ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ആദ്യ ടെസ്റ്റില്‍ മികച്ച ബാറ്റിങ്ങാണ് അരങ്ങേറ്റക്കാരനായ യശസ്വി ജെയ്‌സ്വാള്‍ കാഴ്ചവെച്ചത്. മൂന്നാം ദിനമാണ് ജെയ്‌സ്വാളിനെ വിന്‍ഡീസ് ബൗളര്‍മാര്‍ക്ക് തളക്കാന്‍ സാധിച്ചത്. 387 പന്തില്‍ 16 ഫോറും ഒരു സിക്‌സറുമടക്കം 171 റണ്‍സാണ് ജെയ്‌സ്വാള്‍ നേടിയത്.
ടെസ്റ്റ് അരങ്ങേറ്റത്തില്‍ സെഞ്ച്വറി നേടുന്ന 17ാമത്തെ ഇന്ത്യന്‍ താരമാണ് ജെയ്‌സ്വാള്‍. 150 റണ്‍സ് നേടുന്ന ഇന്ത്യന്‍ മൂന്നാമത്തെ താരവുമാണ് അദ്ദേഹം. ഓപ്പണിങ് ബാറ്ററായ ശിഖര്‍ ധവാനും ഇന്ത്യന്‍ നായകനായ രോഹിത് ശര്‍മയുമാണ് ഇതിന് മുമ്പ് അരങ്ങേറ്റത്തില്‍ 150 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്ത താരങ്ങള്‍.
ആദ്യ ദിനം തൊട്ട് വിന്‍ഡീസ് ബൗളര്‍മാരെ ക്ഷമയോടെയാണ് അദ്ദേഹം നേരിട്ടത്. ജെയ്‌സ്വാളിന്റെ ഈ ഇന്നിങ്‌സിനെ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായ ദിനേശ് കാര്‍ത്തിക്ക് വിശേഷിപ്പിക്കുന്നത് ‘റിമെംബര്‍ ദി നെയിം’ എന്നാണ്. 2016 ട്വന്റി-20 ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ അവസാന ഓവറില്‍ നാല് സിക്‌സറടിച്ച് മത്സരം വിജയിപ്പിച്ച കാര്‍ലോസ് ബ്രാത്‌വെയ്റ്റിനെ വര്‍ണിക്കാന്‍ അന്ന് ഇയാന്‍ ബിഷപ്പ് ഉപയോഗിച്ച വാക്കുകളായിരുന്നു ഇത്.
സോഷ്യല്‍ മീഡിയയിലും ക്രിക്കറ്റ് ആരാധകരുടെ ഇടയിലും ഏറെ ചര്‍ച്ചയായ വാചകങ്ങളായിരുന്നു ഇത്. ഇപ്പോഴിതാ അതേ വാക്കുകളാണ് ജെയ്‌സ്വാളിനെ പുകഴ്ത്താന്‍ ദിനേഷ് കാര്‍ത്തിക്ക് ഉപയോഗിച്ചിരിക്കുന്നത്. രണ്ടാം ദിനം മത്സരം അവസാനിച്ചതിന് ശേഷമാണ് കാര്‍ത്തിക്ക് ഇക്കാര്യം പറയുന്നത്.
ജെയ്‌സ്വാള്‍ ഒരു പ്രതിഭയാണെന്നും ഭാവിയില്‍ വലിയ താരമാകുമെന്നും അദ്ദേഹം പറയുന്നു. ഒരുപാട് ഷോട്ടുകള്‍ കളിക്കാന്‍ സാധിക്കുന്നതും അതുപോലെ റണ്‍സിന് വേണ്ടിയുള്ള ദാഹവുമാണ് അവനെ സ്‌പെഷ്യലാക്കുന്നതെന്നും കാര്‍ത്തിക്ക് പറഞ്ഞു.
‘ജെയ്‌സ്വാളിനെ കുറിച്ച് പറയുകയാണെങ്കില്‍ ഇയാന്‍ ബിഷപ്പ് സാറിന്റെ വാക്കുകള്‍ പോലെ നമുക്ക് ‘റിമംബര്‍ ദി നെയിം’ എന്ന് പറയാമെന്ന് ഞാന്‍ കരുതുന്നു. അവന്‍ ഒരു സ്‌പെഷ്യല്‍ പ്ലെയറാകുമെന്നതില്‍ എനിക്ക് സംശയമില്ല. ഷോട്ടുകള്‍, റേഞ്ച്, ടെമ്പര്‍മെന്റ്, എന്നിവയോടൊപ്പം റണ്‍സ് നേടാനുള്ള ദാഹവും അവനെ സവിശേഷമാക്കും,’ കാര്‍ത്തിക്ക് പറഞ്ഞു.
അതേസമയം മൂന്നാം ദിനം കളി പുരോഗമിക്കുമ്പോള്‍ ഇന്ത്യ 364/4 എന്ന നിലയിലാണ്. അര്‍ധ സെഞ്ച്വറിയുമായി വിരാട് കോഹ്‌ലിയും പുതിയ ബാറ്ററായ ജഡേജയുമാണ് ക്രീസില്‍. നിലവില്‍ ഇന്ത്യക്ക് 214 റണ്‍സിന്റെ ലീഡുണ്ട്.