| Saturday, 12th August 2023, 5:28 pm

'പത്തൊമ്പതാം നൂറ്റാണ്ട് മനോഹരമായ സിനിമ; പലരും തഴഞ്ഞിട്ടും ഉയിര്‍ത്തെഴുന്നേറ്റ് വന്നയാളാണ് വിനയന്‍'

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിനയന്‍ മനോഹരമായെടുത്ത സിനിമയാണ് ഇരുപതാം നൂറ്റാണ്ടെന്ന് നടന്‍ ദിനേഷ് പണിക്കര്‍. വിനയന്‍ ഫൈറ്റ് ചെയ്ത് വന്നയാളാണെന്നും ഒരുപാട് സ്ഥലത്ത് നിന്നും തഴയപ്പെട്ടിട്ടുണ്ടെന്നും ദിനേഷ് പണിക്കര്‍ പറഞ്ഞു. നല്ല ടേംസിലാണെങ്കില്‍ മോഹന്‍ലാലോ മമ്മൂട്ടിയോ ചെയ്യേണ്ട കഥാപാത്രമാണ് അദ്ദേഹം ഷിജു വിത്സന് നല്‍കിയതെന്നും മാസ്റ്റര്‍ ബിന്നിന് നല്‍കിയ അഭിമുഖത്തില്‍ ദിനേഷ് പറഞ്ഞു. അവാര്‍ഡ് നിര്‍ണയിക്കേണ്ടത് ജൂറിയാണെന്നും അവര്‍ എല്ലാ സിനിമയും കണ്ട് ഇതിനേക്കാള്‍ നന്നായി ചെയ്ത മറ്റൊന്നാണ് തോന്നാമെന്നും അദ്ദേഹം പറഞ്ഞു.

‘പത്തൊമ്പതാം നൂറ്റാണ്ട് വളരെ മനോഹരമായെടുത്തിരിക്കുന്ന സിനിമയാണ്. വിനയനെ എത്രയോ വര്‍ഷമായി എനിക്ക് അറിയാം. ഞാന്‍ സിനിമ മേഖലയില്‍ വന്ന മുതല്‍ എനിക്ക് വിനയനെ അറിയാം. അദ്ദേഹം ഫൈറ്റ് ചെയ്ത് ഇവിടെ നിന്ന മനുഷ്യനാണ്.

എത്രയോ വര്‍ഷം അദ്ദേഹത്തെ പലരും തഴഞ്ഞു. അതെല്ലാം പുല്ല് വില കല്‍പിച്ച് സ്വയം ഉയിര്‍ത്ത് എഴുന്നേറ്റ് വന്നയാളാണ്. അസോസിയേഷന്റെ തലപ്പത്ത് ഇരിക്കാന്‍ സാധിച്ചു. സ്വന്തമായി പല കേസും കൊടുത്ത് പല കാര്യങ്ങളും നേടിയെടുത്തു. അതിലൊക്കെ ഞാന്‍ അദ്ദേഹത്തെ ഇഷ്ടപ്പെടുന്നു.

ആദ്യത്തെ ദിവസം തന്നെ ഞാന്‍ തിയേറ്ററില്‍ പോയി സിനിമ കണ്ടതാണ്. ആ സിനിമ നന്നായി എടുത്തിട്ടുണ്ടെന്നാണ് എനിക്ക് തോന്നിയത്. ഷിജു വില്‍സന് ബ്രേക്ക് നല്‍കാനുള്ള കഥാപാത്രം കൊടുത്തു. അന്ന് നല്ല ടേംസിലാണെങ്കില്‍ ചിലപ്പോള്‍ മമ്മൂട്ടിയോ മോഹന്‍ലാലോ ചെയ്യേണ്ട കഥാപാത്രമാണത്. അത് ചെയ്തിരുന്നെങ്കില്‍ ആ സിനിമയുടെ തലയിലെഴുത്ത് ഇതാന്നും ആകുമായിരുന്നില്ല. കാരണം നല്ല നിര്‍മാതാവാണ് സിനിമയുടേത്.

പക്ഷേ അദ്ദേഹം ചെറിയ റിഫ്റ്റില്‍ നില്‍ക്കുന്നത് കൊണ്ട് ഷിജു വില്‍സണ് ബ്രേക്ക് കൊടുത്ത് കോടികള്‍ മുടക്കിയൊരു സിനിമയെടുത്തു. ആര്‍ട് ഡിപ്പാര്‍ട്‌മെന്റ് സൂപ്പര്‍ ആയിരുന്നു. ബാക്കി സിനിമകള്‍ ഞാന്‍ കണ്ടിട്ടില്ല.

ജൂറി മൊത്തം സിനിമ കണ്ടിട്ടാണ് പറയുന്നത്. ഇതുമായി താരതമ്യം ചെയ്യുമ്പോള്‍ വേറെ സിനിമകളില്‍ ഇതിനേക്കാള്‍ പ്രഗത്ഭമായി ആര്‍ട് ഡിപ്പാര്‍ട്‌മെന്റ് ചെയ്തുവെന്ന് അവര്‍ക്ക് തോന്നിയെങ്കില്‍ നമുക്ക് ഒന്നും പറയാന്‍ പറ്റില്ല. കാരണം അവരാണ് ജൂറി. അവരെ ഏല്‍പ്പിച്ചിരിക്കുന്നതാണ്.

പക്ഷേ വിനായന്‍ ചെയ്ത സിനിമ മനോഹരമായി ചെയ്തിട്ടുണ്ട്. ആര്‍ട് ഡിപ്പാര്‍മെന്റ് മോശമായിരുന്നുവെന്ന് ആരൊക്കെയോ കുറ്റം പറയുന്നതായി ഞാന്‍ കേട്ടു. എനിക്ക് അറിയില്ല അതിനെപ്പറ്റി. പക്ഷേ എന്റെയൊരു കാഴ്ചപ്പാടില്‍, ഒരു സാധാരണക്കാരന്‍ എന്ന നിലയില്‍ നല്ല ആര്‍ട് ഡിപ്പാര്‍ട്‌മെന്റായിരുന്നു സിനിമയുടേത്. അതിനേക്കാള്‍ മികച്ചതായി അവര്‍ക്ക് വേറെ സിനിമ തോന്നിയെങ്കില്‍, അവര്‍ ജൂറിയല്ലേ, അവര്‍ തീരുമാനിക്കട്ടെ,’ ദിനേഷ് പറഞ്ഞു.

എല്ലാ വര്‍ഷവും അവാര്‍ഡ് പ്രഖ്യാപിക്കുമ്പോള്‍ വിവാദമുണ്ടാകാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ ഏതെങ്കിലും അവാര്‍ഡ് നിര്‍ണയം പൂര്‍ണമായി അംഗീകരിച്ചിട്ടുണ്ടോയെന്നും ദിനേഷ് ചോദിക്കുന്നു.

‘എല്ലാ വര്‍ഷവും ഇത്തരം വിവാദങ്ങളുണ്ടാകും. ആ പടത്തിനേക്കാള്‍ ഈ പടം നന്നായിരുന്നു എന്ന വിവാദം വരാറുണ്ട്. ഒരു ജൂറിയെ ഏല്‍പ്പിച്ച് കഴിഞ്ഞാല്‍ പിന്നെയത് അവരുടെ തലയിലെഴുത്താണ്. അവിടെ എന്തെങ്കിലും പ്രശ്‌നമുണ്ടാകുമെന്ന് മനസില്‍ കണ്ടുകൊണ്ട് വേണം ആ വിധിയെഴുത്തിനെ നമ്മള്‍ അംഗീകരിക്കേണ്ടത്.

ഇതുവരെ ഏതെങ്കിലും ജൂറി നല്‍കിയ അവാര്‍ഡ് നിര്‍ണയം പൂര്‍ണമായും അംഗീകരിച്ചിട്ടുണ്ടോ. എനിക്ക് അവാര്‍ജഡില്ല, എന്റെ കൂട്ടുകാര്‍ക്കില്ല, ഞാന്‍ ഇഷ്ടപ്പെടുന്ന ആള്‍ക്കാര്‍ക്കില്ല എന്ന് ഞാന്‍ എന്റെ വിധിയെഴുത്താണ് പറയുന്നത്. അത് പോലെയായിരിക്കില്ല ജൂറിയുടെ തീരുമാനം. അവരെ ഏല്‍പ്പിച്ച സ്ഥിതിക്ക് അവര്‍ പറയട്ടെ,’ അദ്ദേഹം പറഞ്ഞു.

CONTENT HIGHLIGHTS: DINESH PANICKER ABOUT VINAYAN

We use cookies to give you the best possible experience. Learn more