| Sunday, 16th July 2023, 5:01 pm

മുരളി അകത്തുണ്ടായിട്ടും ഇല്ലെന്ന് ഭാര്യ പറഞ്ഞു; മണിക്കൂറുകളോളം ഞങ്ങളെ മഴയത്ത് നിര്‍ത്തി: ദിനേശ് പണിക്കര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മുരളിയുടെ ഒപ്പ് വാങ്ങാനായി വീടിന് മുന്നില്‍ മഴ നനഞ്ഞ് നില്‍ക്കേണ്ടി വന്നിട്ടുണ്ടെന്ന് നിര്‍മാതാവും നടനുമായ ദിനേശ് പണിക്കര്‍. മുരളി വീട്ടിനകത്തുണ്ടായിരുന്നിട്ടും അദ്ദേഹം പുറത്തേക്ക് വരാതെ മണിക്കൂറുകളോളം മഴയത്ത് നിര്‍ത്തിയെന്നും ദിനേശ് പണിക്കര്‍ പറഞ്ഞു. ദിനേശ് പണിക്കര്‍ എന്ന തന്റെ ഒഫീഷ്യല്‍ യുട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദൂരദര്‍ശന് വേണ്ടി നിര്‍മിച്ച ഒരു സീരിയലുമായി ബന്ധപ്പെട്ടാണ് തനിക്കും സഹനിര്‍മാതാവായ ജമാല്‍ മൈലാഞ്ചിക്കും ഈ അനുഭവമുണ്ടായതെന്നും അദ്ദേഹം പറയുന്നു.

‘2002 ല്‍ സിനിമ നിര്‍മാണം അവസാനിപ്പിച്ച ഞാന്‍ 2008ലാണ് ഒരു സീരിയല്‍ നിര്‍മിക്കാമെന്ന് തീരുമാനിക്കുന്നത്. അന്ന് നാഷണല്‍ അവാര്‍ഡ് കിട്ടിയതിന്റെ അടിസ്ഥാനത്തില്‍ മുരളിക്ക് ദൂരദര്‍ശനലില്‍ ഒരു സ്ലോട്ട് കിട്ടിയിരുന്നു. പുറപ്പാട് എന്ന ഒരു സീരിയലിന് വേണ്ടിയായിരുന്നു അദ്ദേഹത്തിന് സ്ലോട്ട് കിട്ടിയിരുന്നത്. അത് ഞാന്‍ ടേക്ഓവര്‍ ചെയ്ത് നിര്‍മിക്കാമെന്നാണ് തീരുമാനിച്ചത്. അതിന്റെ അടിസ്ഥാനത്തില്‍ ഞാന്‍ മുരളിയുമായി സംസാരിച്ച് അദ്ദേഹം പറഞ്ഞ പണം കൊടുത്ത് ഞങ്ങള്‍ എഗ്രിമെന്റ് ചെയ്ത് തീരുമാനത്തിലായി.

മുരളിയുടെ മൈന്‍ഡ്‌സ് ഐ എന്ന കമ്പനി നിര്‍മിക്കുന്ന സീരിയലിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറായി ഞാന്‍ ചുമതലയേറ്റെടുത്തു. അതോടെ മുരളിക്ക് അതില്‍ പങ്കില്ലാതാകും. പക്ഷെ സര്‍ക്കാറിന്റെയും ദൂരദര്‍ശന്റെയും നിയമങ്ങളനുസരിച്ച് മുരളിയും അദ്ദേഹത്തിന്റെ കമ്പനിയും തന്നെയായിരിക്കും രേഖകളില്‍ നിര്‍മാതാക്കളായിട്ടുണ്ടാകുക. അതു കൊണ്ട് തന്നെ ദൂരദര്‍ശനില്‍ നല്‍കേണ്ട പല രേഖകളിലും അദ്ദേഹമായിരുന്നു ഒപ്പിടേണ്ടത്. അന്ന് എനിക്ക് ഒരു പാര്‍ട്ണര്‍ കൂടിയുണ്ടായിരുന്നു. ജമാല്‍ മൈലാഞ്ചി എന്നായിരുന്നു അദ്ദേഹത്തിന്റെ പേര്. മധു അടൂര്‍ എന്നൊരാളെ സംവിധായകനായി തീരുമാനിച്ച് ഞങ്ങള്‍ പ്രൊജക്ടുമായി മുന്നോട്ട് പോയി.

ഷൂട്ടിങ് തുടങ്ങുന്നതിന് മുമ്പ് ചില പേപ്പറുകളില്‍ കൂടി മുരളി ഒപ്പിടേണ്ടതായിട്ടുണ്ടായിരുന്നു. രേഖകള്‍ ദൂരദര്‍ശനില്‍ എത്തിക്കാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ ഞങ്ങള്‍ ഒപ്പ് വാങ്ങാനായി മുരളിയുടെ വീട്ടിലേക്ക് പോയി. ഒരു മഴയുള്ള ദിവസമായിരുന്നു അത്. അദ്ദേഹത്തിന്റെ ഭാര്യ വാതില്‍ തുറന്ന് മുരളി വീട്ടിലില്ലെന്നും പുറത്ത് പോയതാണ്, എപ്പോള്‍ വരുമെന്ന് അറിയില്ലെന്നും പറഞ്ഞു.

മുരളിക്ക് അത്യാവശ്യം ചീത്തപ്പേരുകള്‍ കേട്ട് തുടങ്ങിയിരുന്ന ഒരു കാലം കൂടിയായിരുന്നു അത്. അദ്ദേഹം ഏറ്റെടുത്ത കുറെ പ്രൊജക്ടുകള്‍ മുടങ്ങുകയൊക്കെ ചെയ്തിട്ടുണ്ടായിരുന്നു അന്ന്. സീരിയലുകളായിരുന്നു കൂടുതലും, സിനിമ അധികം ചെയ്യുന്നുണ്ടായിരുന്നില്ല. എന്നാല്‍ ഞങ്ങള്‍ക്ക് അതുവരെ അദ്ദേഹത്തില്‍ നിന്ന് മോശം അനുഭവങ്ങളൊന്നുമുണ്ടായിരുന്നില്ല. എഗ്രിമെന്റ് സൈന്‍ ചെയ്തതും പണം കൈമാറിയതുമൊക്കെ നല്ല രീതിയില്‍ തന്നെയായിരുന്നു.

പക്ഷെ ആ ദിവസം അദ്ദേഹത്തെ കാണാതെ വന്നപ്പോള്‍ ഞങ്ങള്‍ക്ക് അല്‍പം വിഷമമായി. എങ്കിലും അദ്ദേഹം വരുമെന്ന പ്രതീക്ഷയില്‍ ഞങ്ങള്‍ അദ്ദേഹത്തിന്റെ വീടിന് മുമ്പില്‍ വാഹനത്തില്‍ കാത്തുനിന്നു. ഇടക്കിടക്ക് വാഹനത്തില്‍ നിന്നിറങ്ങി ഞാന്‍ അദ്ദേഹത്തിന്റെ വീട്ടിലേക്ക് നോക്കുകയും ചെയ്തിരുന്നു. അങ്ങനെയുള്ള ഒരു നോട്ടത്തില്‍ ഞാന്‍ മുകളിലെ മുറിയുടെ കര്‍ട്ടനിലൂടെ മുരളിയെ കണ്ടു. ഒറ്റ നോട്ടത്തില്‍ തന്നെ അത് അദ്ദേഹമാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു.

എന്ത് കൊണ്ട് അദ്ദേഹം വീട്ടിലുണ്ടായിട്ടും ഞങ്ങളെ മഴയത്ത് പുറത്ത് നിര്‍ത്തിയെന്നും അത്രയും അത്യാവശ്യമായ രേഖകളില്‍ ഒപ്പിട്ട് തരുന്നില്ലെന്നും ഞാന്‍ ആലോചിച്ചു. വീട്ടില്‍ അദ്ദേഹമുണ്ടെന്ന് ഉറപ്പാക്കിയ ഞാന്‍ വാഹനത്തിലുണ്ടായിരുന്ന ജമാലിനെ വിളിച്ചു. മഴ നനഞ്ഞിട്ടാണെങ്കിലും വാഹനത്തില്‍ നിന്നിറങ്ങി അദ്ദേഹത്തിന്റെ വീടിന് മുന്നില്‍ പോയി നില്‍ക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. അദ്ദേഹം ഒപ്പിടാതെ തിരികെ പോകാനാകില്ലായിരുന്നു. അത്രയും അത്യാവശ്യമായ രേഖകളായിരുന്നു.

ഇടക്കിടക്ക് അദ്ദേഹത്തിന്റെ ഭാര്യ വന്ന് നോക്കുന്നുണ്ടായിരുന്നു. അവര്‍ക്ക് വിഷമമായിട്ടുണ്ടെന്ന് ഞങ്ങള്‍ക്ക് മനസിലായി. കാരണം രണ്ട് നിര്‍മാതാക്കളാണല്ലോ വീടിന് മുന്നില്‍ മഴയും നനഞ്ഞ് നില്‍ക്കുന്നത്. മുകളില്‍ നിന്ന് കര്‍ട്ടന്‍ മാറ്റി മുരളിയും എത്തിനോക്കുന്നുണ്ടായിരുന്നു. ഒരു മണിക്കൂറോളം ഞങ്ങള്‍ അവിടെ മഴ നനഞ്ഞ് നിന്നു. അവസാനം അദ്ദേഹത്തിന്റെ ഭാര്യ വന്ന് മുരളി നിങ്ങളോട് അകത്തേക്ക് വരാന്‍ പറഞ്ഞിട്ടുണ്ട് എന്ന് പറഞ്ഞു.

ഞങ്ങളുടെ അവസ്ഥ കണ്ട് ഇരുവരും പരസ്പരം സംസാരിച്ചതിന്റെ അടിസ്ഥാനത്തിലായിരിക്കാം ഞങ്ങളെ അകത്തേക്ക് വിളിച്ച് ചായയൊക്കെ തന്നു. അതിന് ശേഷം രേഖകളില്‍ ഒപ്പിട്ട് തരികയും ചെയ്തു. അതിന് ശേഷം ഞങ്ങള്‍ ആ സീരിയലിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ വാങ്ങേണ്ടി വന്നിട്ടില്ല’ ദിനേഷ് പണിക്കര്‍ പറഞ്ഞു.

content highlights: Dinesh Panicker talks about his bad experience with actor Murali


We use cookies to give you the best possible experience. Learn more