മോശം സ്‌കോര്‍ ഒരിക്കലും സഞ്ജുവിനെ മോശം കളിക്കാരനാക്കില്ല, അവന്‍ തീയാണ്; പിന്തുണയുമായി ദിനേശ് കാര്‍ത്തിക്
Sports News
മോശം സ്‌കോര്‍ ഒരിക്കലും സഞ്ജുവിനെ മോശം കളിക്കാരനാക്കില്ല, അവന്‍ തീയാണ്; പിന്തുണയുമായി ദിനേശ് കാര്‍ത്തിക്
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 1st August 2024, 5:40 pm

ശ്രീലങ്കയ്ക്ക് എതിരായ മൂന്ന് ടി-20 മത്സരങ്ങള്‍ അടങ്ങുന്ന പരമ്പര ഇന്ത്യ തൂത്തുവാരിയിരുന്നു. അവസാന മത്സരത്തില്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ നേതൃത്വത്തില്‍ സൂപ്പര്‍ ഓവറിലാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്.

മത്സരത്തില്‍ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിന് മികച്ച പ്രകടനം നടത്താന്‍ സാധിച്ചിരുന്നില്ല. റണ്‍സ് ഒന്നും നേടാതെയാണ് സഞ്ജു പുറത്തായത്. ലങ്കന്‍ താരം ചമിന്തു വിക്രമസിംഹേയുടെ പന്തില്‍ ഹസരങ്കക്ക് ക്യാച്ച് നല്‍കിയാണ് സഞ്ജു മടങ്ങിയത്. രണ്ടാം ടി-20 മത്സരത്തിലും സഞ്ജു പൂജ്യം റണ്‍സിന് പുറത്തായിരുന്നു.

എന്നാല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ സഞ്ജു സാംസണിന് അവസരങ്ങള്‍ ലഭിക്കാത്തതിനെക്കുറിച്ച് സംസാരിച്ച് രംഗത്ത് വന്നിരിക്കുകയാണ് ദിനേഷ് കാര്‍ത്തിക്. ക്രിക്ബസിലെ ഒരു ഡിസ്‌കഷനില്‍ സംസാരിക്കുകയായിരുന്നു മുന്‍ താരം. റിഷബ് പന്തിനെപ്പോലെ ഒരു മികച്ച വിക്കറ്റ് കീപ്പര്‍ ഉള്ളത് സാംസണിന് തുടര്‍ച്ചയായ അവസരങ്ങള്‍ ലഭിക്കുന്നത് ബുദ്ധിമുട്ടാക്കുന്നുവെന്ന് കാര്‍ത്തിക് കരുതുന്നു.

‘നിങ്ങള്‍ക്ക് പന്തിനെപ്പോലെ ഒരാളുണ്ട്, ടി-20 ക്രിക്കറ്റില്‍ അദ്ദേഹം മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. എന്നാല്‍ ഞാന്‍ നിങ്ങളോട് ഒരു കാര്യം പറയാം. സഞ്ജു സാംസണ്‍ ഒരു പോരാളിയാണ്. അവസരം ലഭിച്ചാല്‍ അവന്‍ അസാമാന്യ പ്രകടനം പുറത്തെടുക്കും. അത് ഉറപ്പാണ്’ കാര്‍ത്തിക് പറഞ്ഞു.

മോശം സ്‌കോര്‍ സാംസണെ ഒരിക്കലും ഒരു മോശം കളിക്കാരനാക്കില്ലെന്നും സഞ്ജു എപ്പോഴും ഒരു പ്രത്യേക കളിക്കാരനായി തുടരുമെന്നും കാര്‍ത്തിക് വിശ്വസിക്കുന്നുണ്ട്. ഭാവിയില്‍ സഞ്ജു ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനം നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.

‘ടി-20യില്‍ അവനൊരു മോശം പരമ്പര ഉണ്ടായി എന്നതിന്റെ അര്‍ഥം അവന്‍ ഒരു മോശം താരം ആണെന്ന് അല്ല. അവന്‍ ഒരു പ്രത്യേക കളിക്കാരനാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. അവന്‍ സാഹചര്യങ്ങള്‍ നന്നായി കൈകാര്യം ചെയ്യുന്ന ഒരാളാണ്. അദ്ദേഹത്തിന് ശോഭനമായ ഭാവിയുണ്ട്. ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കും,’ കാര്‍ത്തിക് കൂട്ടിച്ചേര്‍ത്തു.

 

Content Highlight: Dinesh Kartik Talking About Sanju Samson