ വീഴ്ചയാവാം. അല്ലെങ്കിലും ജീവിതത്തില്‍ വരുന്ന അധപതനമായിരിക്കാം. പക്ഷേ തിലകന്‍ ചേട്ടന്റെ ആ ഒരു അധപതനം സിനിമയെ വളരെ താഴോട്ട് കൊണ്ടുപോയി.

കിരീടത്തില്‍ കുറച്ച് വയലന്‍സ് ഉണ്ടായിരുന്നു. അടി ബഹളം എല്ലാമുണ്ടെങ്കിലും കാണുമ്പോള്‍ വില്ലനെ പോയി അടിയെടാ എന്ന് തോന്നുന്ന രീതിയിലായിരുന്നു അതിന്റെ സ്‌ക്രിപ്റ്റ് പോയിരുന്നത്. പക്ഷേ അത് രണ്ടാം ഭാഗത്തില്‍ തോന്നിയില്ല. അതാണ് ആ സിനിമയുടെ ഏറ്റവും വലിയ പാളിച്ച ആയി ഞാന്‍ കാണുന്നത്. പിന്നെ അതിന്റെ ക്ലൈമാക്‌സില്‍ വില്ലത്തരം വന്നു, മോഹന്‍ലാല്‍ മരിക്കുന്നു. ഇതെല്ലാം വന്നതുകൊണ്ടാവാം.

നല്ല സിനിമ ആയിരുന്നുവെങ്കിലും കിരീടത്തിന്റെ ലെവലിലേക്ക് എത്താന്‍ ചെങ്കോലിന് സാധിച്ചിരുന്നില്ല. സിബി മലയിലിനോടും ഇക്കാര്യം ഞാന്‍ സംസാരിച്ചിട്ടുണ്ട്. അന്ന് അത് നല്ല സിനിമയായി വരുമെന്ന് ചിന്തിച്ചു. കാരണം കിരീടത്തിന്റെ ബാക്ക്ഗ്രൗണ്ട് ഉള്ളതുകൊണ്ട് നന്നാവുമെന്നാണ് വിചാരിച്ചത്. പക്ഷേ രണ്ടാം ഭാഗമെഴുതുമ്പോള്‍ ലോഹിതദാസിന്റെ ചിന്താഗതി മാറിപ്പോയോ എന്നൊരു സംശയം മാത്രമേ എനിക്കുള്ളൂ,’ ദിനേശ് പണിക്കര്‍ പറഞ്ഞു.

Content Highlight: dinesh panicker talks about kereedam and chenkol movie

We use cookies to give you the best possible experience. Learn more