| Friday, 13th December 2024, 12:12 pm

മോഹന്‍ലാലും സുരേഷ് ഗോപിയും ഉണ്ടെന്നറിഞ്ഞ് കഥ കേട്ടില്ല; സീന്‍ വായിച്ചതും എന്റെ ബ്ലഡ് പ്രഷര്‍ കൂടി: ദിനേശ് പണിക്കര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹന്‍ലാലും സുരേഷ് ഗോപിയും ഒന്നിച്ച് 2010ല്‍ പുറത്തിറങ്ങിയ ക്രൈം ത്രില്ലര്‍ ചിത്രമാണ് ജനകന്‍. എസ്.എന്‍. സ്വാമിയുടെ രചനയില്‍ എന്‍.ആര്‍. സഞ്ജീവ് ആയിരുന്നു ഈ സിനിമ സംവിധാനം ചെയ്തത്.

മോഹന്‍ലാലിനും സുരേഷ് ഗോപിക്കും പുറമെ ബിജു മേനോന്‍, പ്രിയ ലാല്‍, ഹരിശ്രീ അശോകന്‍, ജ്യോതിര്‍മയി തുടങ്ങിയ മികച്ച താരനിരയായിരുന്നു ഒന്നിച്ചത്.

ഒപ്പം നടന്‍ ദിനേശ് പണിക്കറും ഈ സിനിമയില്‍ ഒരു പ്രധാനവേഷത്തില്‍ എത്തിയിരുന്നു. മോഹന്‍ലാലും സുരേഷ് ഗോപിയുമുള്ള സിനിമയാണെന്ന് കേട്ടപ്പോള്‍ കഥ കേള്‍ക്കാതെയാണ് താന്‍ പോയതെന്നും എന്നാല്‍ ലൊക്കേഷനില്‍ എത്തിയപ്പോള്‍ തന്റെ സീന്‍ വായിച്ച് ബ്ലഡ് പ്രഷര്‍ കൂടിയെന്നും പറയുകയാണ് ദിനേശ്. മാസ്റ്റര്‍ ബിന്നിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘എന്നെ ജനകന്‍ എന്ന സിനിമക്ക് വേണ്ടി വിളിച്ചത് ഇന്നും എനിക്ക് ഓര്‍മയുണ്ട്. മോഹന്‍ലാലും സുരേഷ് ഗോപിയുമൊക്കെയുള്ള പടമായിരുന്നു അത്. അപ്പോള്‍ പിന്നെ അതില്‍ കൂടുതല്‍ ഒന്നും ആ സിനിമയെ കുറിച്ച് അറിയേണ്ട ആവശ്യമില്ലല്ലോ. അതുകൊണ്ട് ആ സിനിമയുടെ കഥ ഞാന്‍ കേട്ടിരുന്നില്ല.

കഥ കേള്‍ക്കാതെ തന്നെ ഞാന്‍ അന്ന് ഓക്കെ പറയുകയായിരുന്നു. അങ്ങനെ ആദ്യത്തെ ദിവസം ഞാന്‍ ലൊക്കേഷനിലേക്ക് പോയി. സുരേഷ് ഗോപിയും ബിജു മേനോനും ഹരിശ്രീ അശോകനുമൊക്കെ അവിടെ ഉണ്ടായിരുന്നു. അവര്‍ എല്ലാവരും ഇരുന്ന് സീന്‍ വായിക്കുകയായിരുന്നു.

സീന്‍ വായിക്കുന്നതിന്റെ ഇടയില്‍ ഇവരൊക്കെ എന്നെ നോക്കുന്നുണ്ട്. ആദ്യം സുരേഷ് ഗോപി നോക്കി. പിന്നെ ബിജു മേനോന്‍ എന്നെ നോക്കി പൊട്ടിച്ചിരിച്ചു. എല്ലാവരും എന്നെ നോക്കിയിട്ട് എന്തിനാണ് പൊട്ടിച്ചിരിക്കുന്നത് എന്നായിരുന്നു ആ സമയത്ത് ഞാന്‍ ചിന്തിച്ചത്.

ഞാനത് ചോദിച്ചതോടെ അവര്‍ക്ക് ഒരു കാര്യം മനസിലായി, ഞാന്‍ സീന്‍ വായിച്ചിട്ടില്ല. സുരേഷ് ഗോപി എന്നോട് സീന്‍ വായിച്ചില്ലേയെന്ന് ചോദിച്ചു. ഇല്ലെന്ന് പറഞ്ഞതും വായിച്ച് നോക്കൂവെന്ന് പറഞ്ഞു. അപ്പോഴാണ് ആ സിനിമയിലെ സീന്‍ എന്റെ കയ്യില്‍ കിട്ടുന്നത്.

അതില്‍ സുരേഷ് ഗോപിയുടെ മകളെ എന്റെ കഥാപാത്രം റേപ്പ് ചെയ്യുകയാണ്. അവസാനം ഇവരെല്ലാം കൂടെ എന്നെ കത്തി വെച്ച് കൊല്ലും. കൊല്ലുന്നത് മാത്രമല്ല, എന്റെ താഴെയങ്ങ് ചെത്തികളയും. ഞാന്‍ ഇത് വായിച്ചതും എന്റെ മുഖം മാറി, ബ്ലഡ് പ്രഷര്‍ കൂടി. എനിക്ക് എന്താണ് ചെയ്യേണ്ടതെന്ന് അറിയാത്ത അവസ്ഥയായി,’ ദിനേശ് പണിക്കര്‍ പറഞ്ഞു.

Content Highlight: Dinesh Panicker Talks About Janakan Movie

We use cookies to give you the best possible experience. Learn more