കോടിയേരിക്കെതിരെ ആരോപണം ഉന്നയിച്ചിട്ടില്ല; നിയമ നടപടികളുമായി മുന്നോട്ടുപോകും: ദിനേശ് മേനോന്‍
Kerala News
കോടിയേരിക്കെതിരെ ആരോപണം ഉന്നയിച്ചിട്ടില്ല; നിയമ നടപടികളുമായി മുന്നോട്ടുപോകും: ദിനേശ് മേനോന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 3rd October 2019, 8:00 pm

തിരുവനന്തപുരം: മാണി സി കാപ്പനാണ് 3.5 കോടി നല്‍കിയതെന്നും കോടിയേരിയുടെ പേര് താന്‍ പറഞ്ഞിട്ടില്ലെന്നും മുംബൈ മലയാളി വ്യവസായി ദിനേശ് മേനോന്‍. കാപ്പന്‍ സി.ബി.ഐക്ക് നല്‍കിയ മൊഴി തന്നെയാണ് താന്‍ പുറത്തു വിട്ടതെന്നും ദിനേശ് മേനോന്‍ പറഞ്ഞു.

കോടിയേരി ബാലകൃഷ്ണനെ ഭീഷണിപ്പെടുത്താന്‍ മാണി സി കാപ്പന് ഉദ്ദേശമുണ്ടായിരുന്നിരിക്കാം എന്നും ദിനേശ് മേനോന്‍ പറഞ്ഞു. മാതൃഭൂമി ന്യൂസിനോടായിരുന്നു ദിനേശ് മേനോന്റെ പ്രതികരണം.

കണ്ണൂര്‍ വിമാനത്താവളക്കമ്പനിയുടെ 16 ശതമാനം ഓഹരി വാഗ്ദാനം ചെയ്ത് മാണി സി കാപ്പന്‍ 3.5 കോടി കൈപ്പറ്റിയെന്ന് ദിനേശ് മേനോന്‍ പറഞ്ഞു. തിരികെ നല്‍കിയത് 25 ലക്ഷം രൂപ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ബാക്കി തുകയ്ക്ക് ചെക്ക് നല്‍കിയെന്നും എന്നാല്‍ അവ കാശില്ലാതെ മടങ്ങുകയായിരുന്നു. പണം നല്‍കാന്‍ കഴിയാതായപ്പോള്‍ കുമരകത്തുള്ള രണ്ടേക്കര്‍ ഭൂമി തരാമെന്ന് പറഞ്ഞ് പറ്റിച്ചെന്നും ദിനേശ് പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കോടിയേരി ബാലകൃഷ്ണനെ ഒരു തവണ മാത്രമാണ് കണ്ടിട്ടുള്ളത്. ഒരു രൂപ പോലും കോടിയേരിക്ക് നല്‍കിയിട്ടില്ല. കോടിയേരിയുടെ പേര് സി.ബി.ഐക്ക് നല്‍കിയ മൊഴിയില്‍ കാപ്പന്‍ പറഞ്ഞതിനു പിന്നില്‍ എന്തെങ്കിലും ലക്ഷ്യമുണ്ടാവുമെന്നും ദിനേശ് വ്യക്തമാക്കി.

മാണി സി കാപ്പനെതിരെ എന്‍.സി.പിയുടെ സംസ്ഥാന അധ്യക്ഷനായ പീതാംബരന്‍ മാസ്റ്ററോട് പരാതിപ്പെട്ടപ്പോള്‍ പാര്‍ട്ടിയുടെ ട്രഷറര്‍ എങ്ങനെയാണ് പണം ഉണ്ടാക്കുന്നതെന്ന് തനിക്ക് അറിയില്ലെന്നായിരുന്നു പീതാംബരന്‍ മാസ്റ്ററുടെ മറുപടിയെന്നും ദിനേശ് മേനോന്‍ പറഞ്ഞു.

കാപ്പനെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കുന്നില്ല. നിയമ നടപടികളുമായി മുന്നോട്ടു പോകും ദിനേശ് വ്യക്തമാക്കി.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ നടക്കുന്ന ആരോപണങ്ങളില്‍ കഴമ്പില്ലെന്ന് കോടിയേരിയും വ്യക്തമാക്കിയിരുന്നു. ഷിബു ബേബി ജോണ്‍ പുറത്തുവിട്ടത് വ്യാജ മൊഴിയാണെന്ന് മാണി സി കാപ്പന്‍ ആരോപിച്ചിരുന്നു. ഇതിനു മറുപടിയായി ഷിബു ബേബി ജോണ്‍ നേരത്തെ രംഗത്തെത്തിയിരുന്നു.