Advertisement
Entertainment
വിനയന്റെ നല്ല കാലത്ത് മമ്മൂട്ടിയെയോ മോഹന്‍ലാലിനെയോ വെച്ച് ചെയ്യേണ്ട പടമായിരുന്നു അത്: ദിനേശ് പണിക്കര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Feb 02, 12:25 pm
Sunday, 2nd February 2025, 5:55 pm

മലയാളത്തില്‍ ഒരുപിടി സിനിമകള്‍ സമ്മാനിച്ച നിര്‍മാതാവും നടനുമാണ് ദിനേശ് പണിക്കര്‍. മോഹന്‍ ലാലിന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നായ കിരീടം എന്ന സിനിമയുടെ നിര്‍മാണത്തില്‍ പങ്കാളിയായാണ് ദിനേശ് സിനിമാലോകത്തേക്ക് കടന്നുവന്നത്. പിന്നീട് നിരവധി ചിത്രങ്ങളില്‍ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങള്‍ ചെയ്ത ദിനേശ് പണിക്കര്‍ ശ്രദ്ധേയനായി.

മലയാളത്തിലെ മികച്ച സംവിധായകരിലൊരാളായ വിനയനെക്കുറിച്ച് സംസാരിക്കുകയാണ് ദിനേശ് പണിക്കര്‍. വിനയന്‍ ഏറ്റവുമൊടുവില്‍ സംവിധാനം ചെയ്ത പത്തൊമ്പതാം നൂറ്റാണ്ട് താന്‍ കണ്ടെന്ന് ദിനേശ് പണിക്കര്‍ പറഞ്ഞു. വളരെ മനോഹരമായ സിനിമയാണ് അതെന്നും എന്നാല്‍ പ്രതീക്ഷിച്ച വിജയം നേടാന്‍ ചിത്രത്തിന് സാധിച്ചില്ലെന്നും ദിനേശ് കൂട്ടിച്ചേര്‍ത്തു.

സിജു വില്‍സണ്‍ എന്ന നടന്റെ കരിയറില്‍ ബ്രേക്ക് ത്രൂവാകേണ്ട കഥാപാത്രമായിരുന്നു അതെന്നും എന്നാല്‍ പല കാരണങ്ങള്‍ കൊണ്ട് അത് നടന്നില്ലെന്നും ദിനേശ് പണിക്കര്‍ പറഞ്ഞു. വിനയന്റെ നല്ല കാലത്ത് മമ്മൂട്ടിയെയോ മോഹന്‍ലാലിനെയോ വെച്ച് ചെയ്യേണ്ട സിനിമയായിരുന്നു അതെന്നും അങ്ങനെ ചെയ്തിരുന്നെങ്കില്‍ വലിയ വിജയമായേനെയെന്നും ദിനേശ് പണിക്കര്‍ കൂട്ടിച്ചേര്‍ത്തു.

ആ ചിത്രം നിര്‍മിച്ചത് ഗോകുലം സിനിമാസ് ആണെന്നും വളരെ നല്ല മേക്കിങ്ങാണ് അതിന്റേതെന്നും ദിനേശ് പറഞ്ഞു. താന്‍ ഇന്‍ഡസ്ട്രിയില്‍ എത്തിയ കാലം മുതല്‍ വിനയനെ അറിയാമെന്നും വളരെ അടുപ്പമുള്ള ഒരാളാണ് അദ്ദേഹമെന്നും ദിനേശ് പണിക്കര്‍ കൂട്ടിച്ചേര്‍ത്തു. മലയാളത്തില്‍ ഒരുപാട് ഫൈറ്റ് ചെയ്ത് നില്‍ക്കുന്നയാളാണ് വിനയനെന്നും ദിനേശ് പറഞ്ഞു. മാസ്റ്റര്‍ ബിന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ദിനേശ് പണിക്കര്‍ ഇക്കാര്യം പറഞ്ഞത്.

‘വിനയന്‍ ലാസ്റ്റ് ചെയ്ത പത്തൊമ്പതാം നൂറ്റാണ്ട് ഞാന്‍ കണ്ടിട്ടുണ്ടായിരുന്നു. റിലീസ് ചെയ്ത് ആദ്യത്തെ ആഴ്ച തന്നെ തിയേറ്ററില്‍ നിന്നാണ് ആ പടം ഞാന്‍ കണ്ടത്. വളരെ മനോഹരമായ സിനിമയാണത്. സിജു വില്‍സണ്‍ എന്ന നടന്റെ കരിയറില്‍ ബ്രേക്ക് ത്രൂ ആകേണ്ട ക്യാരക്ടറായിരുന്നു അത്. പക്ഷേ, അത് നടന്നില്ല എന്നത് സങ്കടകരമായ കാര്യമാണ്.

ഒരുപക്ഷേ, വിനയന്റെ നല്ല കാലത്ത് മമ്മൂട്ടിയെ വെച്ചോ മോഹന്‍ലാലിനെ വെച്ചോ ചെയ്യേണ്ട പടമായിരുന്നു അത്. അങ്ങനെയായിരുന്നെങ്കില്‍ വലിയ വിജയമായി മാറിയേനെ. ഗോകുലം സിനിമാസാണ് ആ പടം പ്രൊഡ്യൂസ് ചെയ്തത്. വളരെ നല്ല മേക്കിങ്ങായിരുന്നു അത്. എനിക്ക് ഒരുപാട് അടുപ്പമുള്ളയാളാണ് വിനയന്‍. മലയാളം ഇന്‍ഡസ്ട്രിയില്‍ ഒരുപാട് ഫൈറ്റ് ചെയ്ത് പിടിച്ചുനില്‍ക്കുന്നയാളാണ് വിനയന്‍,’ ദിനേശ് പണിക്കര്‍ പറഞ്ഞു.

Content Highlight: Dinesh Panicker says that he liked Pathonpatham Noottandu movie