Film News
അന്ന് മമ്മൂട്ടിയോ മോഹന്‍ലാലോ ഡേറ്റ് തരില്ല; വലിയ സിനിമകള്‍ നിര്‍മിച്ചതല്ലേയെന്ന് ആളുകള്‍ ചോദിച്ചു: ദിനേശ് പണിക്കര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Feb 08, 06:45 am
Thursday, 8th February 2024, 12:15 pm

1989ല്‍ ‘കിരീടം’ എന്ന മോഹന്‍ലാല്‍ ചിത്രം നിര്‍മിച്ച് ചലച്ചിത്ര രംഗത്തേക്ക് കടന്നുവന്ന വ്യക്തിയാണ് ദിനേശ് പണിക്കര്‍. മലയാളത്തില്‍ ഇതുവരെ ഒമ്പത് സിനിമകളാണ് അദ്ദേഹം നിര്‍മിച്ചത്. മുകേഷും ജഗദീഷും അഭിനയിച്ച ‘ചെപ്പുകിലുക്കണ ചങ്ങാതി’യായിരുന്നു രണ്ടാമത്തെ ചിത്രം.

പിന്നീട് ബാബു ആന്റണിയെ നായകനാക്കി ബോക്സറും ജയറാം – മഞ്ജു വാര്യര്‍ ചിത്രം കളിവീടും അദ്ദേഹം പ്രൊഡ്യൂസ് ചെയ്തു. ‘രാജപുത്രന്‍’, ‘പ്രണയവര്‍ണ്ണങ്ങള്‍’ എന്നീ സുരേഷ് ഗോപി ചിത്രങ്ങളും ‘സ്റ്റാലിന്‍ ശിവദാസ്’ എന്ന മമ്മൂട്ടി ചിത്രവും കുഞ്ചാക്കോ ബോബന്റെ മയില്‍പീലിക്കാവും നിര്‍മിച്ചത് ദിനേശ് പണിക്കരാണ്.

പിന്നീട് സിനിമകളിലും സീരിയലുകളിലും അഭിനയിക്കാന്‍ തുടങ്ങിയ അദ്ദേഹം അവസാനമായി നിര്‍മിച്ച ചിത്രമായിരുന്നു ചിരികുടുക്ക. ഇപ്പോള്‍ മാസ്റ്റര്‍ ബിന്നിന് നല്‍കിയ അഭിമുഖത്തില്‍ ആ സിനിമയെ കുറിച്ച് സംസാരിക്കുകയാണ് ദിനേശ് പണിക്കര്‍.

‘ഞാന്‍ എടുത്തതെല്ലാം വലിയ സിനിമകളാണല്ലോ. അതും സൂപ്പര്‍ സ്റ്റാറുകളെ വെച്ചിട്ട്. അതിനകത്ത് സ്റ്റാര്‍ വാല്യൂ കുറഞ്ഞ പടമെന്ന് പറയാനായിട്ട് ഉള്ളത് ചിരികുടുക്കയാണ്. അതും ഞാന്‍ പ്രൊഡ്യൂസ് ചെയ്യുന്ന എന്റെ ഒമ്പതാമത്തെ സിനിമയാണ് അത്. ഞാന്‍ അവസാനം പ്രൊഡ്യൂസ് ചെയ്യുന്ന പടവും അത് തന്നെയാണ്.

അപ്പോള്‍ ആളുകള്‍ ഞാന്‍ എന്തിനാണ് ആ പടം എടുത്തതെന്ന് ചോദിക്കാറുണ്ട്. നിങ്ങള്‍ വലിയ സിനിമകള്‍ എടുത്തതല്ലേ എന്നും ചോദിക്കും. ശരിയാണ്, ആ കാലത്ത് ഞാന്‍ വലിയ സിനിമകള്‍ ചെയ്തിരുന്നു. എനിക്ക് അതിന് കഴിഞ്ഞിരുന്നു. പക്ഷേ അഞ്ചും രണ്ടും കോടി മുടക്കി 2002ല്‍ അങ്ങനെ ഒരു സിനിമ എടുക്കാന്‍ പറ്റിയ അവസ്ഥ ആയിരുന്നില്ല.

അന്ന് എന്നെ കൊണ്ട് കഴിയുന്നപോലെ ഞാന്‍ അന്ന് ചെറിയ ഒരു പടമെടുത്തു. എന്റെ സാഹചര്യം അതായിരുന്നു എന്നതാണ് ആദ്യത്തെ വിഷയം. പിന്നെ രണ്ടാമത്തെ കാര്യം എന്നോടൊപ്പം സഹകരിക്കുന്ന ആര്‍ട്ടിസ്റ്റിനെ കിട്ടിയാല്‍ മാത്രമേ എനിക്ക് അങ്ങനെ ഒരു സിനിമ ചെയ്യാന്‍ കഴിയുള്ളു.

അന്ന് മമ്മൂട്ടിയുടെയോ മോഹന്‍ലാലിന്റെയോ അടുത്ത് ചെന്ന് ഡേറ്റ് ചോദിച്ചാല്‍ അവര്‍ തരില്ല. കാരണം അന്ന് ഞാന്‍ പൊട്ടിപൊളിഞ്ഞു നില്‍ക്കുകയായിരുന്നു. എന്റെ അവസ്ഥ എനിക്കേ അറിയുമായിരുന്നുള്ളൂ,’ ദിനേശ് പണിക്കര്‍ പറഞ്ഞു.


Content Highlight: Dinesh Panicker Talks About Chirikudukka Movie