Entertainment news
ഈ സിനിമയിലും ഹിറ്റ് ഗാനം വേണമെന്ന് മമ്മൂക്ക പറഞ്ഞു, പക്ഷെ ആ സിനിമ തന്നെ പരാജയപ്പെട്ടു: ദിനേശ് പണിക്കര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Mar 05, 10:01 am
Sunday, 5th March 2023, 3:31 pm

1999ല്‍ മമ്മൂട്ടിയെ നായകനാക്കി ടി.എസ്.ശിവറാവു സംവിധാനം ചെയ്ത സിനിമയാണ് സ്റ്റാലിന്‍ ശിവദാസ്. ചിത്രം നിര്‍മിച്ചത് ദിനേശ് പണിക്കാരായിരുന്നു. ചിത്രത്തിന്റെ പിന്നണികഥകള്‍ പങ്കുവെക്കുകയാണ് ദിനേശ് പണിക്കര്‍.

സിനിമയുടെ ഷൂട്ട് തുടങ്ങുന്നതിന് മുമ്പ് ദിനേശിന്റെ സിനിമയിലെ പാട്ടുകളെല്ലാം നല്ലതാണെന്നും ഈ സിനിമയിലും അത്തരത്തില്‍ പാട്ട് വേണമെന്നും മമ്മൂട്ടി പറഞ്ഞുവെന്ന് അദ്ദേഹം ഓര്‍ത്തെടുത്തു. എന്നാല്‍ അതൊരു പൊളിറ്റിക്കല്‍ സിനിമയായത് കൊണ്ട് തന്നെ സിനിമയില്‍ ഗാനങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘1999ലാണ് മമ്മൂക്കയെ നായകനാക്കി സ്റ്റാലിന്‍ ശിവദാസ് എന്ന സിനിമ ഞാന്‍ ചെയ്യുന്നത്. ദിനേശ് പണിക്കരുടെ എല്ലാ സിനിമയിലും പാട്ട് ഹിറ്റല്ലേ ഈ സിനിമയിലും അങ്ങനെ തന്നെ വേണ്ടേയെന്ന് തുടക്കത്തില്‍ തന്നെ മമ്മൂക്ക ചോദിച്ചിരുന്നു. ശരിക്കും പറഞ്ഞാല്‍ അഭിമാനം കൊണ്ട് ഞാന്‍ വേറെ ഏതോ ലെവലിലെത്തി.

ഞാന്‍ എടുത്തിരിക്കുന്ന സിനിമയിലെ പാട്ടുകള്‍ നല്ലതാണെന്ന് മമ്മൂക്ക വരെ ശ്രദ്ധിച്ചിരിക്കുന്നു. അതൊരു ക്രെഡിറ്റായി ഞാനെടുത്തു. പക്ഷെ അതൊരു രാഷ്ട്രീയ സിനിമയായിരുന്നു. അവിടെ പാട്ടിന് വലിയ പ്രാധാന്യമുണ്ടായിരുന്നില്ല. അതില്‍ ആകപ്പാടെ ഉണ്ടായിരുന്നത് ഒരു വിപ്ലവ ഗാനം മാത്രമായിരുന്നു.

വളരെ നല്ലൊരു ഗാനമായിരുന്നു അത്. പക്ഷെ സിനിമ ഓടാത്തത് കൊണ്ട് ഗാനവും അധികം ശ്രദ്ധിക്കപ്പെട്ടിട്ടില്ല. അല്ലെങ്കില്‍ പാര്‍ട്ടിക്ക് വരെ ഏറ്റെടുക്കാന്‍ കഴിയുന്ന ഗാനമായിരുന്നു അത്,’ ദിനേശ് പണിക്കര്‍ പറഞ്ഞു.

രാഷ്ട്രീയ പശ്ചാത്തലത്തില്‍ കഥ പറഞ്ഞ സിനിമയില്‍ മമ്മൂട്ടിക്ക് പുറമെ ജഗദീഷ്, ശങ്കര്‍, ശ്രീജയ നായര്‍, ഖുശ്ബു തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

content highlight: dinesh panicker about mammootty movie staline sivadas