'പ്രതീക്ഷിക്കുന്നതിലും വേഗം ഇന്ത്യന്‍ ടീമിലെത്തും, അവനല്ലാതെ മറ്റൊരു ഓപ്ഷനെ കുറിച്ച് ചര്‍ച്ച പോലുമില്ല'
Sports News
'പ്രതീക്ഷിക്കുന്നതിലും വേഗം ഇന്ത്യന്‍ ടീമിലെത്തും, അവനല്ലാതെ മറ്റൊരു ഓപ്ഷനെ കുറിച്ച് ചര്‍ച്ച പോലുമില്ല'
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 1st January 2024, 8:39 pm

 

സൂപ്പര്‍ താരം സര്‍ഫറാസ് ഖാന്‍ ഉടന്‍ തന്നെ ഇന്ത്യന്‍ ടീമിന്റെ ഭാഗമാകുമെന്ന് ദിനേഷ് കാര്‍ത്തിക്. മധ്യനിരയില്‍ സര്‍ഫറാസ് അല്ലാതെ മറ്റൊരു ഓപ്ഷനും ഇന്ത്യക്ക് മുമ്പില്‍ ഇല്ലെന്നും ദിനേഷ് കാര്‍ത്തിക് അഭിപ്രായപ്പെട്ടു.

സര്‍ഫറാസിന് പുറമെ രജത് പാടിദറും ഉടന്‍ തന്നെ ഇന്ത്യക്കായി കളത്തിലിറങ്ങുമെന്നും ദിനേഷ് കാര്‍ത്തിക് പറഞ്ഞു. ക്രിക്ബസ്സിലെ ഒരു പരിപാടിക്കിടെയാണ് ദിനേഷ് കാര്‍ത്തിക് ഇക്കാര്യം പറഞ്ഞത്.

‘മധ്യനിരയിലെ ഏക ഓപ്ഷന്‍ സര്‍ഫറാസ് ഖാനാണ്. അവന്‍ പ്രതീക്ഷിക്കുന്നതിലും വേഗത്തില്‍ ടീമില്‍ ഇടം പിടിക്കാന്‍ സര്‍ഫറാസിന് സാധിക്കുമെന്ന് എനിക്ക് വിശ്വാസമുണ്ട്.

ഇപ്പോള്‍ മധ്യനിരയില്‍ മറ്റൊരു പേരും ഉയര്‍ന്നുകേള്‍ക്കുന്നില്ല. രജത് പാടിദാറാണ് ടീമില്‍ ഇടം നേടാന്‍ സാധ്യത കല്‍പിക്കുന്ന മറ്റൊരു സൂപ്പര്‍ താരം. വൈകാതെ തന്നെ ടീം അവനെ പരിഗണിക്കുമെന്നാണ് ഞാന്‍ കരുതുന്നത്,’ ദിനേഷ് കാര്‍ത്തിക് പറഞ്ഞു.

ഇന്ത്യ – സൗത്ത് ആഫ്രിക്ക ടെസ്റ്റ് പരമ്പരക്ക് മുന്നോടിയായി നടന്ന ഇന്‍ട്രാ സ്‌ക്വാഡ് മത്സരത്തില്‍ വെടിക്കെട്ട് സെഞ്ച്വറി നേടിയാണ് സര്‍ഫറാസ് തിളങ്ങിയത്. 61 പന്തിലാണ് താരം സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.

ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് വിളി കാത്ത് ഏറെ നാളായി സര്‍ഫറാസ് കാത്തിരിക്കുകയാണ്. എന്നാല്‍ ഇതുവരെ അദ്ദേഹത്തിന് അവസരം നല്‍കിയിട്ടില്ല.

ആഭ്യന്തര ക്രിക്കറ്റില്‍ സ്ഥിരതയോടെ തിളങ്ങിയിട്ടും സര്‍ഫറാസിനെതിരെ സെലക്ടര്‍മാര്‍ മുഖം തിരിക്കുകയാണ്. ഇതിന്റെ നിരാശ പരസ്യമായിത്തന്നെ സര്‍ഫറാസ് വ്യക്തമാക്കിയിട്ടുമുണ്ട്.

ആഭ്യന്തര തലത്തില്‍ തകര്‍പ്പന്‍ പ്രകടനമാണ് സര്‍ഫറാസ് കാഴ്ചവെക്കുന്നത്. 42 ഫസ്റ്റ് ക്ലാസ് മത്സരത്തിലെ 62 ഇന്നിങ്‌സില്‍ നിന്നും 70.98 എന്ന തകര്‍പ്പന്‍ ശരാശരിയില്‍ 3,691 റണ്‍സാണ് താരം സ്വന്തമാക്കിയത്. 13 സെഞ്ച്വറിയും പത്ത് അര്‍ധ സെഞ്ച്വറിയും നേടിയ സര്‍ഫറാസിന്റെ ഉയര്‍ന്ന സ്‌കോര്‍ 301* ആണ്.

ആഭ്യന്തര തലത്തില്‍ രജത് പാടിദാറും മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. 89 ഇന്നിങ്‌സില്‍ നിന്നും 45.57 ശരാശരിയില്‍ 3,828 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം.

ഫസ്റ്റ് ക്ലാസില്‍ 11 സെഞ്ച്വറിയും 22 ഇരട്ട സെഞ്ച്വറിയും നേടി പാടിദാറിന്റെ ഉയര്‍ന്ന സ്‌കോര്‍ 196 ആണ്.

ഏകദിനത്തില്‍ പാടിദാര്‍ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചിട്ടുമുണ്ട്. ഒറ്റ മത്സരത്തില്‍ മാത്രമാണ് പാടിദാര്‍ ഇന്ത്യക്കായി കളിച്ചത്.

ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ സീരീസ് ഡിസൈഡര്‍ മത്സരത്തില്‍ ഓപ്പണറായാണ് പാടിദാര്‍ ഇറങ്ങിയത്. മൂന്ന് ഫോറും ഒരു സിക്‌സറും ഉള്‍പ്പടെ 16 പന്തില്‍ 22 റണ്‍സാണ് താരം നേടിയത്.

 

Content Highlight: Dinesh Kartik says Sarfaraz Khan will join Indian squad soon