ഐ.പി.എല്ലില്‍ നിന്ന് ഔദ്യോഗികമായി വിരമിക്കല്‍ പ്രഖ്യാപിച്ച് ദിനേശ് കാര്‍ത്തിക്. 2024 സീസണ്‍ അവസാനത്തോടെ താന്‍ ഐ.പി.എല്ലില്‍ നിന്നും വിരമിക്കുമെന്ന് ഡി.കെ നേരത്തെ പറഞ്ഞിരുന്നു. എലിമിനേറ്ററില്‍ ബെംഗളൂരു രാജസ്ഥാനോട് തോല്‍വി വഴങ്ങിയ ശേഷം കളിക്കളം വിടുന്ന താരത്തിന്റെ വീഡിയോ വൈറല്‍ ആയിരുന്നു.
ഇപ്പോള്‍ തന്റെ എക്‌സ് അക്കൗണ്ടിലൂടെയാണ് ദിനേശ് ഔദ്യോഗികമായ വിരമിക്കല്‍ അറിയിച്ചത്.
2024 ഐ.പി.എല്‍ സീസണില്‍ ബെംഗളൂരുവിന് വേണ്ടി 15 മത്സരങ്ങളില്‍ നിന്നും 326 റണ്‍സ് ആണ് ദിനേഷ് കാര്‍ത്തിക് അടിച്ചെടുത്തത്. അതില്‍ നിര്‍ണായകമായ 83 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും താരം ടീമിന് വേണ്ടി നേടിയിരുന്നു. 36.22 എന്ന ആവറേജില്‍ 187.36 എന്ന കിടിലന്‍ സ്ട്രൈക്ക് റേറ്റില്‍ ആയിരുന്നു കാര്‍ത്തിക് ബാറ്റ് വീശിയത്. രണ്ട് ഫിഫ്റ്റിയും 27 ഫോറും 22 സിക്സും താരം സീസണില്‍ സ്വന്തമാക്കിയിട്ടുണ്ട്.
2008ലാണ് കാര്‍ത്തിക് തന്റെ ഐ.പി.എല്‍ കരിയര്‍ തുടങ്ങിയത്. ഇതുവരെ ഐ.പി.എല്ലില്‍ 257 മത്സരങ്ങളിലെ 234 ഇന്നിങ്സില്‍ നിന്നും 4842 റണ്‍സ് ആണ് താരം അടിച്ചെടുത്തത്. അതില്‍ 97 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും താരം നേടിയിട്ടുണ്ട്. ഇതുവരെ സെഞ്ച്വറികള്‍ നേടാന്‍ സാധിച്ചില്ലെങ്കിലും 22 അര്‍ധ സെഞ്ച്വറി താരം നേടിയിട്ടുണ്ട്.
അതേസമയം ദ്രാവിഡിന്റെ കീഴില്‍ ഇന്ത്യ ലോകകപ്പിന് ഒരുങ്ങുമ്പോള്‍ ഏവരും പ്രതീക്ഷയിലാണ്. 2023 ഏകദിന ലോകകപ്പില്‍ ഇന്ത്യയെ ദ്രാവിഡ് ഫൈനലില്‍ എത്തിച്ചിരുന്നു. നീണ്ട 17 വര്‍ഷങ്ങള്‍ക്ക് ശേഷം ടി-20 ലോക കിരീടം രോഹിത്തിന്റെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ നേടിയെടുക്കുമെന്ന് തന്നെയാണ് ആരാധകര്‍ ഉറച്ചു വിശ്വസിക്കുന്നത്. 2007ല്‍ എം.എസ് ധോണിയുടെ നേതൃത്വത്തിലാണ് ഇന്ത്യ അവസാനമായി ടി-20 ലോകകപ്പ് നേടിയത്.
Content Highlight: Dinesh Kartik officially Retire In IPL