| Saturday, 9th November 2024, 12:03 pm

അന്ന് നിമിഷ നേരം കൊണ്ട് മോഹന്‍ലാല്‍ ആ ഡാന്‍സ് കളിച്ചു; ഞങ്ങളെല്ലാം അന്തംവിട്ടു നിന്നു: ദിനേശ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

1989ല്‍ ‘കിരീടം’ എന്ന മോഹന്‍ലാല്‍ ചിത്രം നിര്‍മിച്ച് ചലച്ചിത്ര രംഗത്തേക്ക് കടന്നുവന്ന വ്യക്തിയാണ് ദിനേശ് പണിക്കര്‍. മലയാളത്തില്‍ ഇതുവരെ ഒമ്പത് സിനിമകളാണ് അദ്ദേഹം നിര്‍മിച്ചത്. ഒപ്പം നിരവധി സിനിമകളില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.

ഇപ്പോള്‍ താന്‍ ആദ്യമായി മോഹന്‍ലാലിനെ കണ്ടതിനെ കുറിച്ച് പറയുകയാണ് ദിനേശ്. സഞ്ചാരി എന്ന സിനിമ ചെയ്യുന്ന സമയത്താണ് മോഹന്‍ലാലിനെ ആദ്യമായി കാണുന്നതെന്നും ഒരിക്കല്‍ മോഹന്‍ലാല്‍ ഡാന്‍സ് ചെയ്യുന്നത് കണ്ട് താന്‍ ഞെട്ടിപോയെന്നും അദ്ദേഹം പറഞ്ഞു. മാസ്റ്റര്‍ ബിന്നിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ദിനേശ് പണിക്കര്‍.

‘ഞാന്‍ അന്ന് സഞ്ചാരി എന്ന സിനിമയില്‍ അഭിനയിക്കുകയായിരുന്നു. ഉദയ സ്റ്റുഡിയോയിലായിരുന്നു. അവിടെ വെച്ചാണ് ഞാന്‍ മോഹന്‍ലാലിലെ ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും. അന്ന് മോഹന്‍ലാല്‍ സിനിമയിലേക്ക് വന്നിട്ടേയുള്ളൂ. ഈ ഹോള്‍ഡൊന്നും അന്നില്ലായിരുന്നു. അന്ന് മഞ്ഞില്‍ വിരിഞ്ഞ് പൂക്കള്‍ എന്ന പടം ഇറങ്ങിയിട്ടില്ല.

അന്ന് അവിടേക്ക് മോഹന്‍ലാല്‍ വന്നു. അശോകനും റാണയും ഗോപി കൊട്ടാരക്കരയുമൊക്കെ അവിടെ ഉണ്ടായിരുന്നു. ഇവരെല്ലാം അന്ന് ചെറിയ ചെറിയ ആര്‍ട്ടിസ്റ്റുകളാണ്. പക്ഷെ കഴിവുള്ളവരായിരുന്നു. ഞങ്ങളുടെ കൂട്ടത്തിലുള്ള ബോബി അന്ന് നന്നായി പാടും. റാണ എന്നയാള്‍ നല്ല ഡാന്‍സറാണ്.

അവന്റെ ഡാന്‍സ് കണ്ടിട്ട് ലാല്‍ ഒരിക്കല്‍ ‘എനിക്ക് ആ സ്റ്റെപ്പൊക്കെ ഒന്ന് കാണിച്ച് തരുമോ’യെന്ന് ചോദിച്ചു. ലാലിന് ആ സ്റ്റെപ്പ് കാണിച്ചുകൊടുക്കുമ്പോള്‍ ലാലിന്റെ ബോഡി നല്ല ഫ്ളക്സിബിളാണ്. അന്ന് നിമിഷ നേരം കൊണ്ടായിരുന്നു മോഹന്‍ലാല്‍ ആ മൂവ്മെന്റ്സെല്ലാം കറക്ടായി ചെയ്തത്. ഞങ്ങളെല്ലാം അതുകണ്ട് ഞെട്ടിപോയി. ഞാനാകെ അന്തംവിട്ട് നില്‍ക്കുകയാണ്. ഇവനാള് കൊള്ളാലോ എന്നും ഞാന്‍ വിചാരിച്ചു,’ ദിനേഷ് പറഞ്ഞു.


Content Highlight: Dinesh Panicker Talks About How He Met Mohanlal In First Time And Mohanlal’s Dance

We use cookies to give you the best possible experience. Learn more