| Monday, 28th October 2024, 5:28 pm

തോല്‍വിയുടെ ഉത്തരവാദിത്തം അവരുടേതാണ്, അതില്‍ നിന്ന് ഒളിച്ചോടാനാവില്ല; വിമര്‍ശനവുമായി ദിനേശ് കാര്‍ത്തിക്

സ്പോര്‍ട്സ് ഡെസ്‌ക്

ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം ടെസ്റ്റിലും ഇന്ത്യ അമ്പരപ്പിക്കുന്ന തോല്‍വിയായിരുന്നു ഏറ്റുവാങ്ങിയത്. ഇതോടെ പരമ്പരയില്‍ 2-0ന് കിവീസാണ് മുന്നില്‍. ഇന്ത്യയുടെ തോല്‍വിയെത്തുടര്‍ന്ന് പല മുന്‍ താരങ്ങളും ടീമിലെ സീനിയര്‍ താരങ്ങളെ വിമര്‍ശിച്ചിരുന്നു. ഇപ്പോള്‍ മുന്‍ ഇന്ത്യന്‍ താരം ദിനേശ് കാര്‍ത്തിക്കും വിരാട് കോഹ്‌ലി, രോഹിത് ശര്‍മ, ആര്‍. അശ്വിന്‍, രവീന്ദ്ര ജെഡേജ തുടങ്ങിയ താരങ്ങളെ വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുകയാണ്.

സീനിയര്‍ താരങ്ങളുടെ മോശം പ്രകടനത്തെക്കുറിച്ച് ദിനേശ് കാര്‍ത്തിക് പറഞ്ഞത്

‘തോല്‍വിയുടെ ഉത്തരവാദിത്തം അവരുടേതാണ്. അവരുടെ പരാജയങ്ങളില്‍ നിന്ന് അവര്‍ക്ക് ഒളിച്ചോടാന്‍ കഴിയില്ല. ടീമിന്റെ വിജയത്തിന്റെ ക്രെഡിറ്റ് അവര്‍ക്കെടുക്കാമെങ്കില്‍ പരാജയങ്ങളില്‍ അവരെ കുറ്റപ്പെടുത്തേണ്ടതുണ്ട്. അതിനെ നേരിടാനുള്ള ധൈര്യം അവര്‍ക്കുണ്ടെന്ന് ഞാന്‍ കരുതുന്നു. നിങ്ങള്‍ അവരോട് വ്യക്തിപരമായി ചോദിച്ചാല്‍ അവര്‍ക്ക് വലിയ കാര്യങ്ങള്‍ പറയാനില്ല.

മുന്നോട്ടുള്ള വഴിയെക്കുറിച്ചും ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ എന്തുചെയ്യാനാകുമെന്നും അവരോട് ചോദിക്കേണ്ടതുണ്ട്. എനിക്ക് അവരെ വ്യക്തിപരമായി അറിയാം, അവര്‍ക്ക് മികച്ച പരമ്പരകള്‍ ഉണ്ടായിരുന്നില്ലെന്ന് അവര്‍ തന്നെ സമ്മതിക്കും. അവര്‍ മെച്ചപ്പെടാന്‍ എന്താണ് ചെയ്യേണ്ടതെന്ന ചോദ്യം ഉയര്‍ന്നുവരുന്നു,’ ദിനേശ് കാര്‍ത്തിക് പറഞ്ഞു.

രോഹിത്, വിരാട് തുടങ്ങിയ സീനിയര്‍ താരങ്ങളുടെ മോശം പ്രകടനം

മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി മോശം പ്രകടനം കാഴ്ചവെച്ചാണ് സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്ലിയും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും മടങ്ങിയത്. ആദ്യ ഇന്നിങ്സില്‍ രോഹിത് പൂജ്യം റണ്‍സിന് മടങ്ങിയപ്പോള്‍ വിരാട് ഒരു റണ്‍സും രണ്ടാം ഇന്നിങ്സില്‍ രോഹിത് എട്ട് റണ്‍സ് നേടിയപ്പോള്‍ വിരാട് 17 റണ്‍സുമാണ് നേടിയത്. ക്യാപ്റ്റനെന്ന നിലയില്‍ സ്വന്തം തട്ടകത്തില്‍ 15 മത്സരങ്ങളില്‍ രോഹിത്തിന്റെ നാലാമത്തെ തോല്‍വി കൂടിയാണിത്.

മാത്രമല്ല ആര്‍. അശ്വിന്‍ രവീന്ദ്ര ജഡേജ എന്നിവര്‍ക്ക് പ്രതീക്ഷിച്ച പോലെ മികച്ച പ്രകടനം കാഴ്ചവെച്ച് വിക്കറ്റ് നേടാനോ റണ്‍സ് സ്‌കോര്‍ ചെയ്യാനോ സാധിച്ചിരുന്നില്ല.


മത്സരത്തിലെ ആദ്യ ഇന്നിങ്‌സില്‍ കിവീസ് ഉയര്‍ത്തിയത് 259 റണ്‍സായിരുന്നു. എന്നാല്‍ തുടര്‍ ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയെ സ്പിന്‍ തന്ത്രം കൊണ്ട് 156 റണ്‍സിന് കിവികള്‍ തകര്‍ക്കുകയായിരുന്നു. ശേഷം രണ്ടാം ഇന്നിങ്‌സില്‍ കിവീസ് 255 റണ്‍സാണ് നേടിയത്.

ശേഷം 359 റണ്‍സിന്റെ ടാര്‍ഗറ്റിന് ഇറങ്ങിയ ഇന്ത്യയ്ക്ക് 245 റണ്‍സ് നേടി സ്വന്തം മണ്ണില്‍ തോല്‍വി വഴങ്ങാനാണ് സാധിച്ചത്. 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യ ഒരു ഹോം ടെസ്റ്റ് സീരിസില്‍ പരാജയപ്പെടുന്നത്.

Content Highlight: Dinesh Kartik Criticize Indian Senior Players

We use cookies to give you the best possible experience. Learn more