ക്രിക്കറ്റ് ആരാധകരെ വീണ്ടും വീണ്ടും ഞെട്ടിക്കുകയാണ് വെറ്ററന്‍ സൂപ്പര്‍ കാരം ദിനേഷ് കാര്‍ത്തിക്. മൂന്ന് വിവിധ ടൂര്‍ണമെന്റുകളിലായി രണ്ട് വ്യത്യസ്ത ടീമുകള്‍ക്കൊപ്പം അഞ്ചോളം റോളാണ് ഈ 39കാരന്‍ നിര്‍വഹിക്കുന്നത്.
ഇതില്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് എന്ന ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനൊപ്പം രണ്ട് വിവിധ റോളിലാണ് താരമെത്തുന്നത്. കളിമതിയാക്കിയെങ്കിലും കളിയടവ് പഠിപ്പിക്കാനാണ് താരമെത്തുന്നത്. ആര്‍.സി.ബിയുടെ ബാറ്റിങ് കോച്ച്, മെന്റര്‍ എന്നീ റോളിലാണ് താരം ഐ.പി.എല്‍ 2025നൊരുങ്ങുന്നത്.
ഐ.പി.എല്‍ 2024ല്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ വിക്കറ്റ് കീപ്പര്‍ റോളിലിരിക്കവെയാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. റോയല്‍ ചലഞ്ചേഴ്‌സ് എലിമിനേറ്ററില്‍ പുറത്തായതിന് പിന്നാലെയായിരുന്നു ഡി.കെയുടെ പടിയിറക്കം.
ഐ.പി.എല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാള്‍ എന്ന ലെഗസിയോടെയാണ് ദിനേഷ് കാര്‍ത്തിക് വിടവാങ്ങിയത്. ഐ.പി.എല്‍ ചരിത്രത്തില്‍ ധോണിക്ക് ശേഷം ഏറ്റവുമധികം മത്സരം കളിച്ച താരമെന്ന നേട്ടവും താരം സ്വന്തമാക്കിയിരുന്നു.
ദല്‍ഹി ഡെയര്‍ഡെവിള്‍സ്, ഗുജറാത്ത് ലയണ്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, കിങ്‌സ് ഇലവന്‍ പഞ്ചാബ്, മുംബൈ ഇന്ത്യന്‍സ്, റോയല്‍ ചലഞ്ചേഴ്‌സ് എന്നിവര്‍ക്കൊപ്പം 257 മത്സരങ്ങളിലാണ് ഡി.കെ കളത്തിലിറങ്ങിയത്.
26.31 ശരാശരിയില്‍ 4,842 റണ്‍സാണ് ഐ.പി.എല്ലില്‍ ഡി.കെയുടെ സമ്പാദ്യം. ഇതിനൊപ്പം 145 ക്യാച്ചും 37 സ്റ്റംപിങ്ങും താരം നടത്തിയിട്ടുണ്ട്.
ഐ.പി.എല്ലില്‍ പരിശീലകന്റെ റോളിലാണെങ്കില്‍ ദി ഹണ്‍ഡ്രഡില്‍ കമന്റേറ്ററുടെ റോളിലാണ് കാര്‍ത്തിക്കെത്തുന്നത്. ഇംഗ്ലണ്ടിന്റെ കണ്ടെത്തലായ കുട്ടിക്രിക്കറ്റിന്റെ ആവേശം ആരാധകരിലേക്കെത്തിക്കുകയാണ് താരമിപ്പോള്‍.
ഇതിനിടെയാണ് താരം പുതിയ ചുമതലയേറ്റെടുത്തത്. ഐ.പി.എല്ലിന്റെ സൗത്ത് ആഫ്രിക്കന്‍ കൗണ്ടര്‍പാര്‍ട്ടായ എസ്.എ20യില്‍ പ്ലെയറിന്റെ റോളിലാണ് കാര്‍ത്തിക് എത്തുന്നത്. പാള്‍ റോയല്‍സിനൊപ്പമാണ് താരം കളത്തിലിറങ്ങുക.
ഇതോടെ മറ്റൊരു ചരിത്ര നേട്ടവും ഡി.കെയെ തേടിയെത്തി. എസ്.എ20 കളിക്കുന്ന ചരിത്രത്തിലെ ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടമാണ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സ്വന്തമാക്കിയിരിക്കുന്നത്.
കൃത്യ സമയത്ത് തന്നെയാണ് ദിനേഷ് കാര്‍ത്തിക് പാള്‍ റോയല്‍സിന്റെ പിങ്ക് ജേഴ്‌സിയിലെത്തുന്നത്. ടീമിലെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറും സ്റ്റാര്‍ ബാറ്ററുമായ ജോസ് ബട്‌ലര്‍ നാഷണല്‍ ഡ്യൂട്ടിയുടെ തിരക്കിലായതിനാല്‍ ടൂര്‍ണമെന്റിന്റെ അടുത്ത സീസണില്‍ കളിക്കില്ല എന്ന വ്യക്തമാക്കിയിരുന്നു. ബട്‌ലറിന്റെ വിടവ് നികത്താനുള്ള പെര്‍ഫെക്ട് ഓപ്ഷന്‍ കൂടിയാണ് ഡി.കെയിലൂടെ റോയല്‍സിന്റെ മുമ്പിലെത്തിയിരിക്കുന്നത്.
ഇതിനൊപ്പം എസ്.എ20യുടെ ബ്രാന്‍ഡ് അംബാസഡറായും കാര്‍ത്തിക് നിയമിതനായിരുന്നു.
എസ്.എ 20യുടെ ഉദ്ഘാടന സീസണായ 2023ല്‍ നാലാം സ്ഥാനത്താണ് പാള്‍ റോയല്‍സ് ഫിനിഷ് ചെയ്തത്. പത്ത് മത്സരത്തില്‍ നിന്നും നാല് വിജയത്തോടെ 19പോയിന്റ്. തൊട്ടടുത്ത സീസണില്‍ റോയല്‍സ് നില മെച്ചപ്പെടുത്തി, മൂന്നാം സ്ഥാനം. പത്ത് മത്സരത്തില്‍ നിന്നും അഞ്ച് ജയത്തോടെ 22 പോയിന്റാണ് ടീമിന് ലഭിച്ചത്.
രണ്ട് സീസണിലും നോക്ക് ഔട്ടിന് യോഗ്യത നേടിയെങ്കിലും ഒരിക്കല്‍ പോലും കിരീടമണിയാന്‍ ടീമിന് സാധിച്ചില്ല. എന്നാല്‍ പുതിയ സീസണില്‍ ഡി.കെ. ടീമിനൊപ്പം ചേരുമെന്നും റോയല്‍സിന് കിരീടം നേടാന്‍ സാധിക്കുമെന്നുമാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.
Content highlight: Dinesh Karthik to shine in various roles like coach, mentor, commentator and player.