| Saturday, 16th November 2024, 1:42 pm

ക്യാമറക്ക് മുന്നിൽ കഥാപാത്രമായി അഭിനയിക്കുന്ന ലാലിന്റെ ഏറ്റവും വലിയ നെഗറ്റീവ് അതാണ്: ദിനേശ് പണിക്കർ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നാലരപ്പതിറ്റാണ്ടായി മലയാളികളുടെ സ്വകാര്യ അഹങ്കാരമായി നിറഞ്ഞുനില്‍ക്കുന്ന നടനാണ് മോഹന്‍ലാല്‍. വില്ലനായി അരങ്ങേറിയ മോഹന്‍ലാല്‍ പിന്നീട് മലയാളസിനിമയുടെ താരസിംഹാസനം അലങ്കരിക്കുന്ന കാഴ്ചയാണ് കാണാന്‍ സാധിച്ചത്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി മോഹന്‍ലാല്‍ പകര്‍ന്നാടാത്ത വേഷങ്ങളില്ല.

മോഹൻലാലിനെ കുറിച്ച് സംസാരിക്കുകയാണ് നടനും നിർമാതാവുമായ ദിനേശ് പണിക്കർ. 1989ല്‍ ‘കിരീടം’ എന്ന മോഹന്‍ലാല്‍ ചിത്രം നിര്‍മിച്ച് സിനിമാ രംഗത്തേക്ക് കടന്നുവന്ന വ്യക്തിയാണ് ദിനേശ് പണിക്കര്‍. മലയാളത്തില്‍ ഇതുവരെ ഒമ്പത് സിനിമകളാണ് അദ്ദേഹം നിര്‍മിച്ചത്. മോഹൻലാലിന്റെ ഒരു നെഗറ്റീവ് സ്വഭാവത്തെ കുറിച്ച് സംസാരിക്കുകയാണ് അദ്ദേഹം.

ഒന്ന് രണ്ടാളുകൾക്കൊപ്പം ഇരിക്കുമ്പോൾ മോഹൻലാലിന്റെ അത്ര രസികനായ ഒരു വ്യക്തി വേറെയില്ലെന്നും എന്നാൽ ആളുകൾ കൂടിയാൽ മോഹൻലാൽ ഉൾവലിയുമെന്നും ദിനേശ് പറയുന്നു. എന്നാൽ ക്യാമറക്ക് മുന്നിൽ എത്ര ആളുകൾ ഉണ്ടെങ്കിലും മോഹൻലാൽ വേറൊരാളായി അഭിനയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘ഒരു മൂന്നാല് പേരൊക്കെ ഇരിക്കുന്ന സ്ഥലത്താണെങ്കിൽ ലാലിന്റെ അത്രയും രസികനായ ഒരു വ്യക്തി വേറെയില്ല. ഒരു രണ്ടോ മൂന്നോ ആളുകളൊക്കെയായി ഇരിക്കുമ്പോൾ നല്ല രസമാണ് പുള്ളി.

പക്ഷെ ഒരു ആറോ അഞ്ചോ ആളുകൾ കൂടി കഴിഞ്ഞാൽ പുള്ളിയൊന്ന് ഉൾവലിയും. പിന്നെ ആ മനുഷ്യൻ വാ തുറക്കുന്നതൊക്കെ ഒന്ന് കുറയും. അതാണ് ലാലിന്റെ ഒരു നെഗറ്റീവ്. ആൾക്കൂട്ടത്തിൽ പോയാൽ പുള്ളി കുറച്ച് നാണക്കാരനാണ്.

ഇപ്പോഴും അങ്ങനെയാണ്. ആ സ്വഭാവം ഇപ്പോഴും പുള്ളിക്കുണ്ട്. പക്ഷെ അയാൾ ഒരു ക്യാമറയുടെ മുന്നിൽ വന്ന് നിൽക്കുമ്പോൾ അവിടെ അയ്യായിരം ആളുകൾ ഉണ്ടെങ്കിലും അവിടെ മോഹൻലാൽ വേറെയാളാണ്. പക്ഷെ വ്യക്തിപരമായി മോഹൻലാൽ വേറേ ഒരു രീതിയാണ്.

ഇപ്പോൾ ഒരു യോഗത്തിൽ പങ്കെടുക്കുമ്പോൾ പോലും മോഹൻലാൽ അധികം സംസാരിക്കുന്നത് നമ്മൾ കാണാറില്ലല്ലോ. അവിടെയൊക്കെ സംസാരിക്കാൻ ഒരു കുറവ് പുള്ളിക്കുണ്ട്. കാരണം ഇത്രയും വലിയൊരു മനുഷ്യനല്ലേ. പത്മ ശ്രീയും കേണലിമൊക്കെയായ വ്യക്തിയല്ലേ. പുള്ളിക്കും അദ്ദേഹത്തിന്റേതായ ഒരു പോരായ്മ ഉണ്ടാവുമല്ലോ,’ദിനേശ് പണിക്കർ പറയുന്നു.

Content Highlight: Dinesh Panicker About Mohanlal’s Character

We use cookies to give you the best possible experience. Learn more