നാലരപ്പതിറ്റാണ്ടായി മലയാളികളുടെ സ്വകാര്യ അഹങ്കാരമായി നിറഞ്ഞുനില്‍ക്കുന്ന നടനാണ് മോഹന്‍ലാല്‍. വില്ലനായി അരങ്ങേറിയ മോഹന്‍ലാല്‍ പിന്നീട് മലയാളസിനിമയുടെ താരസിംഹാസനം അലങ്കരിക്കുന്ന കാഴ്ചയാണ് കാണാന്‍ സാധിച്ചത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി മോഹന്‍ലാല്‍ പകര്‍ന്നാടാത്ത വേഷങ്ങളില്ല.
മോഹൻലാലിനെ കുറിച്ച് സംസാരിക്കുകയാണ് നടനും നിർമാതാവുമായ ദിനേശ് പണിക്കർ. 1989ല്‍ ‘കിരീടം’ എന്ന മോഹന്‍ലാല്‍ ചിത്രം നിര്‍മിച്ച് സിനിമാ രംഗത്തേക്ക് കടന്നുവന്ന വ്യക്തിയാണ് ദിനേശ് പണിക്കര്‍. മലയാളത്തില്‍ ഇതുവരെ ഒമ്പത് സിനിമകളാണ് അദ്ദേഹം നിര്‍മിച്ചത്. മോഹൻലാലിന്റെ കൃത്യനിഷ്ഠതയെ കുറിച്ച് സംസാരിക്കുകയാണ് ദിനേശ് പണിക്കർ.
മോഹൻലാൽ വളരെ ഡെഡിക്കേറ്റഡായിട്ടുള്ള ഒരാളാണെന്നും സമയത്തിനെല്ലാം വളരെ പ്രാധാന്യം കൊടുക്കുന്ന വ്യക്തിയാണെന്നും ദിനേശ് പണിക്കർ പറയുന്നു. പറഞ്ഞ സമയത്ത് കാര്യങ്ങൾ നടക്കാത്തത് മോഹൻലാലിന് അരോചകമായി തോന്നുന്ന കാര്യമാണെന്നും അദ്ദേഹം മാസ്റ്റർ ബിന്നിനോട് പറഞ്ഞു.
‘മോഹൻലാലിന്റെ ഏറ്റവും വലിയ പോസിറ്റീവ് എന്ന് പറയുന്നത് വളരെ ഡെഡിക്കേറ്റഡായിട്ട് സിനിമയെ അപ്രോച്ച് ചെയ്യുന്നു എന്നതാണ്. കാരണം രാവിലെ ഒരു ആറ് മണിക്ക് ഷോട്ട് വെക്കണമെന്ന് പറഞ്ഞാൽ ഇന്നത്തെ ഒരുവിധം താരങ്ങളൊന്നും അതിനെത്തില്ല.
എന്നാൽ മോഹൻലാലിനോട് പറഞ്ഞാൽ ആ കൃത്യം ടൈമിൽ അവിടയെത്തും. മോഹൻലാലിന്റെ ഛായമുഖി എന്ന നാടകം ഞാനായിരുന്നു ചെയ്തത്. അന്ന് ബാംഗ്ലൂരിലായിരുന്നു പരിപാടി. അന്ന് ഞങ്ങൾ ഒന്നിച്ചായിരുന്നു ബാംഗ്ലൂരിൽ താമസിക്കുന്നത്. രാവിലെ ഒമ്പത് മണിയാകുമ്പോൾ പോകാമെന്ന് പ്ലാൻ ചെയ്താണ് ഒരു ദിവസം ഞങ്ങൾ പിരിഞ്ഞത്.
രാവിലെ വിളിക്കണോയെന്ന് ലാലിനോട് ചോദിച്ചപ്പോൾ, വേണ്ട ഞാൻ അവിടെ ഉണ്ടാവുമെന്നാണ് അദ്ദേഹം പറഞ്ഞു. ഞാൻ അന്ന് റൂമിൽ നിന്ന് ഇറങ്ങാൻ 9.05 ആയി. ഞാൻ ചെല്ലുമ്പോൾ കാണുന്ന കാഴ്ച മോഹൻലാൽ അവിടെ നിൽക്കുന്നതാണ്.
പുള്ളി ദേഷ്യത്തോടെ എന്നെയൊന്ന് നോക്കി. എന്താണിത് പോകണ്ടേയെന്ന് ലാൽ ചോദിച്ചു. വണ്ടി ഇപ്പോൾ വരുമെന്ന് ഞാൻ പറഞ്ഞു. വണ്ടി വരാൻ വീണ്ടും ഒരു പത്ത് മിനിറ്റ് വൈകി. ഇതൊക്കെ പുള്ളിക്ക് ഒരു അരോചകമായി തോന്നുന്ന കാര്യമാണ്. കാരണം അത്രയും സത്യസന്ധമായി കൃത്യമായി കാര്യങ്ങളെ സമീപിക്കുന്ന വ്യക്തിയാണ് മോഹൻലാൽ,’ദിനേശ് പണിക്കർ പറയുന്നു.
Content Highlight: Dinesh Panicker About Mohanlal’s Punctuality